| Sunday, 16th March 2025, 2:51 pm

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ തീപിടിത്തം; 51 മരണം, 100ഓളം പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌കോപിയെ: വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു.

പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.

പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Content Highlight: 51 dead, dozens injured in nightclub fire in North Macedonia

We use cookies to give you the best possible experience. Learn more