| Saturday, 7th February 2026, 7:44 pm

ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ്! ബംഗ്ലാദേശിന് പകരമെത്തിയവരെ വീഴ്ത്തി കരീബിയന്‍ കൊടുങ്കാറ്റ്

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ തകര്‍പ്പന്‍ വിജയവുമായി വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 35 റണ്‍സിന്റെ വിജയമാണ് വിന്‍ഡീസ് നേടിയത്.

കരിബീയന്‍സ് ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സ്‌കോട്‌ലാന്‍ഡിന് 147 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ബാറ്റിങ്ങില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും ബൗളിങ്ങില്‍ റൊമാരിയോ ഷെപ്പേര്‍ഡുമാണ് കരീബിയന്‍സിനായി തിളങ്ങിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. എങ്കിലും ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ബ്രാന്‍ഡന്‍ കിങ്ങും ഷായ് ഹോപ്പും ഇന്നിങ്‌സിന് അടിത്തറയൊരുക്കി.

22 പന്തില്‍ 19 റണ്‍സുമായി ക്യാപ്റ്റന്‍ ഹോപ്പ് പുറത്തായതോടെ വണ്‍ ഡൗണായാണ് ഹെറ്റ്‌മെയര്‍ കളത്തിലിറങ്ങിയത്. ആദ്യ വിക്കറ്റ് വീണ് കൃത്യം ആറാം പന്തില്‍ ബ്രാന്‍ഡന്‍ കിങ്ങും പുറത്തായെങ്കിലും മികച്ച പ്രകടനവുമായി ഹെറ്റി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. നാലാമനായി എത്തിയ റോവ്മന്‍ പവലിനെ ഒപ്പം കൂട്ടിയായിരുന്നു താരത്തിന്റെ പ്രകടനം.

ടീം സ്‌കോര്‍ 139ല്‍ നില്‍ക്കവെ 24 റണ്‍സ് നേടിയ പവല്‍ പുറത്തായെങ്കിലും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് ഒരു വശത്ത് നിലയുറപ്പിച്ചതോടെ മറുവശത്ത് ഹെറ്റ്‌മെയര്‍ വെടിക്കെട്ട് തുടര്‍ന്നു.

ഒടുവില്‍ 19ാം ഓവറിലെ അവസാന പന്തില്‍ പുറത്താകും മുമ്പ് 36 പന്തില്‍ 64 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ആറ് സിക്‌സറും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

View this post on Instagram

A post shared by ICC (@icc)

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 182ലെത്തി.

സ്‌കോട്‌ലാന്‍ഡിനായി ബ്രാഡ്‌ലി കറി രണ്ട് വിക്കറ്റ് വീഴ്ത്തി. ഒലിവര്‍ ഡേവിഡ്‌സണ്‍, മൈക്കല്‍ ലീസ്‌ക്, സാഫിയാന്‍ ഷരീഫ് എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലാന്‍ഡിന് ഓപ്പണര്‍ മൈക്കല്‍ ജോണ്‍സിനെ ഒറ്റ റണ്‍സിന് നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ഖിച്ചി ബെറിങ്ടണ്‍, മുന്‍ ന്യൂസിലാന്‍ഡ് താരം ടോം ബ്രൂസ് എന്നിവരുടെ മികവില്‍ സ്‌കോട്‌ലാന്‍ഡ് ചെറുത്തുനിന്നു.

ബെറിങ്ടണ്‍ 24 പന്തില്‍ 42 റണ്‍സും ബ്രൂസ് 28 പന്തില്‍ 35 റണ്‍സും സ്വന്തമാക്കി. എങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണത് ടീമിന് തിരിച്ചടിയായി.

സ്‌കോട്ടിഷ് ഇന്നിങ്‌സിന്റെ 17ാം ഓവറാണ് കളിയൊന്നാകെ വിന്‍ഡീസിന്റെ വരുതിയില്‍ വരുത്തിയത്. റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ ഓവറില്‍ നാല് വിക്കറ്റുകളാണ് വീണത്.

വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസിനെ (11 പന്തില്‍ 11) ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ കൈകളിലെത്തിച്ച് പുറത്താക്കിയ ഷെപ്പേര്‍ഡ് അടുത്തടുത്ത പന്തുകളില്‍ മൈക്കല്‍ ലീസ്‌കിനെയും ഒലിവര്‍ ഡേവിഡ്‌സണിനെയും പുറത്താക്കി ഹാട്രിക് പൂര്‍ത്തിയാക്കി. ഓവറിലെ അവസാന പന്തില്‍ സാഫിയാന്‍ ഷെരീഫിനെയും മടക്കി.

View this post on Instagram

A post shared by ICC (@icc)

ഒടുവില്‍ 18.5 ഓവറില്‍ സ്‌കോട്‌ലാന്‍ഡ് 147ന് പുറത്തായി.

മൂന്ന് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ റൊമാരിയോ ഷെപ്പേര്‍ഡാണ് സ്‌കോട്‌ലാന്‍ഡിന്റെ നടുവൊടിച്ചത്. മൂന്ന് വിക്കറ്റുമായി ജേസണ്‍ ഹോള്‍ഡറും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഷമര്‍ ജോസഫ്, ഗുഡാകേഷ് മോട്ടി എന്നിവരും സ്‌കോട്ടിഷ് പതനം പൂര്‍ത്തിയാക്കി.

ഈ വിജയത്തോടെ ഗ്രൂപ്പ് സി-യില്‍ ഒന്നാമതാണ് വിന്‍ഡീസ്. ഫെബ്രുവരി 11നാണ് ടീമിന്റെ അടുത്ത മത്സരം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: 2026 T20 World Cup: West Indies defeated Scotland

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more