നീതിയും ജനാധിപത്യവും തടവിലായ 2020
Discourse
നീതിയും ജനാധിപത്യവും തടവിലായ 2020
ശ്രിന്‍ഷ രാമകൃഷ്ണന്‍
Thursday, 31st December 2020, 7:21 pm

രാജ്യമാസകലം പ്രക്ഷുബ്ദമായി അലയടിച്ച പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭങ്ങളിലേക്കായിരുന്നു 2020 എന്ന വര്‍ഷം കാലെടുത്തുവെച്ചത്. സര്‍വകലാശാലകളില്‍ നിന്നാരംഭിച്ച സമരാഗ്നി രാജ്യത്തിന്റെ ഗ്രാമങ്ങളും നഗരങ്ങളും തെരുവുകളും കീഴടക്കി. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പൗരത്വത്തെ ചോദ്യം ചെയ്യുന്ന നിയമത്തിനെതിരെയുയര്‍ന്ന സമരവേലിയേറ്റങ്ങളെത്തുടര്‍ന്ന് കേന്ദ്രഭരണകൂടം പ്രതിസന്ധിയിലായി. ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ജനുവരിയുടെ കൊടും ശൈത്യത്തെ അതിജീവിച്ച് അമ്മമാര്‍ നടത്തിയ അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹ സമരം ലോകശ്രദ്ധയാകര്‍ഷിച്ചതോടെ മോദി സര്‍ക്കാറിന് വലിയ പരിക്കുകളുണ്ടായി.

അപ്രതീക്ഷിതമായി വന്ന കൊവിഡ് വ്യാപനം പൗരത്വവിരുദ്ധ സമരങ്ങളുടെ തുടര്‍ച്ചയ്ക്ക് വിഘാതങ്ങള്‍ സൃഷ്ടിച്ചു. ഷഹീന്‍ബാഗ് സമരം അവസാനിപ്പിക്കേണ്ടി വന്നു. ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യം നിശ്ചലമായി. ആളുകള്‍ വീട്ടിലിരിയ്‌ക്കേണ്ടി വന്നു. പക്ഷേ കേന്ദ്ര ഭരണകൂടം വെറുതെയിരുന്നില്ല. പൗരത്വ നിയമ വിരുദ്ധ സമരങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന ഓരോരുത്തരെയായി അവര്‍ വേട്ടയാടി. കേസുകളില്‍ കുടുക്കി. ജയിലിലടച്ചു. വിദ്യാര്‍ത്ഥി നേതാക്കള്‍, അക്കാദമിസ്റ്റുകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ അങ്ങനെ നിരവധി പേര്‍ തടവറയിലായി. തുടര്‍ച്ചയായ രാഷ്ട്രീയ അറസ്റ്റുകളുടെ വര്‍ഷം കൂടിയായിരുന്നു ഇന്ത്യയില്‍ 2020

സഫൂറ സര്‍ഗാര്‍

2020 ഏപ്രില്‍ 10നാണ് ജാമിഅ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ സഫൂറ സര്‍ഗാറിനെ ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി ദല്‍ഹി പൊലിസ് അറസ്റ്റു ചെയ്യുന്നത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സഫൂറ സര്‍ഗാര്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. രോഗാവസ്ഥയില്‍ മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നു. 2020 ജൂണ്‍ 23നാണ് സഫൂറ സര്‍ഗാറിന് ജാമ്യം ലഭിക്കുന്നത്.

മീരാന്‍ ഹൈദര്‍

ജാമിഅ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയും ആര്‍.ജെ.ഡി യുവജന വിഭാഗം ദല്‍ഹി അധ്യക്ഷനുമായ മീരാന്‍ ഹൈദറിനെ അറസ്റ്റ് ചെയ്തത് ദല്‍ഹിയില്‍ കലാപം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗുണ്ടകളെ സംഘടിപ്പിക്കാനും അക്രമം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങള്‍ അറിയിക്കാനും മീരാന്‍ ഹൈദര്‍ വാട്‌സ്ആപ്പ് ഉപയോഗിച്ചുവെന്നായിരുന്നു ദല്‍ഹി പൊലീസിന്റെ ആരോപണം.

ആസിഫ് ഇഖ്ബാല്‍ തന്‍ഹ

ജാമിഅ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന ആസിഫ് ഇഖ്ബാല്‍ തന്‍ഹയെ ജാമിഅ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ആദ്യം അറസ്റ്റ് ചെയ്യുകയും പിന്നീട് ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന കേസ് കൂടി ചുമത്തുകയായിരുന്നു. ജാമിഅ കോഡിനേഷന്‍ കമ്മിറ്റി അംഗമായ ആസിഫ് കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരേപാണമാണ് ദല്‍ഹി പൊലീസ് ഉന്നയിച്ചത്.

ഷര്‍ജീല്‍ ഇമാം

2020 ഏപ്രില്‍ 29നാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനു നേരെ യു.എ.പി.എ പ്രകാരം പൊലീസ് കേസെടുക്കുന്നത്. ഷര്‍ജീല്‍ ഒളിവില്‍പോയെന്ന വ്യാജ പ്രചരണങ്ങള്‍ ശക്തമാകുന്നതിനിടെയായിരുന്നു അദ്ദേഹം ദല്‍ഹി പൊലീസിന് മുന്നില്‍ കീഴടങ്ങുന്നത്. ജാമിഅ മിലിയ സര്‍വ്വകലാശാലയിലും ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലും നടത്തിയ പ്രസംഗത്തിന്റെ പേരിലായിലരുന്നു ഷര്‍ജീല്‍ ഇമാമിന്റെ അറസ്റ്റ്.

ഇസ്രത് ജഹാന്‍

പൗരത്വ സമരത്തിന്റെ ഭാഗമായി അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് നേതാവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ ഇസ്രത്ത് ജഹാനെ ദല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്യുന്നത്. ജയിലില്‍ ആയിരിക്കെ ഇസ്രത്ത് ജഹാന് വിവാഹിതയാകാന്‍ പത്ത് ദിവസത്തെ ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗ് മാതൃകയില്‍ സ്ത്രീകളെ സംഘടിപ്പിച്ച് സാമാധാനപരമായി സമരം നയിച്ച ഇസ്രത്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ദേവാംഗന കലിത, നടാഷ നര്‍വല്‍, ഗുല്‍ഷിഫാന്‍ ഫാത്തിമ

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ മെയ് മാസത്തിലാണ് പിഞ്ച്‌റ തോഡ എന്ന വനിതാ കൂട്ടായ്മയുടെ പ്രവര്‍ത്തകയായ ദേവാംഗന കലിതയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. 2020 സെപ്തംബറില്‍ അവര്‍ക്ക് ജാമ്യം അനുവദിച്ചു. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിലും സജീവമായിരുന്നു ദേവാംഗന കലിത. നാലു കേസുകളാണ് ദേവാംഗന കലിതയക്കെതിരെ ചുമത്തിയത്. ഗൂഢാലോന കുറ്റം ചുമത്തി പിഞ്ച്‌റ തോഡയുടെ പ്രവര്‍ത്തകയായ നടാഷ നര്‍വല്‍, ഗുല്‍ഷിഫാന്‍ ഫാത്തിമ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഉമര്‍ ഖാലിദ്

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസിലാണ് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന ഉമര്‍ ഖാലിദിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കലാപത്തിന്റെ ആസൂത്രകന്‍ എന്നാരോപിച്ച് ഉമര്‍ ഖാലിദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉമര്‍ ഖാലിദ് രണ്ട് സ്ഥലങ്ങളില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും യു.എസ്.പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തെരുവിലറങ്ങി റോഡുകള്‍ തടയണമെന്ന് പൗരന്മാരോട് അഭ്യര്‍ത്ഥിച്ചുവെന്നും എഫ്.ഐ.ആറില്‍ പൊലീസ് എഴുതിച്ചേര്‍ത്തു.

ആനന്ദ് തെല്‍തുംദേ

ബാബാസാഹെബ് അംബേദ്കറിന്റെ 129ാം ജന്മദിനമായ ഏപ്രില്‍ പതിനാലിനാണ് പ്രശസ്ത ദളിത് സൈദ്ധാന്തികനും ഗ്രന്ഥകാരനും അംബേദ്കറിന്റെ കുടുംബാംഗവുമായ ഡോ. ആനന്ദ് തെല്‍തുംദേയും അറസ്റ്റിലാകുന്നത്.

2018 ആഗസ്റ്റ് 29 ന് ഗോവയിലെ ആനന്ദ് തെല്‍തുംദെയുടെ വീട്ടില്‍ നടന്ന ഒരു പൊലീസ് റെയിഡോടുകൂടിയാണ് അദ്ദേഹത്തിന് നേരെയുള്ള ഭരണകൂടവേട്ട ആരംഭിക്കുന്നത്. 2018 ജനുവരി 1 ന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷങ്ങളുടെ ആസൂത്രകരിലൊരാളായി ആനന്ദ് തെല്‍തുംദെയെയും പട്ടികയില്‍ പെടുത്തിയ പൊലീസ്, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുന്നതിനായുള്ള മാവോയിസ്റ്റ് ഗൂഢാലോചന എന്ന പൊലീസ് ആരോപിക്കുന്ന കുറ്റകൃത്യത്തിലും അദ്ദേഹത്തെ പെടുത്തുകയായിരുന്നു. ഇതുപ്രകാരം അദ്ദേഹത്തിന് നേരെ യു.എ.പി.എ കുറ്റം ചുമത്തുകയും ചെയ്തു.

ഗൗതം നവ്‌ലാഖ്

ഭീമ കൊറേഗാവ് കേസില്‍ തന്നെയാണ് പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗൗതം നവലാഖ് അറസ്റ്റിലാകുന്നത്.  ആനന്ദ് തെല്‍തുംദേയ്‌ക്കൊപ്പം തന്നെയാണ് ഗൗതം നവ്‌ലാഖും എന്‍.ഐ.എയ്ക്ക് മുന്‍പില്‍ കീഴടങ്ങുന്നത്. അന്വേഷണ സംഘത്തിന് മുന്‍പാകെ കീഴടങ്ങാന്‍ സുപ്രീം കോടതി തെല്‍തുംദേയ്ക്കും നവ്‌ലാഖയ്ക്കും നിര്‍ദേശം നല്‍കുകയായിരുന്നു. ഭീമ കൊറേഗാവ് സംഭവത്തിന് പിന്നാലെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് നവ്‌ലാഖിനെതിരെയും കേസെടുക്കുന്നത്. ദല്‍ഹിയിലെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റൈറ്റ് എന്ന സംഘടനയുമായി ബന്ധപ്പെട്ടായിരുന്നു നവ്‌ലാഖ് പ്രവര്‍ത്തിച്ചിരുന്നത്.

സാഗര്‍ ഗോര്‍ഖെ, രമേഷ് ഗയ്ചോര്‍, ജ്യോതി ജഗ്തപ്

ഭീമ കൊറേഗാവ് സംഭവത്തില്‍ തന്നെയാണ് ഈ ്മൂന്ന് കലാപ്രവര്‍ത്തകരും അറസ്റ്റ് ചെയ്യപ്പെടുന്നത്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കബീര്‍ കലാമഞ്ചിന്റെ പ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ക്കെ, രമേഷ് ഗയ്ചോര്‍, ജ്യോതി ജഗ്തപ് എന്നിവരെ എന്‍.ഐ.എ അറസ്റ്റുചെയ്യുന്നത്.

ഹാനി ബാബു

2020 ജൂലായ് 28നാണ് ദല്‍ഹി സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബുവിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്.
ഭീമാ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറില്‍ മഹാരാഷ്ട്ര പൊലീസ് ഹാനി ബാബുവിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ലാപ്‌ടോപ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളും അദ്ദേഹത്തിന്റെ അക്കാദമിക്ക് രേഖകളും പിടിച്ചെടുത്തിരുന്നു. ലാപ്‌ടോപിലെ ചില വിവരങ്ങളിലൂടെ ഹാനി ബാബുവിന് മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തി എന്നായിരുന്നു എന്‍.ഐ.എ അവകാശപ്പെട്ടത്.

സ്റ്റാന്‍ സ്വാമി

ഇന്ത്യയിലെ അറിയപ്പെടുന്ന നിരവധി സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും ബുദ്ധി ജീവികളുമെല്ലാം മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ ഭീമ കൊറേഗാവ് കേസില്‍ ഏറ്റവുമൊടുവില്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള വൈദികനായ ഫാദര്‍ സ്റ്റാന്‍ സ്വാമി. 83 വയസ്സുകാരനായ ഫാദര്‍ സ്റ്റാന്‍സ്വാമി കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസി അവകാശ സമരങ്ങളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 2020 where justice and democracy are imprisoned