2026 നിയമസഭ തെരഞ്ഞെടുപ്പ്; 85 സീറ്റില്‍ വിജയമുറപ്പിച്ചെന്ന് കോണ്‍ഗ്രസ്
Kerala
2026 നിയമസഭ തെരഞ്ഞെടുപ്പ്; 85 സീറ്റില്‍ വിജയമുറപ്പിച്ചെന്ന് കോണ്‍ഗ്രസ്
രാഗേന്ദു. പി.ആര്‍
Sunday, 4th January 2026, 10:56 pm

ബത്തേരി: 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ വിജയമുറപ്പിച്ചെന്ന് കോണ്‍ഗ്രസ്. വയനാട് നടക്കുന്ന നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകന ചര്‍ച്ചയിലാണ് വിലയിരുത്തല്‍.

കോഴിക്കോട് ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും എറണാകുളത്തെ 12 മണ്ഡലങ്ങളിലും വിജയിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. രാഷ്ട്രീയ തന്ത്രജ്ഞനായ കനഗോലു ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

14 ജില്ലകളില്‍ നിന്നുള്ള ഡി.സി.സി അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളും പ്രചരണ തന്ത്രങ്ങളും യോഗത്തില്‍ ചാച്ചയായിട്ടുണ്ട്.

പ്രധാനമായും അഞ്ച് മണ്ഡലങ്ങളുള്ള കാസര്‍ഗോഡ് ജില്ലയിലെ മൂന്നിടത്തും കണ്ണൂരില്‍ ആകെയുള്ള 11 സീറ്റില്‍ നാലിടത്തും വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും മലപ്പുറത്തെ 16 സീറ്റിലും കോണ്‍ഗ്രസ് വമ്പിച്ച വിജയം പ്രതീക്ഷിക്കുന്നുണ്ട്.

12 സീറ്റുള്ള പാലക്കാട്ടെ അഞ്ചിടത്തും തൃശൂരില്‍ ആറിടത്തുമാണ് കോണ്‍ഗ്രസ് വിജയം കാണുന്നത്. 13 മണ്ഡലങ്ങളുള്ള തൃശൂരില്‍ യു.ഡി.എഫിന് നിലവില്‍ ഒരു സീറ്റ് മാത്രമാണ് ഉള്ളത്.

കോട്ടയം ജില്ലയിലെ ഒമ്പതില്‍ അഞ്ചിടത്തും പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും 11 സീറ്റുള്ള കൊല്ലത്ത് ആറിടത്തും കോണ്‍ഗ്രസ് പ്രതീക്ഷയിലാണ്. എന്നാല്‍ 14 മണ്ഡലങ്ങളുള്ള തിരുവനന്തപുരം ജില്ലയില്‍ നാലിടത്ത് മാത്രമാണ് കോണ്‍ഗ്രസ് വിജയം കാണുന്നത്.

അതേസമയം 140 നിയമസഭാ മണ്ഡലങ്ങളുള്ള കേരളത്തില്‍ കഴിഞ്ഞ തവണ 99 സീറ്റുകളിലും വിജയം കണ്ടത് എല്‍.ഡി.എഫായിരുന്നു. 41 സീറ്റില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്.

Content Highlight: 2026 Assembly elections; Congress secures victory in 85 seats

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.