എണ്‍പത്തഞ്ചുകാരന്റെ 70 തുന്നല്‍ വര്‍ഷങ്ങള്‍
അനുപമ മോഹന്‍

മലപ്പുറം വാണിയമ്പലത്ത് 70 വർഷത്തോളമായി ടൈലറിംഗ് നടത്തുന്ന ഒരാളാണ് കൃഷ്ണൻ. അപ്പുവേട്ടൻ എന്നാണ് ആ പ്രദേശത്തുകാർ അദ്ദേഹത്തെ വിളിക്കുന്നത്. 1950 ലാണ് അപ്പുവേട്ടൻ ആദ്യമായി തുന്നൽ പണി തുടങ്ങുന്നത്. ആദ്യകാലത്ത് മുസ്ലീം സ്ത്രീകൾക്കുള്ള മേൽക്കുപ്പായവും പുരുഷന്മാർക്കുള്ള അടിവസ്ത്രവുമായിരുന്നു അദ്ദേഹം തുന്നിയിരുന്നത്. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും തന്റെ തുന്നൽ ജോലി നിർത്താൻ അദ്ദേഹം തയ്യാറല്ല.

സ്കൂളിൽ പഠിക്കുന്ന സമയത്ത് ആറുരൂപ ഫീസടക്കാനില്ലാത്തത് കൊണ്ടായിരുന്നു അദ്ദേഹം പഠനം നിർത്തിയത്. അച്ഛനാണ് അപ്പുവേട്ടനെ ഈ ജോലിയിലേക്ക് പരിചയപ്പെടുത്തുന്നത്. പ്രായമായതിന്റെ അവശതകളിൽ തളരാതെ അദ്ദേഹമിപ്പോഴും വാണിയമ്പലത്തെ കുഞ്ഞുകടയിൽ ജോലി തുടരുകയാണ്. കാഴ്ച മങ്ങിയെങ്കിലും തുണി തയ്‌ക്കാൻ ആവശ്യമായ നൂൽ സൂചിയിൽ കോർക്കുന്നത് അപ്പുവേട്ടൻ തന്നെയാണ്. ടോർച്ചടിച്ച് വളരെ സൂക്ഷ്മതയോടെയാണ് അദ്ദേഹം ഈ വക കാര്യങ്ങൾ ചെയ്യുന്നത്.

അഞ്ചു മക്കളും ഭാര്യയും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. മക്കളൊക്കെ സാമ്പത്തികമായി ഉയർന്നെങ്കിലും അദ്ദേഹത്തിന് ഈ തയ്യൽകടയും തുന്നൽ മെഷീനും വിട്ട് ജോലിയിൽനിന്നും മാറിനിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കാനേ സാധിക്കില്ല.

85 വയസ്സായ, 70 കൊല്ലം ജോലി പരിചയമുള്ള അപ്പുവേട്ടനിപ്പോഴും കസ്റ്റമേഴ്‌സുണ്ട്. തുന്നൽ നിർത്താനോ വിശ്രമിക്കാനോ അദ്ദേഹം തയ്യാറല്ല.

Content Highlight: 85 years old Krishnan doing tailoring for last 70 years