വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വ്യാപാരം നടത്തുന്ന ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് മേല്‍ 500 % താരിഫ് വര്‍ദ്ധിപ്പിക്കുന്ന ബില്ലിന് ട്രംപ് പച്ചക്കൊടി കാണിച്ചതായി റിപ്പോര്‍ട്ട്.
ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ മോസ്‌ക്കോയുടെ വ്യാപാര പങ്കാളികള്‍ക്ക് മേലുള്ള പ്രതികാര നടപടിയായാണ് ബില്‍ അവതരിപ്പിക്കുന്നത്. റഷ്യ ഉഭയകക്ഷി ഉപരോധ ബില്ലിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്ന് പ്രമുഖ പ്രതിരോധ വിദഗ്ധനും റിപ്പബ്ലിക്കന്‍ സെനറ്ററുമായ ലിന്റെ ഗ്രഹാം പറഞ്ഞു.
മോസ്‌ക്കോയെ സാമ്പത്തികമായി തളര്‍ത്താന്‍ ഉദ്ദേശിച്ച് കൊണ്ടുള്ള ഗ്രഹാം- ബ്ലൂമെന്റെല്‍ ബില്ല് പാസാവുന്നതിലൂടെ റഷ്യന്‍ എണ്ണയോ യുറേനിയമോ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500% താരിഫ് ഉയര്‍ത്താന്‍ യു.എസ് പ്രസിഡന്റിന് അധികാരം ലഭിക്കും.
ബുധനാഴ്ച്ച വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും മാസങ്ങളായി ചര്‍ച്ചയിലായിരുന്ന ബില്ലിന് അദ്ദേഹം അനുമതി നല്‍കിയെന്നും ഗ്രഹാം പറഞ്ഞു. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ഇത് സ്ഥിരീകരിച്ചതായി അസോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
‘സമാധാനത്തിനായി ഉക്രൈന്‍ വിട്ടുവീഴ്ച്ച ചെയ്യുകയും പുടിന്‍ നിരപരാധികളെ കൊല്ലുന്നത് തുടരുകയും ചെയ്യുന്നതിനാല്‍ ഇത് സമയ ബന്ധിതമായിരിക്കും’ ഗ്രഹാം പ്രസ്താവനയില്‍ പറഞ്ഞു.
അടുത്തയാഴ്ച്ച തന്നെ വോട്ടെപ്പ് നടത്താനാണ് തീരുമാനമെന്നും എന്നാല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ദിനത്തോടനുബന്ധിച്ച് സെനറ്റ് അവധിയായതിനാല്‍ ബില്ല് പാസാക്കുന്നത് വൈകിയേക്കാമെന്നും ഗ്രഹാം പറഞ്ഞു.
റഷ്യയുടെ എണ്ണ യുറേനിയം മറ്റ് കയറ്റുമതികള്‍ എന്നിവ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം വരെ താരിഫുകളും ദ്വിതീയ ഉപരോധങ്ങളും ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തെ അനുവദിക്കുന്നതാണ് ഗ്രഹാമും ഡെമൊക്രാറ്റിക്ക് സെനറ്റര്‍ ബ്ലൂമെന്റലും ചേര്‍ന്ന് തയ്യാറാക്കിയ ബില്ല്
റഷ്യയുടെ സൈനിക നടപടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഉറവിടങ്ങള്‍ ഇല്ലാതാക്കുകയെന്നതാണ് ബില്ലിന്റെ ലക്ഷ്യം.
ഉപരോധ പാക്കേജില്‍ ട്രംപിന് ചില പരിഷ്‌ക്കാരങ്ങള്‍ നല്‍കണമെന്ന് വൈറ്റ് ഹൗസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.
ഉക്രൈയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന് അന്തിമ രൂപം നല്‍കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ പുരോഗമിക്കവെയാണ് നടപടി.
യു.എസ് നേരത്തെ ഇന്ത്യന്‍ വസ്തുക്കള്‍ക്ക് മേല്‍ 100% ഇറക്കുമതി താരിഫ് വര്‍ദ്ധിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Content Highlight: 500 percent tariff on buying Russian oil; New move against India; Trump greenlights bill
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.