വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനെ അര്‍ത്ഥവത്താക്കിക്കൊണ്ട് കഴിഞ്ഞയാഴ്ച തിയേറ്ററുകളിലേക്കെത്തിയ ചിത്രമായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 2. ദി റിയല്‍ സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനൊപ്പം മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിദ്യാ ബാലന്‍, എസ്.ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് ഒപ്പം ബോളിവുഡ് ഭീമന്‍ ഹൃത്വിക് റോഷന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയതോടെ വമ്പന്‍ ഓപ്പണിങ്ങായിരുന്നു ജയിലര്‍ 2വിന് ലഭിച്ചത്.

ജയിലര്‍ 2. Photo: District
ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ആദ്യഭാഗം പോലെ തന്നെ തിയേറ്ററില്‍ ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നെല്‍സണ്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. പ്രീ സെയിലിലൂടെ തന്നെ വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. 130 കോടിയോളം ഓപ്പണിങ് ദിനത്തില്‍ സ്വന്തമാക്കിയ ചിത്രം നാല് ദിവസത്തിനുള്ളില്‍ നേടിയ കളക്ഷനാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം.
റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ ചിത്രം ആഗോളതലത്തില്‍ 400 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദേശത്ത് നിന്നും ചിത്രം ഇതിനോടകം നേടിയിരിക്കുന്നത് 183 കോടി രൂപയോളമാണ്. ലോക്കല്‍ ബോക്‌സ് ഓഫീസായ തമിഴ്‌നാട്ടില്‍ നിന്നും ജയിലര്‍ 2വിന് 80 കോടി ലഭിച്ചപ്പോള്‍ ആന്ധ്രപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നും 43 കോടിയും ചിത്രം നേടിയിട്ടുണ്ട്. അതേസമയം കേരള ബോക്‌സ് ഓഫീസില്‍ ചിത്രം വമ്പന്‍ കുതിപ്പാണ് നടത്തുന്നത്. 40 കോടിയാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കന്നട സൂപ്പര്‍താരം ശിവരാജ് കുമാര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം കര്‍ണാടകയില്‍ നിന്നും 39 കോടി നേടിയപ്പോള്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്നൊട്ടാതെ സ്വന്തമാക്കിയിരിക്കുന്നത് 22 കോടിയാണ്. ഇതോടെ ജയിലര്‍ 2ന്റെ നാല് ദിവസത്തെ ആകെ കളക്ഷന്‍ 407 കോടിയിലെത്തി നില്‍ക്കുകയാണെന്ന് കാണാം.

ജയിലര്‍ 2. Photo: District
പൂജാ ഹോളിഡേയ്‌സ് അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുള്ള സാഹചര്യത്തില്‍ തമിഴിലെ പല റെക്കോര്‍ഡുകളും ജയിലര്‍ 2 തകര്‍ക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. രജിനിയുടെ തന്നെ 2.0യുടെ പേരിലുള്ള ഒരു തമിഴ് സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ കളക്ഷന്‍, വിജയ് ചിത്രം ലിയോയുടെ പേരിലുള്ള ഇന്‍ഡസ്ട്രി ഹിറ്റ് തുടങ്ങിയവയാണ് ഇവയില്‍ ചിലത്.
Content Highlight: 4th day collection report of Jailer 2 movie
