കൊച്ചി: സേവ് ബോക്ക്‌സ് ആപ്പ് തട്ടിപ്പില്‍ നടന്‍ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. സേവ് ബോക്ക്‌സ് ലേലം ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ചോദ്യം ചെയ്യല്‍.
കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ജയസൂര്യ ആപ്പിന്റെ ബ്രാന്റ് അംബാസഡറായി പ്രവര്‍ത്തിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട കരാറുകള്‍ നിലനില്‍ക്കുന്നതായി ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. തട്ടിപ്പില്‍ ജയസൂര്യയ്ക്ക് പങ്കുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായാണ് ചോദ്യം ചെയ്യല്‍ എന്നാണ് വിവരം.
ഓണ്‍ലൈന്‍ ലേല ആപ്പ് ആയ സേവ് ബോക്ക്‌സിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടന്നതായി മുമ്പ് കണ്ടെത്തിയിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കേസില്‍ രണ്ടാം തവണയാണ് ജയസൂര്യയെ ചോദ്യം ചെയ്യുന്നത്.
സേവ് ബോക്ക്‌സ് സ്ഥാപന ഉടമയായ തൃശ്ശൂര്‍ സ്വദേശി സ്വാതിക്ക് റഹീമിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സേവ് ബോക്ക്‌സിന്റെ പേരില്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്ക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നതായിരുന്നു കമ്പനി വാഗ്ദാനം നല്‍കിയിരുന്നത്. ഈ ലേലത്തില്‍ പങ്കെടുക്കുന്നതിനായി സേവ് ബോക്ക്‌സ് നല്‍കുന്ന വെര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം.
സേവ് ബോക്ക്‌സിന്റെ ഫ്രാഞ്ചെയ്‌സികളും ഓഹരികളും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ഉടമ പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയത്. പഴയ ഐഫോണുകള്‍ പുതിയ കവറിലിട്ടുനല്‍കി ഇയാള്‍ സിനിമാ താരങ്ങളെ കബളിപ്പിച്ചതായും പരാതികളുണ്ടായിരുന്നു.
Content Highlight:Save Boxes app fraud case: ED questions actor Jayasurya.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.