രണ്ടാം പിണറായി സര്‍ക്കാരിന് വേണ്ടി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇത് ആറാം തവണയാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. മന്ത്രി ഇത്തവണ അവതരിപ്പിച്ച ബഡ്ജറ്റ്, സമാശ്വാസവും തലോടലും സ്‌നേഹ സ്പര്‍ശവും ചേര്‍ത്തു പിടിക്കലുമെല്ലാം സമന്വയിച്ച ഒന്നാണ്.
സമൂഹത്തിലെ ഓരോ വിഭാഗത്തെയും അഭിസംബോധന ചെയ്യാന്‍ ബഡ്ജറ്റിനായി. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ മനുഷ്യര്‍ക്കും തണലും കുളിരും പകര്‍ന്ന ബഡ്ജറ്റെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
ഗവ-എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് അനുസരിച്ച് ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രി പഠനം വരെയുള്ള വിദ്യാഭ്യാസം ഫീസില്ലാതെ നേടാമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തിക ശേഷി കുറഞ്ഞ കുട്ടികള്‍ക്ക് വിദേശ പഠനത്തിനായി 20 ലക്ഷം രൂപ വരെയാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പൊന്നാനിയില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ പേരില്‍ ചരിത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ടെന്നും കെ.ടി. ജലീല്‍ ചൂണ്ടിക്കാട്ടി.
തന്റെ മണ്ഡലമായ തവനൂരില്‍ 20 ശതമാനം നീക്കിവെച്ച 16.5 കോടി രൂപയുടെ പദ്ധതികളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച കണക്കുകളും എം.എല്‍.എ പങ്കുവെച്ചിട്ടുണ്ട്.
1) ശബരിമല ഇടത്താവളമായി എടപ്പാള്‍ പെരുമ്പറമ്പ് ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ക്കായി മൂന്ന് കോടി
2) നടുവട്ടം തണ്ണീര്‍ക്കോട് റോഡ് റബറൈസ് ചെയ്യാന്‍ മൂന്ന് കോടി
3) ചേകനൂര്‍ വരതൂര്‍ കായല്‍ തോട് നവീകരണത്തിന് മൂന്ന് കോടി
4) പടിഞ്ഞാറേക്കര സര്‍ക്കാര്‍ യു.പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ മൂന്ന് കോടി
5) പൊല്‍പ്പാക്കര സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് കെട്ടിടം നിര്‍മിക്കാന്‍ 1.5 കോടി
6) മിനിപമ്പ-കടകശ്ശേരി-മൂവ്വാങ്കര റോഡ് രണ്ടാം ഘട്ടം റബറൈസ് ചെയ്യാന്‍ മൂന്ന് കോടി എന്നിങ്ങനെയാണ് തവനൂര്‍ മണ്ഡലത്തിലെ വികസനത്തിനായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
Content Highlight: 2026-27 Kerala Budget that provides shade to all, projects worth Rs 16.5 crore in Tavanur alone: K.T. Jaleel