ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പൊലീസുകാര്‍ ഒരു ദിവസം അവധിയെടുത്ത് വന്ന് പിന്തുണ അറിയിച്ചിരുന്നതായി സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്കെ. പ്രതിഷേധ സമയത്ത് ജന്തര്‍ മന്തറില്‍ വിന്യസിച്ചിരുന്ന പൊലീസുകാരാണ് ഇത്തരത്തില്‍ പിന്തുണ അറിയിച്ചതെന്നും കഴിഞ്ഞ ദിവസം ന്യൂസ് 24ന് നല്‍കിയ അഭിമുഖത്തില്‍ ദീപ്കെ പറഞ്ഞു.
പ്രതിഷേധ സമയത്ത് മൂന്ന് പൊലീസുകാര്‍ ഇത്തരത്തില്‍ വന്ന് പിന്തുണ അറിയിച്ചതായി ദീപ്കെ പറഞ്ഞു. ‘ഒരു ദിവസം മൂന്ന് പൊലീസുകാര്‍ അന്ന് തന്റെ അടുത്ത് വന്നു. അവര്‍ തൊപ്പിയും മാസ്‌കും കണ്ണടകളും ധരിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ആദ്യം അതാരാണെന്ന് മനസ്സിലായില്ല. തനിക്ക് അല്‍പം ഭയം തോന്നി,’ ദീപ്‌കെ പറഞ്ഞു.
ആ മൂന്ന് ഉദ്യോഗസ്ഥര്‍ തന്നോട് സ്വകാര്യമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ജന്തര്‍ മന്തറില്‍ ഡ്യൂട്ടിയില്‍ നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തി. എന്നാല്‍ അന്ന് ഓഫെടുത്ത് പ്രതിഷേധക്കാരെ പിന്തുണയ്ക്കാന്‍ വന്നതാണെന്നും അവര്‍ പറഞ്ഞതായും ദീപ്‌കെ ഓര്‍ത്തെടുത്തു.
‘ഞങ്ങള്‍ ഇവിടെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണ്. പക്ഷേ ഇന്ന് ഓഫ് എടുത്ത് നിങ്ങളെ പിന്തുണയ്ക്കാന്‍ വന്നതാണ്,’ എന്ന് ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായി ദിപ്‌കെ അഭിമുഖത്തില്‍ പറഞ്ഞു. ‘നിങ്ങള്‍ ചെയ്യുന്നതെല്ലാം വളരെ നല്ലതാണ്’ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ മകള്‍ പത്താം ക്ലാസിലാണെന്നും തന്റ മകളുടെ ഭാവി കൂടി ഓര്‍ത്ത് ആശങ്കയുണ്ടെന്നും പൊലീസുകാരന്‍ പറഞ്ഞതായും ദീപ്‌കെ പറഞ്ഞു. ജന്തര്‍ മന്തറില്‍ വിന്യസിച്ചിരിക്കുന്ന താഴ്ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദങ്ങളെക്കുറിച്ചും ദിപ്‌കെ അഭിമുഖത്തില്‍ സംസാരിച്ചു. ആ പൊലീസ് ഉദ്യോഗസ്ഥരോട് അവര്‍ക്ക് എത്ര രൂപയാണ് വരുമാനം എന്ന് ചോദിച്ചപ്പോള്‍ തനിക്ക് വിഷമം തോന്നിയെന്നും ദീപ്‌കെ പറഞ്ഞു.
‘അവര്‍ക്ക് പരമാവധി മുപ്പതിനായിരമോ നാല്‍പ്പതിനായിരമോ അമ്പതിനായിരമോ ആയിരിക്കും വരുമാനം. അവരുടെ കുട്ടികള്‍ക്കും കോച്ചിങിന് പോകണം. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസവും വളരെ ചെലവേറിയതാണ്,’ ദീപ്‌കെ പറഞ്ഞു.
ജൂലൈ 20-ലെ പാര്‍ലമെന്റ് മാര്‍ച്ചിന് നേര്‍ക്കുണ്ടായ പെല്ലറ്റ് ഗണ്‍ ആക്രമണത്തിരയായ യുവാക്കളെ താന്‍ സന്ദര്‍ശിച്ചിരുന്നതായി ദീപ്‌കെ നേരത്തെ എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. സാഹില്‍, വികാസ് എന്നീ യുവാക്കളെയാണ് സന്ദര്‍ശിച്ചത്. അവര്‍ സമാധാനപരമായി പ്രതിഷേധിക്കവെയാണ് പൊലീസ് പെല്ലറ്റ് ഗണ്‍ ആക്രമണം നടത്തിയതെന്നും ദീപ്‌കെ പറഞ്ഞു.
”ജൂലൈ 20 ന് പെല്ലറ്റ് തോക്കില്‍ പരിക്കേറ്റ രണ്ട് സാഹില്‍, വികാസ് എന്നിവരുമായി സംസാരിച്ചു. പോലീസും സര്‍ക്കാരും അവര്‍ക്കെതിരായ ക്രൂരത നിഷേധിക്കുന്നു. പക്ഷേ അവര്‍ ഇത് എങ്ങനെ വിശദീകരിക്കും? സാഹിലും വികാസും സമാധാനപരമായി പ്രതിഷേധിക്കുമ്പോഴായിരുന്നു അവര്‍ക്ക് പൊലീസിന്റെ പെല്ലറ്റ് ഗണ്‍ ആക്രമണം നേരിട്ടത്,’ ദീപ്‌കെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ജൂലൈ 25ന് പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെതിരെ സെപ്റ്റംബര്‍ അഞ്ചിന് ദല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന മാര്‍ച്ച് ഇന്ത്യ ഗേറ്റില്‍ നിന്ന് ആരംഭിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് അവസാനിക്കുമെന്ന് സി.ജെ.പി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ സെപ്തംബര്‍ അഞ്ചിന്റെ മാര്‍ച്ചില്‍ പങ്കെടുക്കും. ജൂലൈയില്‍ പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങള്‍ നേരിട്ടവരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.
Content Highlight: 3 Police officers Says the Support the protest: Says Abhijeet Dipke of CJP
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.