ക്രിക്കറ്റ് ലോകം ആകെ അമ്പരന്നുനില്‍ക്കുകയാണ്. ടി-20 ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്ഥാന്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു ടി-20 പരമ്പര വിജയിക്കുന്നു, അതും എല്ലാ മത്സരത്തിലും കങ്കാരുക്കളെ പരാജയപ്പെടുത്തിയ ക്ലീന്‍ സ്വീപ് വിജയം!
കഴിഞ്ഞ ദിവസം നടന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ ഓസീസിനെ അവരുടെ ഏറ്റവും വലിയ തോല്‍വിയിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു പാകിസ്ഥാന്‍ പരമ്പര വിജയം ആഘോഷിച്ചത്.
ആദ്യ മത്സരത്തില്‍ 22 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ മെന്‍ ഇന്‍ ഗ്രീന്‍ രണ്ടാം മത്സരത്തില്‍ 90 റണ്‍സിനും അവസാന മത്സരത്തില്‍ 111 റണ്‍സിന്റെ ജയവും സ്വന്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ഡെഡ് റബ്ബര്‍ മാച്ചില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കങ്കാരുക്കള്‍ 16.5 ഓവറില്‍ വെറും 96 റണ്‍സിന് പുറത്താവുകയായിരുന്നു.
ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്ഥാനെതിരെ പരമ്പര പരാജയപ്പെട്ടത് മാത്രം വെച്ചുകൊണ്ട് ഓസ്‌ട്രേലിയയെ വിലയിരുത്താന്‍ നില്‍ക്കരുത്. ലോകകപ്പില്‍ ഇവര്‍ അടിമുടി പുതിയ ടീമായി മാറും.
ഓസ്‌ട്രേലിയ. Photo: cricket.com.au
ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും വെടിക്കെട്ട് വീരന്‍ ട്രാവിസ് ഹെഡും മാര്‍ക്കസ് സ്‌റ്റോയ്‌നിസും അടക്കം ലോകകപ്പിലെ മിക്ക താരങ്ങളും ഈ പരമ്പരയിലും കളിച്ചിരുന്നെങ്കിലും ഇത്തരമൊരു പ്രകടനമായിരിക്കും ലോകകപ്പില്‍ ഇവര്‍ പുറത്തെടുക്കുക എന്ന് കരുതുക വയ്യ.
തന്റെ ദിവസത്തില്‍, എതിരാളി ഏത് കൊലകൊമ്പനായാലും അടിച്ചൊതുക്കാന്‍ കെല്‍പ്പുള്ള ഗ്ലെന്‍ മാക്‌സ്‌വെല്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കൊപ്പം തിരിച്ചെത്തും. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കെതിരെ രണ്ട് സെഞ്ച്വറിയടക്കം അഞ്ച് സെഞ്ച്വറി നേടിയ മാക്‌സി എതിരാളികളുടെ പേടി സ്വപ്‌നമാണ്.
ഗ്ലെന്‍ മാക്‌സ്‌വെല്‍. Photo: ICC
തോല്‍വി മുമ്പില്‍ കാണുന്ന നിമിഷത്തിലും മാക്‌സ്‌വെല്‍ ക്രീസിലുണ്ടെങ്കില്‍ ആരാധകര്‍ക്ക് അതിലേറെ ആത്മവിശ്വാസം നല്‍കുന്ന മറ്റൊരു കാര്യവുമുണ്ടാകില്ല. 2023 ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരം തന്നെ ഉദാഹരണം.
ഏത് പരിതസ്ഥിതിയിലും മാജിക് പുറത്തെടുക്കാന്‍ സാധിക്കുന്ന ജോഷ് ഹെയ്‌സല്‍വുഡും പാകിസ്ഥാനെതിരെ കളത്തിലിറങ്ങിയിരുന്നില്ല. ലോകകപ്പില്‍ താരവും ടീമിന്റെ ഭാഗമാകും. ചുരുക്കി പറഞ്ഞാല്‍ പാകിസ്ഥാനെതിരായ പരമ്പര കണ്ട് ഓസ്‌ട്രേലിയയെ വിലകുറച്ചുകണ്ടാല്‍ ഏതൊരു ടീമും ചെയ്യുന്ന ചരിത്രപരമായ മണ്ടത്തരമാകുമത്.
ലോകകപ്പിന്റെ സെമി ഫൈനലിസ്റ്റുകളായി കങ്കാരുക്കളെ പരിഗണിക്കുന്നവരും കുറവല്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ എക്‌സ്‌പേര്‍ട്ട് പാനലിലെ എട്ടില്‍ അഞ്ച് പേരും കങ്കാരുപ്പട സെമിയിലെത്തുമെന്ന് പ്രവചിക്കുന്നുണ്ട്.
2023 ലോകകപ്പ് വിജയത്തിന് ശേഷം ഒറ്റ ഐ.സി.സി കിരീടം പോലും സ്വന്തമാക്കാന്‍ കങ്കാരുക്കള്‍ക്ക് സാധിച്ചിട്ടില്ല. ആരോണ്‍ ഫിഞ്ചിന് കീഴില്‍ നേടിയ കുട്ടിക്രിക്കറ്റിന്റെ കിരീടം ഇത്തവണ മിച്ചല്‍ മാര്‍ഷിലൂടെ കാന്‍ബെറയിലെത്തിക്കാന്‍ തന്നെയാണ് ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നത്.
ഓസ്‌ട്രേലിയ സ്‌ക്വാഡ്
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാറ്റ് റെന്‍ഷോ, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കൂപ്പര്‍ കനോലി, മാര്‍കസ് സ്റ്റോയ്നിസ്, ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, ബെന്‍ ഡ്വാര്‍ഷിയസ്, ആദം സാംപ, മാറ്റ് കുന്‍മാന്‍.
ട്രാവലിങ് റിസര്‍വ് : ഷോണ്‍ അബോട്ട്
Content Highlight: 2026 T20 World Cup: Australia should not be underestimated in series loss to Pakistan