'കരിയര്‍ അവസാനിപ്പിക്കണമെന്ന ചിന്ത ഇതുവരെയുണ്ടായിട്ടില്ല'; 41ലും തിളങ്ങി സ്ലാറ്റന്‍ ഇബ്രാഹിമോവിച്
Football
'കരിയര്‍ അവസാനിപ്പിക്കണമെന്ന ചിന്ത ഇതുവരെയുണ്ടായിട്ടില്ല'; 41ലും തിളങ്ങി സ്ലാറ്റന്‍ ഇബ്രാഹിമോവിച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd March 2023, 12:27 pm

യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്വീഡന്‍ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി സൂപ്പര്‍താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്. തന്റെ 41ാം വയസിലും യുവത്വം കാത്തുസൂക്ഷിച്ച് ഫുട്‌ബോളില്‍ ചരിത്രം കുറിക്കാനിറങ്ങിയിരിക്കുകയാണ് താരം. പരിക്കിനെ തുടര്‍ന്ന് എട്ട് മാസത്തെ വിശ്രമത്തിന് ശേഷമാണ് താരത്തിന്റെ തിരിച്ചുവരവ്.

കരിയര്‍ അവസാനിപ്പിക്കണമെന്ന് തോന്നുന്ന സാഹചര്യത്തിലേക്ക് താനിതുവരെ എത്തിയിട്ടില്ലെന്നും പ്രതീക്ഷയോടെ തന്നെ താന്‍ ഫുട്‌ബോളില്‍ തുടരുമെന്നും ഇബ്രാഹിമോവിച് പറഞ്ഞു. കോച്ച് എന്നെ തെരഞ്ഞെടുക്കുകയും തനിക്ക് മത്സരിക്കാനുള്ള ആരോഗ്യവുമുണ്ടെങ്കില്‍ ഞാന്‍ ടീമിനൊപ്പം കളിക്കുകയും രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വീഡനിലെ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘കളി നിര്‍ത്തണമെന്ന അവസ്ഥയിലേക്ക് ഞാന്‍ എത്തിയിട്ടില്ല. യൂറോ കപ്പിന്റെ യോഗ്യതാ മത്സരങ്ങളിലേക്കുള്ള സ്‌ക്വാഡില്‍ കോച്ച് എന്നെ തെരഞ്ഞെടുക്കുകയാണെങ്കില്‍, എന്റെ ആരോഗ്യവും നല്ലതാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ടീമിനെ സഹായിക്കാനുണ്ടാകും. എന്റെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം ഞാന്‍ പുറത്തെടുക്കും.

എനിക്ക് തോന്നുന്നു ഇപ്പോള്‍ ഞാന്‍ ഭാവിയെപ്പറ്റി ആലോചിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന്. നമ്മളെപ്പോഴും വര്‍ത്തമാന കാലത്തില്‍ ജീവിക്കണം. എനിക്കറിയാം ഈ പ്രായത്തില്‍ ഞാന്‍ എന്തുചെയ്യുമെന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെന്ന്. ഞാനെന്തൊരു മണ്ടനാണെന്ന്. എനിക്ക് പറയാനുള്ളത് അവസാനം വരെ നിങ്ങള്‍ കാത്തിരിക്കുക എന്നാണ്. അപ്പോല്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാകും,’ ഇബ്രാഹിമോവിച് പറഞ്ഞു.

അന്താരാഷ്ട്ര കരിയറില്‍ 121 മത്സരങ്ങളില്‍ നിന്ന് 62 ഗോളുകള്‍ അക്കൗണ്ടിലാക്കിയ താരം സ്വീഡന്റെ ടോപ് സകോററാണ്. കഴിഞ്ഞ ആഴ്ച ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളിലെ പ്രായം കൂടിയ ഗോള്‍ സ്‌കോററിനുള്ള റെക്കോഡ് ഇബ്രാഹിമോവിച് സ്വന്തമാക്കിയിരുന്നു.

Content Highlights: 41 years old Zlatan Ibrahimovic is called up for Sweden’s Euro 2024 qualifiers