2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. സൂപ്പര്‍ താരം അലീസ ഹീലിയെ ക്യാപ്റ്റനാക്കിയും താലിയ മഗ്രാത്തിനെ ഹീലിയുടെ ഡെപ്യൂട്ടിയാക്കിയും ചുമതലപ്പെടുത്തിയാണ് 2022ല്‍ നേടിയ കിരീടം നിലനിര്‍ത്താന്‍ ഓസീസ് കളത്തിലിറങ്ങുന്നത്.
സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ നിരയുമായാണ് ഓസീസ് ലോകകപ്പിനെത്തുന്നത്. അലീസ ഹിലിക്കും താലിയ മഗ്രാത്തിനും പുറമെ ബെത് മൂണി, എല്ലിസ് പെറി, ആഷ്‌ലീ ഗാര്‍ഡ്ണര്‍, ഫോബ് ലീച്ച്ഫീല്‍ഡ്, അന്നബെല്‍ സതര്‍ലാന്‍ഡ് തുടങ്ങി എന്തിനും പോന്ന താരങ്ങളുമായാണ് ഓസീസിന്റെ പെണ്‍പട ഇന്ത്യയിലേക്ക് വിമാനം കയറുന്നത്.
സോഫി മോളിനക്‌സിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് കൂടിയായിരിക്കും ഏകദിന ലോകകപ്പ് സാക്ഷ്യം വഹിക്കുക. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് എട്ട് മാസത്തോളം മോളിനക്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാലിപ്പോള്‍ പൂര്‍ണ ആരോഗ്യവതിയായി കളത്തിലേക്ക് മടങ്ങിയെത്താനാണ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഒരുങ്ങുന്നത്.
ഐ.സി.സി വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീമാണ് ഓസ്ട്രലിയ. 1973 മുതല്‍ 2022 വരെ നടന്ന ലോകകപ്പിന്റെ 12 എഡിഷനിലും ഓസീസ് സെമി ഫൈനല്‍ കളിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനാകാത്ത നേട്ടമാണിത്.
ടൂര്‍ണമെന്റില്‍ ഏഴ് തവണയാണ് ഓസ്‌ട്രേലിയന്‍ വനിതകള്‍ കിരീടമുയര്‍ത്തിയത്. 1973ലെ ആദ്യ സീസണില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും അടുത്ത മൂന്ന് ലോകകപ്പും വിജയിച്ചാണ് ഓസീസ് കരുത്ത് കാട്ടിയത്. തുടര്‍ന്ന് നാല് തവണ കൂടി ഇവര്‍ കിരീടം കങ്കാരുക്കളുടെ നാട്ടിലെത്തിച്ചു.
1978, 1982, 1983, 1997, 2005, 2013, 2022 എന്നീ വര്‍ഷങ്ങളിലാണ് ഓസീസ് കപ്പുയര്‍ത്തിയത്. 1973ന് പുറമെ 2000ലും ഫൈനലില്‍ പരാജയപ്പെട്ടു.
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു ടീമിനും ഇത്രത്തോളം കിരീടം നേടാന്‍ സാധിച്ചിട്ടില്ല. ഏറ്റവുമധികം കിരീടനേട്ടങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ആറ് കിരീടം നേടിയ ഓസ്‌ട്രേലിയന്‍ പുരുഷ ടീം അടക്കം ‘സതേണ്‍ സ്റ്റാര്‍സിന്’ പിന്നിലാണ്.
ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ഡോമിനന്‍സ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കാനും എട്ടാം കിരീടം നേടാനുമാകും ഓസ്‌ട്രേലിയ ലോകകപ്പിനെത്തുക.
ഒക്ടോബര്‍ ഒന്നിനാണ് ഓസ്‌ട്രേലിയ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തനിറങ്ങുന്നത്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content Highlight: 2025 Women’s ODI World Cup: Australia announced squad