വിവര്‍ത്തനം: നസീറ നീലോത്ത്
കോവിഡ് 19 പകര്‍ച്ചവ്യാധി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ ആരോഗ്യ അടിയന്താരവസ്ഥയാണ്. മറ്റ് അടിയന്തിര സാഹചര്യങ്ങളിലെന്ന പോലെ, സാര്‍സ് കോവിഡ്-2 (SARS-COV-2) വൈറസിനെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ശ്രദ്ധയോടെ വീക്ഷിക്കുകയാണ് മാധ്യമപ്രവര്‍ത്തകരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും. ഇത്തരം ശ്രമങ്ങള്‍ പര്യാപ്തമാണോ എന്നു തിട്ടപ്പെടുത്താന്‍ ഈ വിവരങ്ങള്‍ ഇവരെ സഹായിക്കുന്നുണ്ട്.
അതേപോലെ തന്നെ അവിദഗ്ദരായ ജനങ്ങളെ (കോവിഡുമായി ബന്ധപ്പെട്ട്) സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്റെ യോജിച്ചതും നന്നായി ചിന്തിച്ചെടുത്തതുമായ ഒരു പദ്ധതി വിഷയത്തില്‍ തയ്യാറാക്കിയെന്ന ആത്മവിശ്വാസം നല്കാന് ഇത് സഹായിക്കുന്നുമുണ്ട്. അതോടൊപ്പം തന്നെ സാമൂഹിക അകലം പോലുള്ള ഇടപെടലുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാനും ഇത് പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്ന് ഇന്ത്യയുടെ കോവിഡ്-19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മൂന്ന് കേന്ദ്ര ആരോഗ്യ ഏജന്‍സികളുടെ, ആരോഗ്യ മന്ത്രാലയം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ICMR), നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (NCDC) എന്നിവയുടെ ആശയവിനിമയങ്ങളില്‍ പലകുറി തെറ്റുവരികയും സുതാര്യതക്കുറവ് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങളായി, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍, അവരുമായി ബന്ധപ്പെട്ട എന്റെ അനുഭവത്തില്‍ നിന്നും ചിലത് പറയാം.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്ച്ചിന്റേയോ ആരോഗ്യമന്ത്രാലയത്തിന്റേയോ പ്രസ് കോണ്‍ഫറന്‍സുകളില്‍ നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയാത്ത, ഡല്‍ഹിക്ക് പുറത്തുള്ള, പ്രത്യേകിച്ചും ഇത്തരം ഏജന്‍സികളിലെ ഉദ്യോഗസ്ഥരോട് നേരിട്ട് ബന്ധമില്ലാത്ത മറ്റു റിപ്പോര്‍ട്ടര്‍മാരുടേത് പോലെ തന്നെയാണ് എന്റേയും അനുഭവങ്ങള്‍. ഇതൊരു അനുയോജ്യമായ പ്രവണതയല്ല. കാരണം വ്യക്തമായ ആശയവിനിമയം കൂടാതെ പൊതുജനാരോഗ്യ പരിശീലനം സാധ്യമല്ല.
ഉദാഹരണം1: സാമൂഹ്യവ്യാപനത്തെ ഇന്ത്യ എങ്ങനെ പരിശോധിക്കും എന്നതിലെ അവ്യക്തത
മാര്‍ച്ച് 19 വരെ ഇന്ത്യയില്‍ സാമൂഹ്യവ്യാപനം നടന്നതിന് തെളിവുകളില്ലെന്ന നിലപാടിലാണ് ഐ.സി.എം.ആര് നിലകൊള്ളുന്നത്. എന്നാല്‍ കാലങ്ങളായി പൊതുജനാരോഗ്യ വിദഗ്ദര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്, ‘നിങ്ങള്‍ നോക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല’ എന്നാണ്. കോവിഡ്-19 കേസുകള്‍ ഐ.സി.എം.ആര് മതിയായ രീതിയില്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങളുണ്ട്.
മാര്‍ച്ച് 17ലെ പത്രസമ്മേളനത്തിന്റേയും രേഖകളുടെയും അടിസ്ഥാനത്തില്‍ ഐ.സി.എം.ആറിന്റെ പ്രതിരോധ തന്ത്രങ്ങള്‍ രണ്ട് ഭാഗങ്ങളായിട്ടാണെന്ന് കാണാം. ആദ്യഭാഗം ബാധകമാകുന്നത് ഉയര്‍ന്ന അപകട സാധ്യതയുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ ചരിത്രമുള്ള ആളുകള്‍ക്കാണ്. ഈ ആളുകള്‍ക്ക് ആദ്യം സമ്പര്‍ക്കവിലക്ക് (ഏകാന്തവാസം, Quarantine) ഏര്‍പ്പെടുത്തുകയും അവരില്‍ രോഗലക്ഷണങ്ങള്‍ വികസിക്കുകയാണെങ്കില്‍ അവരുടെ തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവങ്ങള്‍ ഐ.സി.എം.ആറിന്റെ വൈറസ് റിസര്‍ച്ച് ഡയഗ്നോസ്റ്റിക് ലബോറട്ടറികളുടെ (VRDL) ശൃംഖലകളിലേതിലെങ്കിലും കോവിഡ്-19ന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി അയക്കുകയാണ്.
അതോടൊപ്പം തന്നെ രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും ഏകാന്തവാസത്തിലാക്കും (Quarantined). ഇവരില്‍ ഏതെങ്കിലും ആളുകള്‍ രോഗലക്ഷണങ്ങള്‍ വികസിപ്പിച്ചു തുടങ്ങുകയാണെങ്കില്‍ അവരുടെ സ്രവങ്ങളും വിആര്ഡിഎല്ലുകള്ക്ക് പരിശോധനകള്‍ക്കായി അയക്കും. ഈ മാനദണ്ഡങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന ആളുകളെ കോവിഡ്-19നായി ടെസ്റ്റ് ചെയ്യേണ്ടതില്ല.
രണ്ടാംഭാഗത്തില്‍, സാമൂഹ്യവ്യാപനത്തിലൂടെ അഥവാ മേല്പറഞ്ഞ രീതിയിലുള്ള യാത്രാചരിത്രമോ യാത്രാചരിത്രമുള്ള ആളുകളുമായി സമ്പര്‍ക്കമോ ഇല്ലാത്ത ആളുകള്‍ ഉള്‍പ്പെടുന്നതാണ്.

ഈ വിഭാഗത്തിലെ സാര്‍സ്-കോവിഡ്-2 വ്യാപനം കണ്ടെത്തുന്നതിന്, കഠിനമായ ശ്വാസകോശ അണുബാധയുള്ള (severe acute respiratory infections- SARI) രോഗികളില്‍ നിന്ന് ആഴ്ചയില്‍ 20 സാമ്പിളുകള്‍ ടെസ്റ്റ് ചെയ്യാന്‍ പറ്റുന്ന 51 വിആര്‍ഡിഎല്‍ ലാബുകള്‍ തുടങ്ങിയിട്ടുണ്ട് (1020 സാമ്പിളുകള്‍ പരിശോധിക്കണമെന്ന ലക്ഷ്യത്തില്‍).
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ 10 ദിവസത്തിനുള്ളില്‍ ഒരു രോഗിക്ക് പനിയും ചുമയും ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സന്ദര്‍ഭങ്ങളെ സൂചിപ്പിക്കുന്ന പദമാണ് SARI (severe acute respiratory infections). SARI യുടെ മറ്റ് കാരണങ്ങളില്‍ നെഗറ്റീവ ് പരിശോധനാഫലം ഉള്ള രോഗികളെയാണ് ഇത്തരത്തില്‍ പരിശോധനയ്ക്കായി തിരഞ്ഞെടുക്കുകയെന്ന് മാര്‍ച്ച് 17ന് നടന്ന പത്രസമ്മേളനത്തില്‍ ഐസിഎംആര്‍ ശാസ്ത്രജ്ഞന് നിവേദിത ഗുപ്ത പ്രഖ്യാപിച്ചത്.
ഇത്തരത്തില്‍ 500 സാമ്പിളുകളില്‍ ഐസിഎംആര്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ഫലമായിരുന്നു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുപ്തയും സഹപ്രവര്‍ത്തകരും പറയുന്നത് ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യവ്യാപനത്തിന്റെ ഇടമായിരുന്നില്ലെന്നാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇന്ത്യയിലെ കോവിഡ്-19 കേസുകള്‍ അടുത്തിടെ ഇറ്റലി, യുഎഇ പോലുള്ള രാജ്യങ്ങളില്‍ (ഉയര്‍ന്ന അപകട സാധ്യത ഉള്ളതായി കണക്കാക്കുന്ന) യാത്ര നടത്തിയവരില്‍ മാത്രം പരിമിതപ്പെടുമെന്നാണ് ഐ.സി.എം.ആര് വിശ്വസിക്കുന്നത്. മാര്‍ച്ച് 19ന് രാവിലെ, 326 ടെസ്റ്റുകള്‍ കൂടി നടത്തിയതില്‍ എല്ലാം നെഗറ്റീവ് ആണെന്ന് ഐ.സി.എം.ആര് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സാമൂഹ്യ വ്യാപനത്തെക്കുറിച്ചുള്ള ഐ.സി.എം.ആറിന്റെ നിലപാടില്‍ അവര്‍ മാറ്റം വരുത്തിയതായി കരുതാനാവില്ല.
എന്നിരുന്നാലും പല പൊതുജനാരോഗ്യ വിദഗ്ദരും ഈ നിലപാടിനെ (legitimacy) ചോദ്യം ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍, ഡല്‍ഹി ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടറും മൈക്രോബയോളജിസ്റ്റുമായ ഗഗന്‍ദീപ് കംങ് ബുധനാഴ്ച നടന്ന ഒരു ചര്‍ച്ചയില്‍ പറഞ്ഞത് വിആര്ഡിഎല്ലുകളില് പരിശോധിക്കുന്ന 20 സാമ്പിളുകള്‍ ഇവ നിലനില്‍ക്കുന്ന പ്രദേശത്തെ SARI കേസുകളുടെ എണ്ണത്തിന് ആനുപാതികമായിരിക്കില്ലെന്നാണ്.

ഉദാഹരണത്തിന്, ഒരു പ്രദേശത്ത് നൂറിലധികം SARI കേസുകളുണ്ടെങ്കില്‍, കോവിഡ് 19 ടെസ്റ്റിനായി വിആര്‍ഡിഎല്‍ റാന്‍ഡമായി (പ്രത്യേക ക്രമമോ സ്ഥാനമോ ഇല്ലാതെ തിരഞ്ഞെടുക്കുന്നത്) 20 സാമ്പിളുകള്‍ മാത്രമാണ് പരിശോധിക്കുന്നതെങ്കില്‍, 50 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ആശുപത്രിയേക്കാള്‍ കോവിഡ് കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിആര്ഡിഎല്ലിന് വലിയ രീതിയില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
ഐസിഎംആറിന്റെ പത്രസമ്മേളനത്തില്‍ ഗുപ്ത ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഭാഗികമായാണ് ഉത്തരം നല്‍കിയത്. ചില വിആര്ഡിഎല്ലുകള് 20 SARI ഹോസ്പിറ്റല്‍ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ പരിശോധനയ്ക്കുള്ള സാമ്പിള്‍ 20 എണ്ണം മതിയെന്നുമാണ് അവര്‍ മറുപടി നല്‍കിയത്. എന്നിരുന്നാലും മറ്റു വിആര്‍ഡിഎല്‍ അധികൃതരുമായി നടന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത് പരിശോധനയ്ക്കായി ലഭിക്കുന്ന സാമ്പിളുകളുടെ എണ്ണത്തില്‍ വ്യാപകമായ വ്യത്യാസമുണ്ടെന്നാണ്.
ഉദാഹരണത്തിന,് വിആര്‍ഡിഎല്‍ ശൃംഖലയ്ക്കു കീഴിലുള്ള ലക്നൗ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജി വിഭാഗം മേധാവി അമിത ജെയിന് പറയുന്നത് ഓരോ ആഴ്ചയും 20ലധികം SARI സാമ്പിളുകള്‍ സ്വീകരിക്കുന്നുണ്ടെന്നാണ്. SARI കേസുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ചൂടുകാലത്തിന്റെ ആരംഭത്തോടെ ഇത്തരം വര്‍ദ്ധനവ് ലാബില്‍ അനുഭവപ്പെടാറുണ്ടെന്നാണ്. എന്നാല്‍ ഇവ കാലാനുസൃതമായ രീതിയിലാണെന്നും അവര്‍ പറയുന്നു.

അതേസമയം ആഴ്ചയില്‍ 20 സാമ്പിളുകള്‍ പോലും ശേഖരിക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നാണ് മറ്റൊരു വിആര്‍ഡിഎല്‍ കേന്ദ്രമായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗം മേധാവി ശാരദാ ദേവി പറയുന്നത്.
കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു വിആര്‍ഡിഎല്‍ കേന്ദ്രമായ ഷിമോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി പറയുന്നത് തങ്ങളുടെ ലാബില്‍ SARI കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ്.
വിആര്ഡിഎല്ലുകളിലെ ഈ വ്യതിയാനം ഐസിഎംആര്‍ എങ്ങനെയാണ് അളയാളപ്പെടുത്തുന്നതെന്നറിയാന് ഐ.സി.ആര് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്ഗവയേയും ഗുപ്തയേയും ബന്ധപ്പെട്ടെങ്കിലും മറുപടികള്‍ ലഭിച്ചില്ല.
ഉദാഹരണം:2
എന്‍.സി.ഡി.സി കോവിഡ്-19 നെ അതിന്റെ ജലദോശപ്പനി (influenza like illnsse – ILI) പോലെയുള്ള അസുഖങ്ങളുടെ വിഭാഗത്തില്‍ ആണോ ഉള്പ്പെടുത്തിയിരിക്കുന്നതെന്നത് സംബന്ധിച്ച വ്യക്തതയില്ലായ്മ
കോവിഡ്-19 സ്ഥിരീകരണത്തിനായി ജലദോഷപ്പനി (influenza like illness) പോലുള്ള അസുഖങ്ങളുള്ള ആളുകളെ ഇന്ത്യയില്‍ പരിശോധിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സാമൂഹ്യവ്യാപനം നടന്നോ എന്ന കാര്യം നേരത്തേ തന്നെ കണ്ടെത്താന്‍ ഇത്തരത്തില്‍ പരിശോധന നടത്തുന്നത് സഹായിക്കും. ലോകാരോഗ്യ സംഘടന ILIക്ക് നല്കിയ നിര്‍വചനം SARIയുടേതില്‍ നിന്നും അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. പനിയും ചുമയും ഉണ്ടാകുമെങ്കിലും ILI കേസുകളില്‍ ഹോസ്പിറ്റല്‍ വാസം വേണ്ടിവരില്ല. അതുകൊണ്ടുതന്നെ ILI കേസുകളുള്ളവരെ കോവിഡ്-19 പരിശോധനയ്ക്ക് വിധേയമാക്കുന്നത് പുറംരോഗികളേയും (ആശുപത്രിയില്‍ കിടക്കാതെ മരുന്നു വാങ്ങി വീട്ടിലും മറ്റും വിശ്രമിക്കുന്നവര്‍- outpatient) സര്‍ക്കാരിന്റെ നിരീക്ഷണത്തിന് കീഴില്‍ കൊണ്ടുവരാന്‍ സാധിക്കും.
ഇന്ത്യയ്ക്ക് ഇതിനോടകം തന്നെ ILI നിരീക്ഷണത്തിനായി ഒരു ശൃംഖലയുണ്ട്, അത് ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താമെന്നാണ് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യയിലെ എപ്പിഡമോളജിസ്റ്റ് (രോഗപര്യവേക്ഷകന്‍) ഗിരിധര്‍ ആര് ബാബു പറയുന്നത്. എന്സിഡിസിയാണ് ഇവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതും എല്ലാ മാസവും കഘക കേസുകളില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നതും എച്ച്1എന്‍1 പനിയുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നത്.

കോവിഡ്-19 നിരീക്ഷണത്തിനായി ILI ശൃംഖല ബന്ധിപ്പിച്ചിട്ടുണ്ടോ എന്നത് കണ്ടെത്തല്‍ ഏറെ പ്രയാസമുള്ള കാര്യമാണ്. സാര്‍സ് കോവി-2 പരിശോധനകള്‍ക്കായി ILI സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ടോ എന്ന് എന്‍.സി.ടി.സി ഡയറക്ടര്‍ സുജീത് കുമാറിനോട് ഫോണ്‍ മുഖാന്തിരം ആരാഞ്ഞപ്പോള്‍ അനുകൂലമായുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേത്. എന്നിരുന്നാലും ഇതുവരെ എത്ര സാമ്പിളുകള്‍ പരീക്ഷിച്ചുവെന്നും എത്ര കേസുകള്‍ പോസിറ്റീവായി തിരിച്ചെത്തിയെന്നുമുള്ള ചോദ്യത്തിന് ഇപ്പോള്‍ മറുപടി നല്കാന് ആയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, എന്‍.സി.ഡി.സിയുടെ ശൃംഖലകളിലുള്ള ILI നെറ്റ് വര്‍ക്കുകളിലെ ലാബുകളിലൊന്നായ ബാംഗ്ലൂര്‍ നിംഹാന്‍സിലെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസ്) ലാബില്‍ ഇതുവരെ കോവിഡ്-19 കേസുകള്‍ പരിശോധിക്കാന്‍ തുടങ്ങിയിട്ടില്ലെന്ന് അവിടത്തെ ന്യൂറോ വൈറോളജിസ്റ്റ് രവി വസന്തപുരം പറയുന്നു. പരിശോധനകള്‍ക്കായി ലാബ് സജ്ജമാണോയെന്ന് അന്വേഷിച്ചിട്ടുണ്ടെങ്കിലും പരിശോധന ആരംഭിക്കുന്നതിന് തുടര്‍ന്നുള്ള അറിയിപ്പുകള് ലഭിച്ചിട്ടില്ലെന്നും രവി വസന്തപുരം പറഞ്ഞു.
അതേസമയം ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നോണം ഐസിഎംആറിന്റെ വിആര്‍ഡിഎല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് കീഴിലുള്ള കിങ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയും ഷിമോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും കോവിഡ്-19 പരിശോധനകളുടെ ഭാഗമായി ILI കേസുകള്‍ പരിശോധിക്കുന്നത് സ്ഥിരീകരിച്ചിട്ടുണ്ട്.
അങ്ങനെ വരുമ്പോള്‍ SARIക്ക് പുറമെ ILI കേസുകള്‍ കൂടി പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വെളിപ്പെടുത്താത്തത് എന്തുകൊണ്ടാകും? സൗത്ത് ഇന്ത്യയിലെ നിംഹാന്സിലേതു പോലെയുള്ള പ്രധാന ലാബുകളെ സര്‍ക്കാര്‍ ഇത്തരത്തില്‍ ബന്ധിപ്പിക്കാത്തത് എന്തുകൊണ്ടാകും? മൂന്നാമതായി അവരുടെ പരിശോധനകള്‍ എന്താണ് കണ്ടെത്തിയത്?

ഇവ വെറും സൈദ്ധാന്തിക ചോദ്യങ്ങള്‍ മാത്രമല്ല. 1.3 ബില്യണ്‍ ജനങ്ങളുള്ള ഒരു രാജ്യത്ത്, സാമൂഹ്യ വ്യാപനം നടന്നിട്ടില്ല എന്ന് ഉറപ്പിച്ച് അവകാശപ്പെടണമെങ്കില്‍, ഐ.സി.എം.ആര് അധികൃതര്‍ വ്യക്തവും കര്‍ശനവുമായ യുക്തി ലഭിക്കേണ്ടത് ആവശ്യമായി വരും. SARI സാമ്പിളുകളിലെ 829 നെഗറ്റീവ് ഫലങ്ങളോ അല്ലെങ്കില്‍ 500 എണ്ണമെന്ന കണക്കുകളോ ഇത് സ്ഥാപിക്കാന്‍ പര്യാപ്തമാകണമെങ്കില്‍ ഈ സാമ്പിളുകള്‍ എങ്ങനെ തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ച് നമുക്ക് അറിയേണ്ടതായുണ്ട്.
ഏതൊക്കെ സാമ്പിളുകളാണ് പരിശോധിക്കാനായി തിരഞ്ഞെടുക്കേണ്ടതെന്നത് നിര്‍ണായകമാണെന്നാണ് ഗാസിയാബാദിലെ സന്തോഷ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അനുപം സിങം പറഞ്ഞത്. കാരണം നിലവിലെ ടഅഞട കോവിഡ്-19 വൈറസിന്റെ ജനിതകരീതി (genetic material) കണ്ടെത്തുന്നതിനായുള്ള നിലവിലെ പരിശോധന രീതി RT-PCR ( reverse transcriptase polymerase chain reaction) നിരവധി തെറ്റായ അനുമാനങ്ങളും നല്‍കുന്നുണ്ട്.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി SARI, ILI കേസുകള്‍ക്കിടയില്‍ നിന്നുള്‍പ്പെടെ വളരെ കൃത്യമായ ക്ലിനിക്കല്‍ ലക്ഷണങ്ങള്‍ വികസിപ്പിച്ച ആളുകളില്‍ നിന്നും കിട്ടിയ സാമ്പിളുകള്‍ മാത്രമേ RT-PCR പരിശോധന നടത്താവൂ.
ഉദാഹരണത്തിന്, ഫെബ്രുവരിയില്‍ വുഹാനിലെ ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ കോവിഡ്-19 ബാധിക്കപ്പെട്ട ആളുകളെ തിരിച്ചറിയുന്നതിനുള്ള തന്ത്രപരമായ ചില മാര്‍ഗ്ഗങ്ങള്‍/നടപടികള്‍ നിര്‍ദേശിക്കുന്നുണ്ട്. കുളിര്, തൊണ്ടവേദന, ചുമ, ഉയര്‍ന്ന ശ്വേത രക്താണുക്കള്‍, പനി, വൈറല്‍ ന്യൂമോണിയയുടെ സാന്നിദ്ധ്യം കാണിക്കുന്ന സിടി സ്കാന്‍ എന്നിവയുള്ള രോഗികള്‍ക്ക് SARS- COV – 2 പരിശോധിക്കേണ്ടതില്ലെന്നാണ്.

വൈറല്‍ ന്യൂമോണിയ സൂചിപ്പിക്കുന്ന സിടി സ്കാന്‍ അര്‍ത്ഥമാക്കുന്നത് രോഗിക്ക് വൈറസ് ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ്. അതിനാല്‍ത്തന്നെ നിര്‍ബന്ധമായും RT-PCR പരിശോധന നടത്തണമെന്നാണ്. മറ്റൊരവസരത്തില്‍ ഫലം നെഗറ്റീവ് ആണെങ്കിലും രോഗിയെ കോവിഡ്-19 മുക്തനായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പരിശോധന ഒന്നുകൂടി ആവര്‍ത്തിക്കേണ്ടി വരുമെന്നും സിങ് പറയുന്നു.
SARI, ILI രോഗികളെ പരിശോധനയ്ക്കായി തിരഞ്ഞെടുക്കുമ്പോള്‍ ഐസിഎംആറും എന്‍സിഡിസിയും എന്തൊക്കെ രീതികളാണ് ഉപയോഗിക്കുന്നതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ഉദാഹരണം 3: ഇന്ത്യയുടെ സാമൂഹ്യവ്യാപന ഘട്ടം സംബന്ധിച്ച ആശയവിനിമയക്കുറവ്
കഴിഞ്ഞമാസം മാത്രം ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള വ്യക്തതയില്ലാത്ത സന്ദേശങ്ങള്‍ തെറ്റായ മാധ്യമ റിപ്പോര്‍ട്ടുകളായി വന്നതിന്റെ ഉദാഹരണങ്ങള്‍ ലഭ്യമാണ്. ഉദാഹരണത്തിന്, ഒന്നിലധികം സന്ദര്‍ഭങ്ങളില്‍, ആരോഗ്യ മന്ത്രാലയത്തിലെ അധികൃതര്‍ തന്നെ ഇന്ത്യയില്‍ സാമൂഹ്യ വ്യാപനം (community transmission) ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് അവരുടെ പ്രസ്താവനയില്‍ നിന്ന് പിന്നോട്ട് പോകുകയും അവര്‍ ഉദ്ദേശിച്ചത് പ്രാദേശിക വ്യാപനമാണെന്നും (local transmission) വ്യക്തമാക്കുകയും ചെയ്തു. എന്നുവച്ചാല്‍ എല്ലാ കോവിഡ്-19 കേസുകളും ഒന്നുകില്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതോ അല്ലെങ്കില്‍ അവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളതോ ആണ്.
സാമൂഹ്യവ്യാപനം (community transmission), പ്രാദേശിക വ്യാപനം(local transmission) എന്നീ വാക്കുകള്‍ പരസ്പരം മാറ്റുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കാരണം അവ പൊട്ടിപ്പുറപ്പെടുന്നത് രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലാണെന്നത് തന്നെ. ഭൂരിഭാഗം വരുന്ന ഐ.സി.എം.ആറിന്റെ ഇപ്പോഴത്തെ പരിശോധന തന്ത്രങ്ങളും (Testing stratergy) ഇന്ത്യയില്‍ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഈ അനുമാനങ്ങളില്‍ വ്യത്യാസങ്ങളുണ്ടായാല്‍/മാറ്റമുണ്ടായാല്‍ മാത്രമേ നിലവിലെ തന്ത്രങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുള്ളൂ.
ഉദാഹരണം: 4, എന്തുകൊണ്ട് ഐ.സി.എം.ആര് പരിശോധന മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നില്ല എന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന തെറ്റായ ആശയവിനിമയം
ഒടുവിലായി, വിദേശത്ത് യാത്ര ചെയ്യാത്ത രോഗികളേയും ഉള്‍പ്പെടുത്തി ഐസിഎംആര്‍ അതിന്റെ പരിശോധന തന്ത്രങ്ങള്‍ വികസിപ്പിക്കാത്തത് (SARI, ILI നിരീക്ഷണങ്ങളുടെ ഭാഗമായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെങ്കില്‍ അവ ഒഴികെ) എന്തുകൊണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.
മാര്‍ച്ച് 17ന് നടന്ന പത്രസമ്മേളനത്തില്‍ ഐസിഎംആര്‍ അധികൃതര്‍ ഇതിന്റെ കാരണമായി പറഞ്ഞത് സാമൂഹ്യവ്യാപനം ഉണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നാണ്. എന്നാല്‍ ഐ.സി.എം.ആറിന്റെ സാക്രമിക രോഗവിഭാഗം (epidemio-logy) തലവന്‍ രാമന് ഗംഗഖേദ്കര്‍ എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ വ്യത്യസ്ത കാരണങ്ങളാണ് ഇതിന് പറയുന്നത്. ഇന്ത്യ കൂടുതല്‍ ആളുകളെ പരിശോധിക്കാന്‍ തുടങ്ങിയാല്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ കണ്ടെത്തുമെന്നും അങ്ങനെ വന്നാല്‍ എല്ലാവരേയും മാറ്റിനിര്‍ത്തല്‍ (isolate) എന്നത് സര്‍ക്കാരിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ്.

ഈ രണ്ട് യുക്തികളും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ വാദമാകട്ടെ ഐ.സി.എം.ആര് നിരുത്തരവാദപരമാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു. യുക്തിദത്തമായ പരിശോധനയുടേയും സാമ്പിളെടുക്കുന്നതിലെ രീതിയുടേയും അടിസ്ഥാനത്തില്‍ സാമൂഹ്യവ്യാപനം എന്നത് ഐ.സി.എം.ആര് നിരസിക്കുന്നതില്‍ ശരികളുണ്ടെങ്കിലും ഫലങ്ങള്‍ക്കനുസരിച്ച് ആളുകള്‍ പ്രവര്‍ത്തിക്കില്ല എന്നതുകൊണ്ട് പരിശോധിക്കുന്നില്ല എന്നതില്‍ യുക്തിക്കുറവുണ്ട്.
ഇതാണ് ശരിക്കും സര്‍ക്കാര്‍ ഭയക്കുന്ന കാര്യമെങ്കില്‍ ആരോഗ്യ മന്ത്രാലയം മാറ്റിനിര്‍ത്തലിനെ കുറിച്ച് (isolation) ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കൂടുതല്‍ ശ്രമിക്കണം. ഏറ്റവും പ്രധാനമായി, എന്തുകൊണ്ടാണ് പരിശോധനയെ ഇതുവരെ ഇത്രയധികം നിയന്ത്രിച്ചതെന്നത് സംബന്ധിച്ച് ഐ.സി.എം.ആര് വ്യക്തത വരുത്തേണ്ടതുണ്ട്.
പൊതുജനാരോഗ്യത്തില്‍ ആശയവിനിമയം എന്നത് എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു
കൃത്യമായ ആശയവിനിമയം നടക്കുക എന്നത് പൊതുജനാരോഗ്യ സംവിധാനത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പെടുന്നതാണ്. കാരണം പൊതുജനാരോഗ്യം എന്നത് നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതോ അടിസ്ഥാന സൗകര്യവികസനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചോ മാത്രമല്ല, ശരിയായ രീതിയില്‍ ചിന്തകളിലും മാറ്റം വരുത്താന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതും കൂടിയാണ്.
നിലവിലെ കോവിഡ്-19 പകര്‍ച്ചവ്യാധി, സാമൂഹിക അകലം പാലിച്ചും കൈകള്‍ കഴുകിയും, ഏകാന്തവാസത്തിലിരിക്കുകയും (quarantining), കോവിഡ്-19 സംബന്ധമായ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ നിയുക്ത ആശുപത്രികളുമായി ബന്ധപ്പെടല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഇന്ത്യക്കാര്‍ എത്തരത്തില്‍ ഉത്തരവാദിത്തത്തോടെ പ്രയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയെല്ലാം തന്നെ നടപ്പാക്കാന്‍ ആവശ്യമായ വിഭവങ്ങളുടെ അപര്യാപ്തതയിയിലും സര്‍ക്കാര്‍ സ്വമേധയാ നടപ്പാക്കേണ്ട കാര്യങ്ങളാണ്.
അതിനാല്‍ ആളുകള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം തന്നെ ഈ പ്രവൃത്തികള്‍ ചെയ്യുന്നതിനായി, സര്‍ക്കാര്‍ ഫലപ്രദമായിത്തന്നെ ഈ വിഷയത്തില്‍ ഇടപെടുന്നുണ്ടെന്ന വിശ്വാസം ജനങ്ങളിലാദ്യം ഉണ്ടാകണം. ഇപ്പോഴുണ്ടായ അനിയന്ത്രിത സാഹചര്യം നിയന്ത്രിക്കാനുള്ള തന്ത്രങ്ങള്‍ സമഗ്രവും യുക്തിസഹവുമാണെന്ന് ജനങ്ങള്‍ വിശ്വസിക്കണം.
എന്നാല്‍ ഉന്നതസ്ഥാനങ്ങളില്‍ ഉള്ളവര്‍ അവരുടെ തീരുമാനങ്ങളില്‍ സുതാര്യമല്ലെങ്കില്‍ എങ്ങനെ ഇക്കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകും. സുതാര്യത ഇല്ലാത്തതുകൊണ്ടുതന്നെ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കുന്നതിലൂടെയും പൊതുജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര പൊതുജനാരോഗ്യ വിദഗ്ദര്‍ക്കും സര്‍ക്കാരിന്റെ വാദങ്ങളേതെങ്കിലും സ്ഥിരീകരിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
ദൈനംദിന വ്യവസ്ഥയില്‍ വസ്തുനിഷ്മായി വിവരങ്ങള്‍ കൈമാറുന്നതിന് ആരോഗ്യമന്ത്രാലയം, ഐ.സി.എം.ആര്, എന്‍.സി.ഡി.സി എന്നിവയ്ക്ക് കീഴില്‍ സജീവമായ ആശയവിനിമയ സെല്ലുകള്‍ അവര്‍ നിയമിക്കേണ്ട ഏറ്റവും ആവശ്യമുള്ള സമയമാണിത്. ദിവസേനയുള്ള കേസുകള്‍, ദിവസവും നടത്തിയ പരിശോധനകളെ കുറിച്ചുള്ള വിവരങ്ങള്‍, പരിശോധനരീതികളെയും വഴികളെയും കുറിച്ചുള്ള വിവരങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും.
അത്തരം വിവരങ്ങള്‍ ലഭിക്കുന്നത് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമായി ബന്ധമുള്ള റിപ്പോര്ട്ടര്മാരില് മാത്രം ഒതുങ്ങാതെ രാജ്യം മുഴുവനുമുള്ള ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്കും കൂടി ലഭ്യമാക്കേണ്ടതുണ്ട്. ഇതിനുള്ള ഒരു വഴി ആരോഗ്യമന്ത്രാലയം പത്രസമ്മേളനങ്ങള്‍ വിളിക്കുകയാണ്. അവ ലൈവായി പ്രക്ഷേപണം ചെയ്യുകയും വിദൂരങ്ങളിലുള്ളവര്ക്കും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുള്ള അവസരം ഉണ്ടാക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ മാത്രമേ ഇന്ത്യന്‍ സര്‍ക്കാരിന് കോവിഡ്-19 മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ വിശ്വസ്യത നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.
കടപ്പാട്: ദ വയര്‍