ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ മത്സരത്തില്‍ മുംബൈക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155ന് തളയ്ക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചു.
ആവേശം നിറഞ്ഞ മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
എന്നിരുന്നാലും മുംബൈക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ മിന്നും പ്രകടനം കാഴ്ചവെച്ച യുവ താരം വിഘ്‌നേശ് പുത്തൂരിനെക്കുറിച്ചാണ് ക്രിക്കറ്റ് ആരാധകര്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. 30 ലക്ഷത്തിന് മുംബൈ ടീമില്‍ എത്തിച്ച മലയാളി സ്പിന്നറാണ് വിഘ്‌നേശ്. തുടര്‍ന്ന് തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംപാക്ട് പ്ലെയര്‍ റോളില്‍ കളത്തിലിറങ്ങി തകര്‍പ്പന്‍ പ്രകടനമാണ് താരം അരങ്ങേറ്റത്തില്‍ തന്നെ കാഴ്ചവെച്ചത്.
മികച്ച ഫോമില്‍ കളിച്ച ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ (26 പന്തില്‍ 53) വില്‍ ജാക്‌സിന്റെ കയ്യിലെത്തിച്ചാണ് സ്പിന്നര്‍ ആദ്യ വിക്കറ്റ് നേടിയത്. തുടര്‍ന്ന് ക്രീസിലെത്തിയ ശിവം ദുബെയെ ഒമ്പത് റണ്‍സിന് തിലക് വര്‍മയുടെ കയ്യിലെത്തിച്ച് രണ്ടാം വിക്കറ്റും വിഘ്‌നേശ് നേടി.
ഏറെ വൈകാതെ മൂന്ന് റണ്‍സ് നേടിയ ദീപക് ഹൂഡയുടെ വിക്കറ്റും താരം നേടി. മലയാളി താരമായ വിഘ്‌നേശ് കേരളത്തിന് വേണ്ടി പ്രൊഫഷണല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. വലിയ അനുഭവ പരിചയമില്ലാത്ത താരം ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തി അമ്പരപ്പിച്ചിരിക്കുകയാണ്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാമതാകാനാണ് താരത്തിന് സാധിച്ചത്.