നടത്തുമെന്ന് പാകിസ്ഥാന്‍, ആ വഴിക്ക് വരില്ലെന്ന് ഇന്ത്യ; ഏഷ്യാ കപ്പില്‍ തര്‍ക്കമൊഴിയുന്നില്ല | D Sports
സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം സെപ്റ്റംബറില്‍ പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനുമായ ജയ് ഷാ പ്രഖ്യാപിച്ചതോടെയാണ് വേദിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം ആരംഭിച്ചത്.

ഫെബ്രുവരി നാലിന് ബഹ്‌റൈനില്‍ നടന്ന എ.സി.സി യോഗത്തിനിടെ ജയ് ഷായും പി.സി.ബി പ്രസിഡന്റ് നജാം സേഥിയും കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനങ്ങളൊന്നുമായില്ല. യോഗത്തില്‍ ജയ് ഷാ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ച് അറിയിക്കുകയായിരുന്നു.

ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്നും ടൂര്‍ണമെന്റ് നിഷ്പക്ഷ വേദിയില്‍ നടക്കുമെന്നും ജയ് ഷാ വ്യക്തമാക്കിയതോടെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് ആശങ്കകള്‍ പെരുകുന്നത്.

ഇന്ത്യ പാകിസ്ഥാനിലേക്ക് എത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി പിന്നാലെ പാക് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. എന്നാല്‍ നാളുകള്‍ പിന്നിട്ടിട്ടും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം ഒത്തുതീര്‍പ്പാകാത്തത് ക്രിക്കറ്റ് ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

2022 നവംബറില്‍ നടന്ന ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ മീറ്റിങ്ങിലാണ് പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കേണ്ടെന്ന തീരുമാനത്തിലേക്ക് ബി.സി.സി.ഐ എത്തുന്നത്.

2008ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്. ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലായിരുന്നു ഇന്ത്യ പങ്കെടുത്തത്. 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബസിന് നേരെ ലാഹോറില്‍ ആക്രമണം നടന്ന ശേഷം രാജ്യാന്തര ടീമുകളൊന്നും പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നില്ല. വിദേശ ടീമുകള്‍ പാകിസ്ഥാനിലേക്ക് തിരിച്ചെത്തി തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായിട്ടേയുള്ളൂ. സമീപകാലത്ത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ പാകിസ്ഥാനിലെത്തി പരമ്പര കളിച്ചിരുന്നു.

2012-13 സീസണിലാണ് പാകിസ്ഥാന്‍ അവസാനമായി ഇന്ത്യയിലെത്തിയത്. ഇന്ത്യക്കെതിരെ മൂന്ന് ഏകദിനവും രണ്ട് ടി-20 മത്സരങ്ങളും പാകിസ്ഥാന്‍ കളിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ 2013ന് ശേഷം പരമ്പരകള്‍ നടന്നിട്ടില്ല. 2016 ടി-20 ലോകകപ്പിലാണ് പാകിസ്ഥാന്‍ അവസാനമായി ഇന്ത്യയില്‍ കളിച്ചത്. നിലവില്‍ ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കളിക്കുന്നത്.

ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, 2023ലെ ഏഷ്യാ കപ്പ് യു.എ.ജയിലാണ് നടക്കുക. ടൂര്‍ണമെന്റിന്റെ ആതിഥേയാവകാശം പാകിസ്ഥാന്‍ നിലനിര്‍ത്തുമെങ്കിലും മത്സരം നിഷ്പക്ഷ വേദിയിലായിരിക്കും നടക്കുക. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഇന്ത്യക്കും ശ്രീലങ്കക്കും ഉണ്ടായിരുന്നിട്ടും 2018, 2022 പതിപ്പുകളും യു.എ.ഇയില്‍ നടന്നിരുന്നു.

2023 ഏഷ്യാ കപ്പ് 50 ഓവര്‍ ഫോര്‍മാറ്റില്‍ കളിക്കും. ക്രിക്കറ്റ് ലോകകപ്പിന് ഒരു മാസം മുമ്പ് സെപ്റ്റംബറില്‍ നടക്കാന്‍ സാധ്യതയുണ്ട്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കും പാകിസ്ഥാന്‍ ആണ് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍, ഇന്ത്യ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചാല്‍ ടൂര്‍ണമെന്റ് മാറ്റേണ്ടിവരും.

Content Highlights: Asia Cup 2023 likely to move out of Pakistan, final decision from ACC in March