| Tuesday, 3rd February 2026, 8:16 am

ഈ ഇത്തിരിക്കുഞ്ഞന്‍ ടീം ലോകകപ്പില്‍ പലതും ചെയ്തുകാണിക്കും; അള്‍ട്ടിമേറ്റ് അണ്ടര്‍ഡോഗുകളെ തെരഞ്ഞെടുത്ത് അശ്വിന്‍

ആദര്‍ശ് എം.കെ.

ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി-20 ലോകകപ്പില്‍ അയര്‍ലന്‍ഡ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഇന്ത്യന്‍ ഇതിഹാസ താരം ആര്‍. അശ്വിന്‍. ലോകകപ്പില്‍ ഇവര്‍ക്ക് പലതും ചെയ്യാന്‍ സാധിക്കുമെന്നും അതിനുള്ള കഴിവ് അവര്‍ക്കുണ്ടെന്നും അശ്വിന്‍ പറഞ്ഞു.

‘അയര്‍ലന്‍ഡിന് കഴിവുറ്റ നിരയുണ്ട്. ഈ ലോകകപ്പില്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീം അയര്‍ലന്‍ഡാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവരുടെ ബാറ്റിങ് തന്നെയായിരിക്കും.

അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം

പ്രധാന ബാറ്ററായ ഹാരി ടെക്ടറിന് പുറമെ പോള്‍ സ്‌റ്റെര്‍ലിങ്, ലോര്‍കന്‍ ടക്കര്‍, കര്‍ട്ടിസ് കാംഫര്‍ എന്നിവരാണ് ബാറ്റിങ് യൂണിറ്റിലുള്ളത്, ജോര്‍ജ് ഡോക്രെലാണ് ഫിനിഷര്‍.

ഹാരി ടെക്ടര്‍ ഒരു ക്ലാസി പ്ലെയറാണ്. ടിം ടെക്ടറും ടീമിനൊപ്പമുണ്ട്. മാര്‍ക് അഡയര്‍ ഒരുപോലെ ബാറ്റിങ്ങും ബൗളിങ്ങും ചെയ്യും. ബാരി മെക്കാര്‍ത്തിയെയും എതിരാളികള്‍ സൂക്ഷിക്കേണ്ടതുണ്ട്,’ ആഷ് കി ബാത്തില്‍ അശ്വിന്‍ പറഞ്ഞു.

ആര്‍. അശ്വിന്‍

ടി-20 ലോകകപ്പില്‍ അയര്‍ലന്‍ഡ് നേരിടാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ കുറിച്ചും അശ്വിന്‍ പറഞ്ഞു.

‘എന്നാല്‍ എന്താണ് അവര്‍ നേരിടുന്ന പ്രശ്‌നം? അവരുടെ പ്രധാന പ്രശ്‌നം ജോര്‍ജ് ഡോക്രെലാണ്. അവന്‍ നേരത്തെ ഒരു ഇടംകയ്യന്‍ ബൗളറായും ടീമിനൊപ്പമുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അവന്‍ വല്ലപ്പോഴും മാത്രമാണ് ബാറ്റ് ചെയ്യാറുള്ളത്. പലപ്പോഴും അവന്‍ ഫിനിഷറായി കളത്തിലിറങ്ങുകയാണ് പതിവ്, ഇത് തീര്‍ച്ചയായും നല്ലതുതന്നെയാണ്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അവര്‍ക്ക് (അയര്‍ലന്‍ഡ്) ബൗളിങ് ഓപ്ഷന്‍ കുറഞ്ഞിരിക്കുകയാണ്.

ജോര്‍ജ് ഡോക്രെല്‍

അവര്‍ തുടര്‍ച്ചയായി 200 റണ്‍സ് നേടുന്ന ടീമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. 160ഓ 170ഓ എടുക്കുന്ന ടീമാണ് അവര്‍, ഐ.സി.സി ലോകകപ്പില്‍ ഇത്തരത്തിലുള്ള പ്രകടനമാണ് പ്രതീക്ഷിക്കേണ്ടതും.

എന്നാല്‍ മികച്ച ബാറ്റിങ് യൂണിറ്റിനെതിരെ അവരുടെ ബൗളിങ് യൂണിറ്റിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോ എന്നതാണ് എന്റെ പ്രധാന സംശയം,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ ഗ്രൂപ്പ് ബി-യിലാണ് അയര്‍ലന്‍ഡ്. ഓസ്‌ട്രേലിയ, ഒമാന്‍, ശ്രീലങ്ക, സിംബാബ്‌വേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

അയര്‍ലന്‍ഡ് സ്‌ക്വാഡ്

പോള്‍ സ്റ്റെര്‍ലിങ് (ക്യാപ്റ്റന്‍), ജോര്‍ജ് ഡോക്രെല്‍, ബെഞ്ചമിന്‍ വൈറ്റ്, ക്രെയ്ഗ് യങ്, ബാരി മക്കാര്‍ത്തി, മാര്‍ക് അഡയര്‍, ജോഷ്വ ലിറ്റില്‍, ഹാരി ടെക്ടര്‍, ലോര്‍കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), കര്‍ട്ടിസ് കാംഫര്‍, ഗാരെത് ഡെലാനി, ബെന്‍ കാലിറ്റ്‌സ് (വിക്കറ്റ് കീപ്പര്‍), ടിം ടെക്ടര്‍, റോസ് അഡയര്‍, മാത്യൂ ഹംഫ്രീസ്.

Content Highlight: 2026 T20 World Cup: R Ashwin about Ireland

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more