ലോകമെമ്പാടുമുള്ള സൂപ്പര്‍താരങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു, പക്ഷെ...തുറന്ന് പറഞ്ഞ് സഞ്ജു
Sports News
ലോകമെമ്പാടുമുള്ള സൂപ്പര്‍താരങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു, പക്ഷെ...തുറന്ന് പറഞ്ഞ് സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th March 2025, 7:12 pm

2025 ഐ.പി.എല്‍ മാമാങ്കത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22നാണ് ഐ.പി.എല്‍ മാമാങ്കം ആരംഭിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ടൂര്‍ണമെന്റിന് മുന്നോടിയായി ആരാധകരുടെ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ജിയോഹോട്ട്‌സ്റ്റാറില്‍ സംസാരിച്ചിരുന്നു.

കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന് മികച്ച താരങ്ങളെ ലഭിക്കുകയും ഉയര്‍ന്ന വിജയ ശതമാനം നേടാനും സാധിച്ചെന്ന് സഞ്ജു പറഞ്ഞു. ലോകത്തെ സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടായിരുന്നെന്നും എന്നാല്‍ ഐ.പി.എല്‍ നിയമമനുസരിച്ച് ആ ടീം ഒഴിവാക്കി പുതിയ ഒരു കുടുംബം ഉണ്ടാക്കേണമെന്നും സഞ്ജു പറഞ്ഞു. മാത്രമല്ല 13 വയസുള്ള താരം മുതല്‍ 35 വയസുകാരനായ താരം വരെയുള്ള ടീമാണ് ഇത്തവണ ഉള്ളതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ മൂന്ന് സീസണുകളിലും ഐ.പി.എല്ലിന്റെ ഏറ്റവും മികച്ച സൈക്കിളുകളായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചത്. രാജസ്ഥാന്‍ റോയല്‍സിന് മികച്ച താരങ്ങളേയും ഏറ്റവും ഉയര്‍ന്ന വിജയ ശതമാനവും ലഭിച്ചു,

ലോകമെമ്പാടുമുള്ള സൂപ്പര്‍താരങ്ങളും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു, അത് ഒരു കുടുംബം പോലെയായിരുന്നു. എന്നാല്‍, ഐ.പി.എല്‍ നിയമങ്ങള്‍ അനുസരിച്ച്, നിങ്ങള്‍ ആ കുടുംബത്തെ ഉപേക്ഷിച്ച് വീണ്ടും ഒരു പുതിയ കുടുംബം കെട്ടിപ്പടുക്കേണ്ടതുണ്ട്.

13 വയസുകാരന്‍ മുതല്‍ 35 വയസുകാരന്‍ വരെയുള്ള ചില രസകരമായ കളിക്കാരെ ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്, ഇത് ടീമില്‍ യുവത്വത്തിന്റെയും അനുഭവപരിചയത്തിന്റെയും ഒരു മിശ്രിതം സൃഷ്ടിക്കും,’ ജിയോഹോട്ട്സ്റ്റാറിലെ സൂപ്പര്‍സ്റ്റാര്‍സില്‍ പ്രത്യേകമായി സംസാരിക്കവെ സാംസണ്‍ പറഞ്ഞു.

അതേസമയം മാര്‍ച്ച് 23നാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. മുന്‍ ചാമ്പ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

Content Highlight: 2025 IPL: Sanju Samson Talking About Rajasthan Royals