2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സമനിലയില്‍ കുരുങ്ങി ബ്രസീല്‍. ഇക്വഡോറിലെ എസ്റ്റാഡിയോ മോണുമെന്റലില്‍ ഹോം ടീമിനോട് ഗോള്‍രഹിത സമനിലയിലാണ് ബ്രസീല്‍ പോരാട്ടം അവസാനിപ്പിച്ചത്. ഇതോടെ ഇതിഹാസ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ മത്സരം ജയിച്ച് തുടങ്ങാനുള്ള അവസരവും ബ്രസീലിന് നഷ്ടമായി.
Partida encerrada no Equador. O Brasil empatou por 0x0 e segue para o próximo confronto contra o Paraguai, em São Paulo.
4-4-2 ഫോര്‍മേഷനിലാണ് ഇക്വഡോര്‍ പരിശീലകന്‍ തന്റെ കുട്ടികളെ കളത്തിലിറക്കിവിട്ടത്. അതേസമയം ആന്‍സലോട്ടിയാകട്ടെ 4-3-3 ഫോര്‍മേഷനും അവലംബിച്ചു.
കൊണ്ടും കൊടുത്തുമാണ് ഇരു ടീമുകളും മുന്നേറിയത്. ഇരുവരും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നുപോലും വലയിലെത്തിക്കാന്‍ സാധിക്കാതെ പോയതോടെയാണ് മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചത്.
മത്സരത്തില്‍ 53 ശതമാനവും ഇക്വഡോറിന്റെ കൈവശമായിരുന്നു പന്ത്. മത്സരത്തില്‍ ഏഴ് ഷോട്ടുകളാണ് ഇക്വഡോര്‍ ഉതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം ബ്രസീലിയന്‍ ഗോള്‍മുഖം ലക്ഷ്യമിട്ടായിരുന്നു.
അതേസമയം, മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ബ്രസീലിന് അടിക്കാന്‍ സാധിച്ചത്. ഓണ്‍ ടാര്‍ഗെറ്റിലേക്ക് രണ്ടെണ്ണവും.
ഇക്വഡോര്‍ 87 ശതമാനം ആക്വിറസിലിയില്‍ 485 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 83 ശതമാനം ആക്വിറസിയില്‍ 449 പാസുകളാണ് കാനറികള്‍ കംപ്ലീറ്റ് ചെയ്തത്.
അറുപത് വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു വിദേശ കോച്ചിന് കീഴില്‍ മിന്നുന്ന തുടക്കം പ്രതീക്ഷിച്ച് ഇറങ്ങിയ ബ്രസീലിന് വിജയം നേടാനായില്ല എന്നത് ആരാധകരെ നിരാശയിലേക്ക് തള്ളിയിടുന്നുണ്ട്.
ഇറ്റലിക്കാരനായ ആന്‍സലോട്ടി റയല്‍ മാഡ്രിഡില്‍ നിന്നാണ് ബ്രസീലിന്റെ പരിശീലകനായി എത്തിയത്. നേരത്തെ അസൂറികളുടെ അസിസ്റ്റന്റ് കോച്ചായ അദ്ദേഹം ഇതാദ്യമായാണ് ഒരു നാഷണല്‍ ടീമിന്റെ പ്രധാന പരിശീലകനാകുന്നത്. ക്ലബ്ബ് ഫുട്‌ബോളിലെ തന്റെ ലെഗസി കാനറികള്‍ക്കൊപ്പവും തുടരാനാണ് ആന്‍സലോട്ടി ലക്ഷ്യമിടുന്നത്.
ഈ സമനിലയോടെ 15 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ഇക്വഡോര്‍ രണ്ടാം സ്ഥാനത്തെത്തി. 15 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി ബ്രസീല്‍ നാലാമതാണ്. പട്ടികയില്‍ ഒന്നാമതുള്ള അര്‍ജന്റീനയ്ക്ക് 34 പോയിന്റുണ്ട്. 24 പോയിന്റുള്ള പരാഗ്വായ് മൂന്നാമതും 21 പോയിന്റുമായി ഉറുഗ്വായ് അഞ്ചാമതും 20 പോയിന്റുമായി കൊളംബിയ ആറാമതുമാണ്.