| Wednesday, 22nd October 2025, 6:58 am

ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് കൊടുക്ക് 'ട്രോഫിക്കള്ളാ'; ബി.സി.സി.ഐക്ക് മറ്റ് രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് കൈമാറാത്ത ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാകിസ്ഥാന്‍ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയുടെ തീരുമാനത്തില്‍ അതൃപ്തി വ്യക്തമാക്കി മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും (എസ്.എല്‍.സി), അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമാണ് (എ.സി.ബി) ബി.സി.സി.ഐക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

ടൂര്‍ണമെന്റ് വിജയിച്ച ഇന്ത്യയ്ക്ക് എത്രയും പെട്ടന്ന് തന്നെ കിരീടം കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരു ബോര്‍ഡുകളും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് (എ.സി.സി) കത്തെഴുതി.

‘ബി.സി.സി.ഐ സെക്രട്ടറി, ബി.സി.സി.ഐയുടെ എ.സി.സി പ്രതിനിധി രാജീവ് ശുക്ല, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ക്രിക്കറ്റ് ബോര്‍ഡുകളുടെ പ്രതിനിധികള്‍ എന്നിവര്‍ ഇന്ത്യയ്ക്ക് ട്രോഫി കൈമാറുന്നതുമായി ബന്ധപ്പെട്ട് എ.സി.സി പ്രസിഡന്റിന് കത്തെഴുതിയിരുന്നു,’ സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ എ.സി.സി പ്രതിനിധി പറഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ ടീമോ, ടീമിന്റെ പ്രതിനിധികളോ എ.സി.സി ആസ്ഥാനത്ത് എത്തി തന്റെ കയ്യില്‍ നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന കടുംപിടുത്തം നഖ്‌വി തുടരുകയാണ്.

മൊഹ്‌സിന്‍ നഖ്‌വി

‘എന്നാല്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ദുബായിലെത്തി തന്റെ കയ്യില്‍ നിന്നും തന്നെ ട്രോഫി സ്വീകരിക്കണമെന്ന അദ്ദേഹത്തിന്റെ (മൊഹ്‌സിന്‍ നഖ്‌വി) നിലപാടില്‍ മാറ്റമൊന്നുമില്ല. അതിനാല്‍ തന്നെ ഈ വിഷയം തീരുമാനങ്ങളില്ലാതെ തുടരുകയാണ്.

അദ്ദേഹത്തില്‍ നിന്നും ട്രോഫി സ്വീകരിക്കില്ല എന്ന് ബി.സി.സി.ഐ ഇതിനോടകം തന്നെ തങ്ങളുടെ തീരുമാനം അറിയിച്ചിരിക്കുകയാണ്. ഐ.സി.സി യോഗത്തില്‍ ഈ കാര്യം തീരുമാനത്തിലെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ എ.സി.സി പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

ഏഷ്യാ കപ്പിന്റെ കിരീടപ്പോരാട്ടത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമണിഞ്ഞത്. എന്നാല്‍ പാക് മന്ത്രിയായ മൊഹ് സിന്‍ നഖ്‌വിയില്‍ നിന്നും കിരീടം സ്വീകരിക്കില്ല എന്ന് ഇന്ത്യ തീരുമാനമെടുത്തു. ട്രോഫി പ്രസന്റേഷന്‍ ചടങ്ങില്‍ സ്റ്റേജിലെത്താതെ ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ തന്നെ തുടരുകയായിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെയാണ് ഇന്ത്യ ഏഷ്യാ കപ്പ് വേദിയില്‍ അസാധാരണ നടപടി സ്വീകരിച്ചത്. ഹസ്തദാന വിവാദവും ഇന്ത്യ – പാകിസ്ഥാന്‍ ഫൈനല്‍ പോരാട്ടത്തിന് ചൂടേറ്റിയിരുന്നു.

ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് കിരീടം വേണമെങ്കില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് എ.സി.സി ആസ്ഥാനത്തെത്തി തന്റെ കയ്യില്‍ നിന്ന് തന്നെ വാങ്ങിക്കണമെന്ന പിടിവാശിയിലാണ് ഇപ്പോഴും മൊഹ്‌സിന്‍ നഖ്‌വി.

തന്റെ കയ്യില്‍ നിന്നും ട്രോഫി സ്വീകരിക്കില്ല എന്ന ഇന്ത്യയുടെ നിലപാടിന് പിന്നാലെ നഖ്‌വി കിരീടവുമായി പോവുകയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴി വെച്ചിരുന്നു. ഇന്ത്യയെ തോല്‍പിച്ച് കിരീടം നേടാന്‍ സാധിക്കാത്തതിനാല്‍, പാകിസ്ഥാന്‍ ട്രോഫി മോഷ്ടിച്ചു എന്നടക്കമായിരുന്നു ട്രോളുകളും പരിഹാസങ്ങളും.

ഇതോടെ ടൂര്‍ണമെന്റ് വിജയിച്ചിട്ടും ട്രോഫി ഇന്ത്യയ്ക്ക് അന്യമായി തുടരുകയാണ്.

Content Highlight: 2025 Asia Cup trophy controversy: Two cricket boards join hands with BCCI to write to ACC regarding handing over the trophy to India.

We use cookies to give you the best possible experience. Learn more