ഒടുവില്‍ ഏഷ്യാ കപ്പിന്റെ കാര്യത്തിലും തീരുമാനമായി!
Sports News
ഒടുവില്‍ ഏഷ്യാ കപ്പിന്റെ കാര്യത്തിലും തീരുമാനമായി!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th May 2025, 12:29 pm

2025 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങും. പാകിസ്ഥാനും ഇന്ത്യയുമായുളള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ബി.സി.സി.ഐ നിര്‍ണായക നീക്കത്തിനൊരുങ്ങുന്നത്. 2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന വനിത എമേര്‍ജിങ് ടീംസ് ഏഷ്യാകപ്പില്‍ നിന്നും ഇന്ത്യ പിന്‍മാറുമെന്ന് കാര്യം ബി.സി.സിഐ ഐ.സി.സിയെ അറിയിച്ചിട്ടുണ്ടെന്നാണ് പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഐ.സി.സി സംഘടിപ്പിക്കുന്ന, പാകിസ്ഥാന്‍ മന്ത്രി തലവനായ ഒരു ടൂര്‍ണമെന്റില്‍ ടീം ഇന്ത്യയ്ക്ക് മത്സരിക്കാന്‍ കഴിയില്ല. നമ്മുടെ ജനങ്ങളുടെ വികാരങ്ങളെ നാം മാനിക്കണം. വനിതാ എമേര്‍ജിങ് ടീമുകളുടെ ഏഷ്യാ കപ്പില്‍ നിന്നും മറ്റ് പരിപാടികളില്‍ നിന്നും പിന്മാറാനുള്ള ഞങ്ങളുടെ തീരുമാനത്തെക്കുറിച്ച് ഞങ്ങള്‍ ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി സംസാരിച്ചുവരികയാണ്,’ ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പറഞ്ഞു.

ഇന്ത്യ – പാക് സംഘര്‍ഷം നടന്ന സാഹചര്യത്തില്‍ തന്നെ ബി.സി.സി.ഐ തീരുമാനും വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളിലായി ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കാനിരിക്കുന്ന ഐ.സി.സി ടൂര്‍ണമെന്റ് ഇന്ത്യ പിന്‍മാറുന്നതോടെ അനിശ്ചിതത്തിലാകുമെന്ന് ഉറപ്പാണ്.

2023ല്‍ ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ കഴിഞ്ഞ തവണ ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് ഏഷ്യാ കപ്പില്‍ മത്സരിക്കാനിരുന്ന മറ്റ് ടീമുകള്‍.

ഹൈബ്രിഡ് മോഡല്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്‍ മുന്‍ പതിപ്പില്‍ ആതിഥേയത്വം വഹിച്ചത്. ഫൈനല്‍ ഉള്‍പ്പെടെ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ശ്രീലങ്കയിലാണ് കളിച്ചത്. അതുപോലെ ഇന്ത്യ ചാമ്പ്യന്‍മാരയ കഴിഞ്ഞ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഹൈബ്രിഡ് മോഡല്‍ ഉപയോഗിച്ചാണ് നടത്തിയത്. ന്യൂസിലന്‍ഡിനെതിരായ ഫൈനല്‍ ഉള്‍പ്പെടെ മെന്‍ ഇന്‍ ബ്ലൂ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിച്ചത്.

 

Content Highlight: 2025 Asia Cup: India pull out of Asia Cup 2025