റായ്പൂര്‍: ഛത്തീസ്ഗഡിലെ കോര്‍ബ ടൗണില്‍ 40 വര്‍ഷത്തെ പഴക്കമുളളതും 70 അടി നീളമുള്ളതുമായ ഇരുമ്പുപാലം മോഷണം പോയി.
ഞായറാഴ്ച്ച പുലര്‍ച്ചയോടെയാണ് സംഭവം. ജനുവരി 16 വരെ പ്രദേശവാസികള്‍ സഞ്ചരിച്ച പാലം പിറ്റേന്ന് കാണാതാവുകയായിരുന്നു. വാര്‍ഡ് 17 ലെ പ്രദേശവാസികള്‍ 40 വര്‍ഷമായി കാല്‍നടയ്ക്ക് ഉപയോഗിക്കുന്ന പാലമാണിത്.
പ്രദേശവാസികള്‍ കൗണ്‍സിലറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
കൗണ്‍സിലറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണമാണെന്ന് വ്യക്തമാവുകയായിരുന്നു.
15 പേരടങ്ങുന്ന സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പാലം മുറിച്ചെടുത്ത് ചെറുകഷണങ്ങളാക്കി കടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
15 പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തു.
പ്രദേശവാസികളായ ലോചന്‍ കെവത്, ജയ്‌സിങ് രജ്പുത്, മോത്തി പ്രജാപതി, സുമിത് സാഹു, കേശവ്പുരി ഗോസ്വാമി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നിലവില്‍ ഒളിവിലുള്ള ബാക്കി പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഇരുമ്പ് വില്‍ക്കാനാണ് പാലം മോഷ്ടിച്ചതെന്ന് അറസ്റ്റിലായ പ്രതി സമ്മതിച്ചതായും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീ സ് കൂട്ടിച്ചേര്‍ത്തു.
മോഷ്ടിച്ച് കനാലില്‍ സൂക്ഷിച്ച ഏഴ് ടണ്‍ ഇരുമ്പും മോഷ്ടിച്ച വസ്തുക്കള്‍ കൊണ്ട് പോവാന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തതായി ചൗക്കി പൊലീസ് ഇന്‍ ചാര്‍ജ് ഭീംസെന്‍ യാദവ് പറഞ്ഞു.
ബാക്കി ഇരുമ്പ് എവിടെയാണെന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ആക്രി കച്ചവട സ്ഥാപനങ്ങളും പരിശോധിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
മോഷ്ടിച്ച് കൊണ്ട് പോവുന്നതിനിടെ വീണ് പോയ പാലത്തിന്റെ ചില കഷ്ണങ്ങള്‍ സംഭവ സ്ഥലത്ത് നിന്നുതന്നെ കണ്ടെത്തിയിരുന്നു.
കൗണ്‍സിലര്‍ ലക്ഷ്മണ്‍ ശ്രീവാസാണ് കളക്ടര്‍ കുനാവല്‍ ദുദാവന്ദ്, എസ്.പി സിദ്ധാര്‍ത്ഥ് തീവാരി എന്നിവര്‍ക്ക് പരാതി നല്‍കിയത്.
Content Highlight: 40-year-old bridge stolen and sold; 5 arrested in Chhattisgarh