വലിയ ആത്മവിശ്വാസമാണവന്, ഗ്രൗണ്ടിന് പുറത്തേക്ക് അവന്‍ സിക്‌സര്‍ അടിക്കുന്നു; യുവ താരത്തെക്കുറിച്ച് സഞ്ജു സാംസണ്‍
Sports News
വലിയ ആത്മവിശ്വാസമാണവന്, ഗ്രൗണ്ടിന് പുറത്തേക്ക് അവന്‍ സിക്‌സര്‍ അടിക്കുന്നു; യുവ താരത്തെക്കുറിച്ച് സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th March 2025, 2:40 pm

2025 മാര്‍ച്ച് 22നാണ് ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഐ.പി.എല്‍ ആരംഭിക്കുന്നത്. ഇതോടെ എല്ലാ താരങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസിയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആരാധകരുടെ ഫേവറേറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന ടീമാണ് മലയാളി താരം സഞ്ജു സാംസണ്‍നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടന്ന മെഗാ ലേലത്തില്‍ വെറും 13 വയസ് പ്രായമുള്ള വൈഭവ് സൂര്യവാന്‍ഷിയെ റോയല്‍സ് സ്വന്തമാക്കിയിരുന്നു. 1.1 കോടിക്കാണ് വൈഭവിനെ റോയല്‍സ് ടീമിലെത്തിച്ചത്. ആഭ്യന്തര മത്സരങ്ങളില്‍ ബീഹാറിന് വേണ്ടിയാണ് താരം കളിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ മിന്നും പ്രകടനമാണ് താരം നടത്തുന്നത്. ഇപ്പോള്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ യുവ താരത്തെക്കുറിച്ച് സംസാരിക്കുകയാണ്. ജിയോ ഹോട്‌സ്റ്റാറില്‍ നടന്ന സൂപ്പര്‍ സ്റ്റാര്‍സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

യുവ താരങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണെന്നും വൈഭവിന് ഇഷ്ടമുള്ള ബാറ്റിങ് ശൈലിയെ പിന്തുണയ്ക്കുമെന്നും സഞ്ജു പറഞ്ഞു. വൈഭവ് പരിശീലന സെഷനില്‍ ഗ്രൗണ്ടിന് പുറത്തേക്ക് സിക്‌സറുകള്‍ അടിക്കുന്നുവെന്നും സഞ്ജു പറഞ്ഞു.

‘യുവ താരങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവ് ഒട്ടും ഇല്ല. അവര്‍ വളരെ ധീരരാണ്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവിലെ സാഹചര്യവും കളിക്കേണ്ട ശൈലിയും അവര്‍ മനസിലാക്കുന്നു. എനിക്ക് ഉപദേശം നല്‍കുന്നതിനേക്കാള്‍, ഒരു യുവതാരം എങ്ങനെ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു, അവന് എന്താണ് ഇഷ്ടം, എന്നില്‍ നിന്ന് അവന് എന്ത് തരത്തിലുള്ള പിന്തുണയാണ് വേണ്ടത് എന്നിവയാണ് ഞാന്‍ നിരീക്ഷിക്കുന്നത്. ഞാന്‍ ആ വഴിക്ക് പ്രവര്‍ത്തിക്കുന്നു,

വൈഭവ് വളരെ ആത്മവിശ്വാസമുള്ളവനാണ്. അക്കാദമിയില്‍ അദ്ദേഹം ഗ്രൗണ്ടില്‍ നിന്ന് സിക്‌സറുകള്‍ അടിക്കുന്നു, അവന്റെ പവര്‍-ഹിറ്റിങ്ങിനെക്കുറിച്ച് ആളുകള്‍ ഇതിനകം സംസാരിക്കുന്നു. നിങ്ങള്‍ക്ക് മറ്റെന്താണ് വേണ്ടത്? അദ്ദേഹത്തിന്റെ ശക്തികള്‍ മനസിലാക്കുക, അദ്ദേഹത്തെ പിന്തുണയ്ക്കുക, ഒരു മൂത്ത സഹോദരനെപ്പോലെ അദ്ദേഹത്തോടൊപ്പം ഉണ്ടാകും,’ സഞ്ജു പറഞ്ഞു.

 

Content Highlight: 2025 IPL: Sanju Samson Talking About Vaibhav Suryavanshi