ട്രംപിന് 'ഊര്‍ജ അത്യാഗ്രഹം' ; വിഷയം എല്ലായിപ്പോഴും എണ്ണ തന്നെയായിരുന്നു:ഡെല്‍സി റോഡ്രിഗസ്
World
ട്രംപിന് 'ഊര്‍ജ അത്യാഗ്രഹം' ; വിഷയം എല്ലായിപ്പോഴും എണ്ണ തന്നെയായിരുന്നു:ഡെല്‍സി റോഡ്രിഗസ്
നിഷാന. വി.വി
Friday, 9th January 2026, 7:53 am

കാരാക്കാസ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് വെനസ്വേലെയുടെ ആക്റ്റിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്.

ഡൊണാള്‍ഡ് ട്രംപിന് ‘ഊര്‍ജ അത്യാഗ്രഹം’ ആണെന്നും (എനര്‍ജി ഗ്രീഡ്) എല്ലായ്‌പ്പോയും ട്രംപിന്റെ കണ്ണ് എണ്ണയിലായിരുന്നുവെന്നും റോഡ്രിഗസ് വിമര്‍ശിച്ചു.

തന്റെ മുന്‍ഗാമി നിക്കോളസ് മഡുറോയ്ക്ക് മേല്‍ യു.എസ് ചുമത്തിയ മയക്കുമരുന്ന് കടത്ത് അടക്കമുള്ള വകുപ്പുകള്‍ അവര്‍ നിരസിച്ചു.

‘മയക്കുമരുന്ന് കടത്ത്, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ എല്ലാ നുണകളും ഒഴിവുകഴിവുകളാണ്. എല്ലായ്‌പ്പോഴും വിഷയം എണ്ണ തന്നെയായിരുന്നു,’ സ്റ്റേറ്റ് ടെലിവിഷന്‍ വി.ടി.വിയില്‍ റോഡ്രിഗസ് പറഞ്ഞു.

തങ്ങള്‍ ഒരു ഊര്‍ജ്ജ ശക്തി കേന്ദ്രമാണെന്നും എല്ലായ്‌പ്പോഴും അങ്ങനെ തന്നെയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ഒരു ഊര്‍ജ്ജ ശക്തി കേന്ദ്രമാണ് എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നു. എന്നാല്‍ ഇത് ഞങ്ങള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കാരണം അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ അത്യാഗ്രഹം നമ്മുടെ രാജ്യത്തിന്റെ വിഭവങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം,’ റോഡ്രിഗസ് ആരോപിച്ചു.

തീവ്രവാദ പരമോ ഫാസിസ്റ്റ് സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പരമോ ആയ പ്രകടനങ്ങള്‍  അനുവദിക്കാന്‍ കഴിയില്ലെന്നും അത് വെനസ്വേലെയുടെ ചരിത്രത്തില്‍ വലിയ കളങ്കമുണ്ടാക്കിയിട്ടുണ്ടെന്നും രാജ്യത്തെ  അപകടകരമായ സാഹചര്യത്തിലേക്ക് കൊണ്ട് പോയിട്ടുണ്ടെന്നും ആക്റ്റിങ് പ്രസിഡന്റ് പറഞ്ഞു.

ഇക്കാരണം കൊണ്ട് തന്നെ ദേശീയ സഹവര്‍ത്തിത്വത്തിനും സമാധാനത്തിനുമായി നാം പ്രവര്‍ത്തിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെനസ്വേലന്‍ സര്‍ക്കാരില്‍ നിന്നും അമേരിക്കയ്ക്ക് പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ടുന്നെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയായിരുന്നു റോഡ്രിഗസിന്റെ പ്രസ്താവന.

വര്‍ഷങ്ങളോളം വെനസ്വേലെയുടെയും എണ്ണ ശേഖരത്തിന്റെയും നിയന്ത്രണം നിലനിര്‍ത്തുമെന്നുമായിരുന്നു ട്രംപിന്റെ വാദം.

ആവശ്യമെന്ന് തങ്ങള്‍ക്ക് തോന്നുന്നതെല്ലാം വെനസ്വേല നല്‍കുന്നുണ്ടെന്നും യു.എസ് പ്രസിഡന്റ് അവകാശപ്പെട്ടു.

എന്നാല്‍ യു.എസുമായുള്ള ഏകപക്ഷീയമായ കരാറിന്റെ ആശയം ഇടക്കാല പ്രസിഡന്റ് നിരസിച്ചിട്ടുണ്ട്. എല്ലാ കക്ഷികള്‍ക്കും പ്രയോജനപ്പെടുന്ന വാണിജ്യ ഊര്‍ജ്ജ ബന്ധങ്ങള്‍ക്ക് തുറന്നിരിക്കുന്നുവെന്നതായിരുന്നു റോഡ്രിഗസിന്റെ നിലപാട്.

മയക്കുമരുന്ന് കടത്താരോപിച്ച് മാസങ്ങളോളമുള്ള വേട്ടയാടലിന് ശേഷം രാജ്യത്ത് അതിക്രമിച്ച് കടന്നായിരുന്നു അമേരിക്ക മഡുറോയെയും പങ്കാളിയേയും ബന്ദിയാക്കിയത്.
ശനിയാഴ്ച്ച പുലര്‍ച്ചയോടെ യു.എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് ഇരുവരെയും ബന്ദിയാക്കിയത്.

കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്നായിരുന്നു നടപടി. വിവരം ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. വെനസ്വേല അമേരിക്ക ഭരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അതിന് പിന്നാലെയാണ് വെനസ്വേലെയുടെ ഇടക്കാല പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ്  അധികാരത്തില്‍ വന്നത്. സൈന്യത്തിന്റെയും സുപ്രീം കോടതിയുടെയും അനുമതിയോടെയായിരുന്നു നടപടി.

Content Highlight: Trump has ‘energy greed’; the issue has always been oil: Delcy Rodriguez

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.