9 സിനിമ പാളിപ്പോകാതെ ഒരു സസ്‌പെന്‍സ് ത്രില്ലര്‍
Film Review
9 സിനിമ പാളിപ്പോകാതെ ഒരു സസ്‌പെന്‍സ് ത്രില്ലര്‍
പി.പി ശോശു
Thursday, 7th February 2019, 9:03 pm

*****സിനിമ മുന്നോട്ട് പോകുംതോറും സൂപ്പര്‍നാച്ചുറല്‍ എന്നത് പതിയെ വിചിത്രമായ മാനസികവ്യാപാരങ്ങളിലേക്കും പെരുമാറ്റങ്ങളിലേക്കും ഗതിമാറുകയാണ്. സയന്‍സ് ഫിക്ഷന്‍ എന്ന എലമെന്റും കുറഞ്ഞ് കുറഞ്ഞില്ലാതാകുന്നു. തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ 9 എന്ന സിനിമയെ ശരാശരിക്ക് മുകളിലുള്ള സൈക്കോളജിക്കല്‍ സസ്‌പെന്‍സ് ഡ്രാമയെന്ന് വിളിക്കാനാണ് തോന്നുന്നത്.*****

മലയാള സിനിമ അധികം കൈകാര്യം ചെയ്തിട്ടില്ലാത്തതാണ് സയന്‍സ് ഫിക്ഷന്‍. ഇന്ത്യയിലാകെയും അതിരുകടന്ന നാടകീയത കൂട്ടിച്ചേര്‍ത്തല്ലാതെ സയന്‍സ് ഫിക്ഷനെന്ന പേരില്‍ സിനിമകള്‍ ഇറങ്ങിയത് വളരെ കുറവാണ്. വിശ്വസനീയമായ രീതിയില്‍ കഥ പറയുക എന്നതാണ് ഇത്തരം സിനിമകളില്‍ നിന്ന് ആദ്യം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

സൂപ്പര്‍നാച്ചുറല്‍ സയന്‍സ് ഫിക്ഷന്‍ ഡ്രാമ എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന സിനിമയാണ് 9 (നയന്‍). എന്നാല്‍ സിനിമ മുന്നോട്ട് പോകുംതോറും സൂപ്പര്‍നാച്ചുറല്‍ എന്നത് പതിയെ വിചിത്രമായ മാനസികവ്യാപാരങ്ങളിലേക്കും പെരുമാറ്റങ്ങളിലേക്കും ഗതിമാറുകയാണ്. സയന്‍സ് ഫിക്ഷന്‍ എന്ന എലമെന്റും കുറഞ്ഞ് കുറഞ്ഞില്ലാതാകുന്നു. അതിനാല്‍ തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ 9 എന്ന സിനിമയെ ശരാശരിക്ക് മുകളിലുള്ള സൈക്കോളജിക്കല്‍ സസ്‌പെന്‍സ് ഡ്രാമയെന്ന് വിളിക്കാനാണ് തോന്നുന്നത്.

Also Read കുമ്പളങ്ങിയിലെ രാത്രികള്‍ “ആണത്തം” എന്ന വട്ടിനുള്ള കൊട്ട്

ഭൂമിയിലേക്ക് കടന്നുവരുന്ന ഒരു ഉല്‍ക്ക സൃഷ്ടിക്കുന്ന വൈദ്യുതകാന്തികോര്‍ജ്ജം ഈ ലോകത്തെ സകല ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് പ്രവര്‍ത്തനങ്ങളേയും താറുമാറാക്കുന്നു. ആസ്‌ട്രോഫിസിസ്റ്റായ ആല്‍ബര്‍ട്ട് (പൃഥിരാജ്) ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട കൂടുതല്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ഹിമാലയത്തിലെത്തുകയാണ്. മകന്‍ ആഡം (അലോക്) കൂടെയുണ്ട്. ലോകം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അച്ഛനും മകനും,പിന്നെ, അവരുടെയിടയിലെ സ്‌നേഹവും അസ്വാരസ്യങ്ങളും ഒരു വഴിത്തിരിവിലെത്തുകയാണ്. പേടിയും അതിജീവനവും യാഥാര്‍ത്ഥ്യവും ഭ്രമങ്ങളും കുഴഞ്ഞുമറിയുന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ ഇറങ്ങിയ ഷൈനിംഗ് എന്ന സ്റ്റാന്‍ലി ക്യൂബറിക് ചലച്ചിത്രത്തിന് സമാനമാണ് നയനിന്റെ കഥാപരിസരം. ഏകാന്തതയും അന്തഃസംഘര്‍ഷങ്ങളും പതിയെ ഭീതി നിറയ്ക്കുന്ന സാഹചര്യങ്ങളിലേക്ക് വഴിമാറുന്നു. ജെനുസ് മുഹമ്മദിന്റെ എഴുത്തിലും സംവിധാനത്തിലും പ്രമേയത്തിന്റെ പുതിയ സാധ്യതകള്‍ തേടാനൊരു ശ്രമം നയന്‍ നടത്തുന്നുണ്ട്.

പ്രേക്ഷകരുടെ മുന്നിലേക്ക് വലിയ വിട്ടുവീഴ്ചകളൊന്നും ഇല്ലാത്ത സാങ്കേതികത്തികവോടെയാണ് നയന്‍ എത്തുന്നത്. നിലവാരം പുലര്‍ത്തുന്ന ദൃശ്യങ്ങളും വിഷ്വല്‍ എഫക്ടസും പ്രമേയത്തോട് കൂറുകാട്ടുന്നുമുണ്ട്. മാസങ്ങളോളം നീട്ടിവച്ച റിലീസിംഗും പോസ്റ്റ് പ്രൊഡക്ഷന്റെ മികവിന് സഹായിച്ചു എന്നുവേണം കരുതാന്‍. അതുകൊണ്ടുതന്നെ വലിയ സന്ദേഹങ്ങളില്ലാതെ ദൃശ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ നയനിന്റെ പ്രേക്ഷകര്‍ക്ക് സാധിച്ചേക്കും.

കുറേയേറെ ചോദ്യങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും ഉത്തരവുമായി രണ്ടാം പകുതി വരുമെന്ന പ്രതീക്ഷയിലാണ് 9ല്‍ ഇടവേളയെത്തുന്നത്. ഉദ്വേഗഭരിതമാകേണ്ട വഴിത്തിരിവുകളിലെദൃശ്യങ്ങളെ വിശ്വാസത്തിലെടുത്താലും ഉള്ളടക്കം സംശയങ്ങള്‍ ബാക്കിവച്ചുകൊണ്ടിരിക്കും. തിരക്കഥ രണ്ടാം പകുതിയോടെ അയഞ്ഞ മട്ടിലായി. നിരന്തരം ഉയരുന്ന ചോദ്യങ്ങളുടെ ഉത്തരം തേടലാണ് ശാസ്ത്രത്തിന്റെ വഴി,എന്നാല്‍ആ വഴിയില്‍ തപ്പിത്തടഞ്ഞുപോയാല്‍ ദൈവവും പ്രാര്‍ത്ഥനകളും ആചാരങ്ങളും കൈപിടിച്ചെണീപ്പിക്കും എന്ന വിചാരത്തിലേക്ക് രണ്ടാം പകുതിയോടെ ഈ “സയന്‍സ് ഫിക്ഷന്‍” സിനിമ വീഴാന്‍ ആയും. അതോടെ പല സംഭവഗതികള്‍ക്കും യുക്തിസഹമായ ഉത്തരം തേടല്‍ എന്ന പരിപാടി പ്രേക്ഷകര്‍ അവസാനിപ്പിച്ചേക്കും.

അതിനിടയില്‍ നയന്‍ പലവട്ടം നമ്മളെ ഓര്‍മിപ്പിക്കും, സിനിമയിലെ നായകന്‍ പൃഥ്വിരാജാണെന്ന്. കുടുംബത്തിലെ തകര്‍ച്ചകളും മരിച്ചവരുടെ ഓര്‍മകളും ആകെ ഉലച്ച നായകന്റെ ആ സ്ഥിരം പൃഥ്വിരാജ് മുഖമുണ്ടല്ലോ, അതിവിടെയും കാണാം. നിരവധി പൃഥ്വിരാജ് സിനിമകളിലെ സ്ഥിരം ചേരുവകളെല്ലാം ഇതിലുമുണ്ട്- ഏറ്റവും അടുത്ത ബന്ധുവിന്റെ വേര്‍പാടും തുടര്‍ന്നുള്ള ഏകാന്തതയും സ്വന്തം ജീവിതത്തോടുള്ള ഉദാസീനതയും കരിയറിലെ സാമര്‍ത്ഥ്യവും ഒടുവില്‍ പരിമിതികളെ തിരിച്ചറിയലും കുറ്റബോധവും പരിഹാരം കാണലും.

സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന മിക്ക പൃഥ്വികഥാപാത്രങ്ങളും ചെയ്യാറുള്ളതുപോലെ ഇവിടെയും നായകന്റെ മനസ്സ് അസ്വാഭാവികവഴികളിലൂടെ സഞ്ചരിക്കുന്നു. ഒടുവില്‍ നഷ്ടപ്പെട്ടതൊക്കെയും തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ സടകുടഞ്ഞ് എണീറ്റേ പറ്റു നായകന്.

ആഡം എന്ന കഥാപാത്രത്തെ അലോക് പാകതയോടെ കൈകാര്യം ചെയ്തു. വാമിഖ ഗാബിയും പ്രകാശ് രാജും ഹക്കയെന്ന വീട്ടുക്കാര്യക്കാരനായി എത്തിയ നടനും തരക്കേടില്ലാതെ കഥാപാത്രങ്ങളായി വന്നുമടങ്ങി.

ഭയവും നിഗൂഢതയും കൂട്ടാന്‍ ഇരുണ്ടപശ്ചാത്തലങ്ങളും രാത്രിയും തന്നെയാണ് നയനില്‍ നിറയുന്നത്. ഉള്ളിലെ തിന്മയുടേയും കൂടെ പ്രതീകമായ ദുസ്സൂചനകള്‍ക്കായി കറുപ്പുനിറത്തെയാണ് സിനിമയിലാകെ ആശ്രയിക്കുന്നതും. രാത്രികളും ഇരുട്ടും രസകരമായി പകര്‍ത്തിയ ഛായാഗ്രഹണവും ശബ്ദവിന്യാസവും എങ്ങും മുഴച്ചുനില്‍ക്കുന്നുമില്ല.

വൈകാരികമായും കലാപരമായും ഭാവുകത്വങ്ങളിലും പഴയ വീഞ്ഞുതന്നെയാണെങ്കിലും നമുക്ക് അത്ര പരിചിതമല്ലാത്ത പ്രമേയത്തിന്റേയും സാങ്കേതികതയുടേയും പുതിയ കുപ്പിയിലെത്തുമ്പോള്‍ നയന്‍ ശരാശരിയിലും മുകളിലുള്ള ചിത്രമാണ്.
DoolNews Video