24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു; ആവശ്യ സര്‍വീസുകള്‍ ഒഴിവാക്കി
India
24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു; ആവശ്യ സര്‍വീസുകള്‍ ഒഴിവാക്കി
രാഗേന്ദു. പി.ആര്‍
Thursday, 12th February 2026, 7:06 am

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. 24 മണിക്കൂര്‍ സമയത്തേക്കാണ് പണിമുടക്ക്. അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് (വ്യാഴം) രാത്രി 12 വരെ തുടരും.

അവശ്യ സര്‍വീസുകളെ പ്രതിഷേധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചു.

കേന്ദ്രത്തിന്റെ പുതിയ തൊഴില്‍ കോഡുകളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. യു.എസും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിലും പ്രതിഷേധമുണ്ട്. രാജ്യത്തെ കര്‍ഷക സംഘടനകളും പ്രതിഷേധിക്കും.

ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടക്കുക.

ദല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളിലും സംസ്ഥാനങ്ങളിലും പണിമുടക്ക് ആദ്യ മണിക്കൂറുകളില്‍ സാരമായി ബാധിച്ചിട്ടില്ല.

കേരളത്തില്‍ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും പണിമുടക്കിന്റെ ഭാഗമായിട്ടുണ്ട്. പണിമുടക്കിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കുന്നവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.

ഓട്ടോ-ടാക്‌സി തൊഴിലാളികളും പ്രതിഷേധത്തിന്റെ ഭാഗമാണ്. മൂന്ന് ബാങ്കിങ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കേരള, എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ശബരിമല, മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്ര നയങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ കര്‍ഷക, അധ്യാപക, സര്‍ക്കാര്‍ സര്‍വീസ്, കെ.എസ്.ഇ.ബി സംഘടനകളും പ്രതിഷേധിക്കും. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി തുടങ്ങിയ സംഘടനകള്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്. യൂണിയനുകളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രകടനങ്ങളും യോഗങ്ങളും നടത്തും.

ഐ.എന്‍.ടി.യു.സി കേരളത്തില്‍ പ്രത്യേകം പണിമുടക്കും. ബി.എം.എസ് ഒഴികെയുള്ള പത്ത് ട്രേഡ് യൂണിയനുകളാണ് പണിമുടക്കുന്നത്. ബി.ജെ.പി അനുകൂല സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമല്ല.

Content Highlight: 24-hour national strike begins; essential services suspended

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.