ഐ.പി.എല്‍ മിനി ലേലം ഡിസംബറില്‍; കച്ചമുറുക്കി ഫ്രാഞ്ചൈസികള്‍!
Cricket
ഐ.പി.എല്‍ മിനി ലേലം ഡിസംബറില്‍; കച്ചമുറുക്കി ഫ്രാഞ്ചൈസികള്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th November 2025, 9:39 am

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഐ.പി.എല്‍ ലേലം ഇന്ത്യയ്ക്ക് പുറത്താണ് നടക്കുന്നത്. 2024ല്‍ ദുബായിയും, 2025ല്‍ ജിദ്ദയും വേദിയായതിന് ശേഷം, 2026ലെ മിനി ലേലത്തിന് അബുദാബിയെയാണ് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 2026 ഐ.പി.എല്‍ ലേലം ഡിസംബര്‍ പകുതിയോടെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 15, 16 ദിവസങ്ങളില്‍ ലേലം നടക്കുമെന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ജിദ്ദയില്‍ മെഗാ താരലേലം നടന്നിരുന്നു. വരാനിരിക്കുന്ന മിനി താര ലേലത്തില്‍ എല്ലാ ഫ്രാഞ്ചൈസികളും സ്‌ക്വാഡില്‍ മാറ്റങ്ങള്‍ വരുത്തും. ടീമുകള്‍ ഇപ്പോള്‍ നവംബര്‍ 15ന് മുമ്പ് താരങ്ങളെ നിലനിര്‍ത്തുന്ന തിരക്കിലാണ്. വലിയ മൂല്യമുള്ള താരങ്ങളെ ഒഴിവാക്കി പുതിയ താരങ്ങളെ ടീമുകളില്‍ ഉള്‍പ്പെടുത്താനുള്ള ട്രേഡിങ് വിന്‍ഡോ.

അതേസമയം രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണെ ചെന്നൈലെത്തിക്കാന്‍ വലിയ നീക്കങ്ങളാണ് നടക്കുന്നത്. ഇതിനായി രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈമാറുമെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും താരങ്ങളുടെ ട്രേഡ് ഇപ്പോഴും നടന്നിട്ടില്ല. 2026ലെ സീസണിലെ ഏറ്റവും വലിയ ഡീലാകും ഇതെന്നാണ് ക്രിക്കറ്റ് നരീക്ഷകര്‍ വിലയിരുത്തുന്നത്.

വിദേശതാരമായ സാം കറനെ രാജസ്ഥാന് കൈമാറുന്നതിലുള്ള നടപടിക്രമങ്ങളാണ് ട്രേഡ് വൈകുന്നതിന്റെ കാരണമെന്നാണ് ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രാജസ്ഥാന്റെ പക്കലുള്ള ഒരു വിദേശതാരത്തെ വിട്ടയച്ചില്ലെങ്കില്‍ സാം കറനെ ടീമിലെത്തിക്കാന്‍ സാധിക്കില്ല.

എണ്ണത്തില്‍ കൂടുതല്‍ വിദേശ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. നിലവില്‍ ടീമില്‍ 22 താരങ്ങളാണ് രാജസ്ഥാനിലുള്ളത്. 25 താരങ്ങളെ വരെ ഒരു ടീമിന്റെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താം. എന്നിരുന്നാലും ട്രേഡ് സങ്കീര്‍ണമാകുമെന്നാണ് കരുതുന്നത്.

കാരണം നിലവില്‍ രാജസ്ഥാന്റെ പക്കല്‍ 30 ലക്ഷം രൂപയാണ് അവശേഷിക്കുന്നത്. സാം കറന്റെ മൂല്യം 2.4 കോടിയാണ്. സാമിനെ റോയല്‍സിലേക്ക് കൊണ്ടുവരികയാണെങ്കില്‍ മറ്റൊരു കളിക്കാരനെ കൂടി റോയല്‍സ് വിട്ടുനല്‍കേണ്ടിയും വരും.

Content Highlight: 2026 IPL auction to be held in mid-December, reports