ലഖ്നൗ: അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസില്‍ 25 ഓളം പേര്‍ ഉടന്‍ നിയമ നടപടി നേരിടേണ്ടി വരും. കേസില്‍ 150 ഓളം പേരെ കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സംശയിക്കുന്നുണ്ട്. ഇവരെ കഴിഞ്ഞ വാരം ചോദ്യം ചെയ്തിരുന്നു. ഇതില്‍ 25 ഓളം പേര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാവുമെന്നാണ് വിവരം.
രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളില്‍ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ തിരിമറി നടത്തിയെന്ന കേസാണ് എസ്.ഐ.ടി അന്വേഷിക്കുന്നത്. സംഭാവനകളില്‍ നിന്ന് പണവും സ്വര്‍ണം, വെള്ളി, രത്‌ന ആഭരണങ്ങളും ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ അടക്കമുള്ളവര്‍ തട്ടിയെടുത്തുവെന്നാണ് ആരോപണം.
കേസില്‍ കഴിഞ്ഞ ഒരാഴ്ചയോളമായി എസ്.ഐ.ടി സംഘം അയോധ്യയിലെത്തി അന്വേഷണം നടത്തിയിരുന്നു. തിങ്കളാഴ്ചയോടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് സമര്‍പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. കേസില്‍ സംശയിക്കപ്പെടുന്നവര്‍ അയോധ്യ വിട്ടുപോകരുതെന്ന് എസ്.ഐ.ടി നിര്‍ദേശമുണ്ട്.
200 കോടിയിലേറെ രൂപയുടെ പണവും ആഭരണവും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തട്ടിയെടുത്തതായാണ് വിവരം. ഫണ്ട് തട്ടിപ്പിന് പുറമെ അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട നിയമന നടപടികളും അന്വേഷണ പരിധിയിലുള്‍പ്പെടുത്തിയതായാണ് വിവരം. ഇത് സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ക്ഷേത്രത്തില്‍ ആകെ 1500ഓളം ജീവനക്കാരാനുള്ളത്. ഇതില്‍ 90 ശതമാനവും ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരാണ്. ട്രസ്റ്റ് ഭാരവാഹികളിലും ആര്‍.എസ്.എസുകാരാണ് കൂടുതല്‍. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസില്‍ എസ്.ഐ.ടിയുടെ നടപടിയുണ്ടാകുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചമ്പത് റായിയുടെ സഹായിയും ഡ്രൈവറുമായ രാം ശങ്കര്‍ യാദവ് എന്ന ടിന്നുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ക്ഷേത്രത്തിന് ലഭിച്ച സംഭാവനകള്‍ എണ്ണി തിട്ടപ്പെടുത്തിയ സംഘത്തില്‍ ടിന്നുവും ഉണ്ടായിരുന്നു. ക്ഷേത്രം ജീവനക്കാരന്‍ കൃഷ്ണദേവ് തിവാരിയും രാമവിഗ്രഹത്തില്‍ പൂജ നടത്തുന്ന നാല് പൂജാരിമാരും അടക്കമുള്ളവരെയും എസ്.ഐ.ടി കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിട്ടുണ്ട്.
അതേസമയം, രാമക്ഷേത്രത്തിന് ജ്വല്ലേഴ്സ് അസോസിയേഷന്‍ സംഭാവന നല്‍കിയ 60 കിലോ വെള്ളിക്കട്ടികള്‍ കൂടി ഇപ്പോള്‍ കാണാതായതായി എസ്.ഐ.ടിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഒന്നര കോടി രൂപ വിലമതിക്കുന്ന വെള്ളിക്കട്ടികളാണ് ക്ഷേത്രത്തില്‍ നിന്ന് കാണാതായിരിക്കുന്നത്. ഇത് ക്ഷേത്രത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോയതാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഈ വെള്ളിക്കട്ടികള്‍ എവിടെയാണെനന്ന് തങ്ങള്‍ക്കറിയില്ല എന്നാണ് ക്ഷേത്രം ട്രസ്റ്റിന്റെ പ്രതികരണം.
വെള്ളിക്കട്ടികള്‍ സംഭാവന നല്‍കിയതിന്റെ രേഖ തന്റെ പക്കലുണ്ടെന്ന് ജ്വല്ലേഴ്സ് അസോസിയേഷന്‍ ഭാരവാഹി അനുരാഗ് രസ്തോഗി വെളിപ്പെടുത്തി. എന്നാല്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകളിലോ പൂജകളിലോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായോ ഈ വെള്ളിക്കട്ടികള്‍ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചമ്പത്ത് രാജിന് പുറമെ ട്രസ്റ്റി ഡോ. അനില്‍ മിശ്ര, രാമക്ഷേത്ര നിര്‍മാണ ചുമതല വഹിച്ച ഗോപാല്‍ റാവു എന്നിവരടക്കമുള്ള ഉന്നതര്‍ക്കെതിരെയും കേസില്‍ നടപടിയുണ്ടാവും. എന്നാല്‍ എന്ത് നടപടിയാവും ഇവര്‍ക്കെതിരെ സ്വീകരിക്കുകയെന്ന് വ്യക്തമല്ല.
ചമ്പത്ത് രാജും അനില്‍ മിശ്രയും ഗോപാല്‍ റാവുവും അടക്കമുള്ളവരെ വെള്ളിയാഴ്ച എസ്.ഐ.ടി സംഘം ചോദ്യം ചെയ്തിരുന്നു. ആറ് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഗോപാല്‍ റാവുവിന്റെ മരുമകന്‍ സോമേഷ് ആനന്ദിനെ പ്രത്യേക അന്വേഷണം ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഒളിവില്‍ പോയിരുന്നു.
ചമ്പത്ത് രാജിന്റെ സഹായി ടിന്നുവാണ് കേസിലെ മുഖ്യ പ്രതികളിലൊരാള്‍. ഇയാള്‍ക്കൊപ്പം സംഭാവനങ്ങള്‍ എണ്ണി തിട്ടപ്പെടുത്താനുള്ള ചുമതലയുണ്ടായിരുന്ന ലവകുശ് മിശ്ര, അനുകല്‍പ് മിശ്ര, അവനീഷ്, കരുണേ എന്നിവരും മുഖ്യ പ്രതികളാണ്. ഇവരില്‍ നിന്ന് ലഭിച്ച വിവരം പ്രകാരം എസ്.ഐ.ടി രണ്ട് കോടി രൂപ കണ്ടെടുത്തിരുന്നു. ടിന്നു യാദവിന്റെ വീട്ടില്‍ നിന്ന് ഏതാനും ദിവസം മുമ്പ് സ്വര്‍ണവും കണ്ടെത്തിയിരുന്നു.
രാമ ക്ഷേത്രത്തില്‍ നിന്ന് അഞ്ച് കോടിക്കും ഏഴര കോടിക്കും ഇടയിലുള്ള പണം മോഷണം പോയെന്ന യു.പി മുന്‍ മന്ത്രി പവന്‍ പാണ്ഡേയുടെ ആരോപണത്തെത്തുടര്‍ന്നാണ് സംഭാവന തിരിമറി സംബന്ധിച്ച ചര്‍ച്ചകളുയര്‍ന്നത്. പിന്നീട് ഈ വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യു.പി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അഖിലേഷ് ചോദിച്ചിരുന്നു.
ഈ മാസം ഏഴിനായിരുന്നു ക്ഷേത്രത്തിലെ തിരിമറികളെക്കുറിച്ച് പവന്‍ പാണ്ഡേ ആരോപണങ്ങളുന്നയിച്ചത്. ഇതിന് പിന്നാലെ ജൂണ്‍ ഒമ്പതിന് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഡോ. രജനീഷ് സിങ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിരുന്നു. കത്ത് ലഭിച്ച ശേഷം രാമ ജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
ഫണ്ട് തിരിമറി ആരോപണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് നിഷേധിച്ചിരുന്നു. വി.എച്ച്.പിയും ഈ ആരോപണങ്ങള്‍ തെറ്റാണെന്ന നിലപാട് സ്വീകരിച്ചു. ക്ഷേത്രത്തിനെതിരായ ആരോപണങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നും അവയൊന്നും തെളിയിക്കാനായില്ലെന്നുമായിരുന്നു വി.എച്ച്.പി നേതാവ് സുരേന്ദ്ര ജയിന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ തുടര്‍ന്നു നടന്ന അന്വേഷണങ്ങളിലും ക്ഷേത്രത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സംഭാവനകളില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയായിരുന്നു.
Content Highlight: 60 Kilo Silver Disappeared From Ram temple; SIT Suspects 150 people related to trust in Fund Theft