| Friday, 13th February 2026, 10:16 pm

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ആധിപത്യം; ഡച്ച് പടയെ തകര്‍ത്ത് യു.എസ്.എയ്ക്ക് ആദ്യ ജയം

ആദർശ് എം.കെ.

2026 ടി-20 ലോകകപ്പിലെ 21ാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ യു.എസ്.എയ്ക്ക് വിജയം. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 93 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് യു.എസ്.എ സ്വന്തമാക്കിയത്.

സായ്‌തേജ മുക്കമല്ല, ശുഭം രഞ്ജാനെ എന്നിവരുടെ ബാറ്റിങ് കരുത്തിലും ഹര്‍മീത് സിങ്ങിന്റെ മികച്ച ബൗളിങ് പ്രകടനത്തിലുമാണ് യു.എസ്.എ വിജയം സ്വന്തമാക്കിയത്.

യു.എസ്.എ ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 103ന് പുറത്തായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ സായ്‌തേജ മുക്കമല്ലയുടെ കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 20 റണ്‍സ് നേടിയ ഷയാന്‍ ജഹാംഗീര്‍ പുറത്തായതിന് പിന്നാലെ വണ്‍ ഡൗണായാണ് മുക്കമല്ല കളത്തിലിറങ്ങിയത്.

51 പന്ത് നേരിട്ട് നാല് സിക്‌സറിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 79 റണ്‍സാണ് താരം സ്വന്തമാക്കിയത്. 154.90 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു മുക്കമല്ലയുടെ പ്രകടനം.

മിഡില്‍ ഓര്‍ഡറില്‍ വെടിക്കെട്ടുമായി ശുഭം രഞ്ജാനെയും ടീം ടോട്ടലില്‍ നിര്‍ണായകമായി. 24 പന്തില്‍ 200.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ പുറത്താകാതെ 48 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് സിക്‌സറും മൂന്ന് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

22 പന്തില്‍ 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മോനങ്ക് പട്ടേലാണ് യു.എസ് നിരയിലെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ യു.എസ്.എ 196ലെത്തി.

നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡി ലീഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ലോഗന്‍ വാന്‍ ബീക്ക്, കെല്‍ ക്ലീന്‍, ഫ്രെഡ് ക്ലാസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡച്ച് ആര്‍മിക്ക് തുടക്കം മുതലേ പിഴച്ചു. മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാനോ സ്‌കോര്‍ ഉയര്‍ത്താനോ അനുവദിക്കാതെ യു.എസ്. ബൗളര്‍മാര്‍ ഓറഞ്ച് പടയെ വരിഞ്ഞുമുറുക്കി.

17 പന്തില്‍ 23 റണ്‍സ് നേടിയ ബാസ് ഡി ലീഡാണ് നെതര്‍ലന്‍ഡ്‌സ് നിരയിലെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് 14 പന്തില്‍ 20 റണ്‍സടിച്ചപ്പോള്‍ മാക്‌സ് ഒ ഡൗഡ് 11 പന്തില്‍ 13 റണ്‍സുമായി മൂന്നാമത് മികച്ച റണ്‍ ഗെറ്ററായി.

ഒടുവില്‍ 15.5 ഓവറില്‍ ടീം 103ന് പുറത്തായി.

യു.എസ്.എയ്ക്കായി ഹര്‍മീത് സിങ് നാല് വിക്കറ്റ് വീഴ്ത്തി. മൂന്ന് വിക്കറ്റുമായി ഷാഡ്‌ലി വാന്‍ ഷാല്‍ക്‌വിക് പതിവുപോലെ തിളങ്ങിയപ്പോള്‍ മുഹമ്മദ് മൊഹ്‌സിന്‍ രണ്ട് വിക്കറ്റും നോഷ്തുഷ് കെന്‍ജിഗെ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: 2026 T20 World Cup: USA defeated Netherlands

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more