മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജീവനൊടുക്കിയത് 5000 കർഷകരെന്ന് റിപ്പോർട്ട്. ഡിവിഷൻ കമ്മീഷണറുടെ ഓഫീസ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ആത്മഹത്യാ കണക്കുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.
2021 മുതൽ ഇന്നുവരെ ആകെ 5,075 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വെള്ളപ്പൊക്കം, അമിത മഴ, വിളനാശം ഉൾപ്പെടെയുള്ള തിരിച്ചടികൾ മൂലമാണ് കർഷകർ ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകൾ. 2025 ൽ മാത്രം 1,129 ആത്മഹത്യയാണ് രേഖപ്പെടുത്തിയത്.
മറാത്ത്‌വാഡ ഡിവിഷനിൽ ഛത്രപതി സംഭാജിനഗർ, ജൽന, പർഭാനി, നന്ദേഡ്, ബീഡ്, ധാരാശിവ്, ഹിംഗോളി, ലാത്തൂർ എന്നീ ജില്ലകളും ഇതിൽ ഉൾപ്പെടുന്നു.
2021- 887, 2022- 1,023, 2023- 1,088, 2024- 948, 2025- 1,129 എന്നിങ്ങനെയാണ് അഞ്ച് വർഷത്തെ കണക്കുകൾ. 2025 ൽ ബീഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നിട്ടുള്ളതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 256 മരണങ്ങളാണ് ബീഡ് ജില്ലയിൽ രേഖപ്പെടുത്തിയത്.
പരുത്തി, കരിമ്പ് തുടങ്ങിയ നാണ്യവിളകൾ കൃഷി ചെയ്യുന്നവർക്കിടയിലാണ് മരണസംഖ്യ കൂടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ മറാത്ത്‌വാഡയുടെ ചില ഭാഗങ്ങളിൽ കാലം തെറ്റിയ മഴ ലഭിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക പ്രവർത്തനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. 125 മുതൽ 150 ശതമാനം വരെ അധിക മഴ ലഭിച്ചിരുന്നെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Content Highlight: 5,000 farmers committed suicide in Marathwada in last five years