യു.എ.പി.എ കേസ്‌: ഉമര്‍ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷകള്‍ കോടതി വിധി പറയാന്‍ മാറ്റി
India
യു.എ.പി.എ കേസ്‌: ഉമര്‍ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷകള്‍ കോടതി വിധി പറയാന്‍ മാറ്റി
റെന്വര്‍ പി
Saturday, 4th July 2026, 3:51 pm

ന്യൂദല്‍ഹി: പൗരത്വ സമരകാലത്തെ യു.എ.പി.എ കേസില്‍ ഉമര്‍ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷകള്‍ കോടതി വിധി പറയാന്‍ മാറ്റി. 2020ലെ നോര്‍ത്ത് ദെല്‍ഹി കലാപത്തിനായി ഗൂഡാലോചന നടത്തിയെന്ന് ആരോപണത്തില്‍ യു.എ.പി.എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹി കര്‍കര്‍ദൂമ കോടതിയില്‍ കഴിഞ്ഞ മാസം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ഹരജിയില്‍ ഇന്ന് വൈകിട്ടോ തിങ്കളാഴ്ചയോ വിധി പറയുമെന്ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം കര്‍കര്‍ദൂമ കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് സമീര്‍ ബാജ്‌പൈ പറഞ്ഞു. നേരത്തെ ജൂണ്‍ 13ന് ഹരജി കോടതി പരിഗണിച്ചിരുന്നു. അന്ന് ജാമ്യാപേക്ഷകളില്‍ കോടതി ദല്‍ഹി പൊലീസിന്റെ പ്രതികരണം തേടി. പിന്നീട് ഹരജി ജൂലൈ നാലിന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.

വിചാരണാ നടപടികള്‍ ആരംഭിക്കാതെ വര്‍ഷങ്ങളായി തടവിലിടുന്നത് തങ്ങളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഷര്‍ജീലിന്റെയും ഉമറിന്റെയും ജാമ്യ ഹരജി. നേരത്തെ താന്‍ അപേക്ഷിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നെങ്കിലും പിന്നീട് സാഹചര്യങ്ങളില്‍ മാറ്റം വന്നുവെന്ന് ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യ ഹരജിയില്‍ പറയുന്നു.

ഈ വര്‍ഷം മെയില്‍ മറ്റൊരു കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തെക്കുറിച്ചാണ് ഷര്‍ജീലിന്റെ ഹരജിയില്‍ സൂചിപ്പിക്കുന്നത്. ഷര്‍ജീലിനും ഉമറിനും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധിയില്‍ ഈ വര്‍ഷം മേയില്‍ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇരുവരും വീണ്ടും ജാമ്യാപേക്ഷ സമര്‍പിച്ചിട്ടുള്ളത്.

ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ട് ആറ് മാസം കഴിഞ്ഞെന്നും ഇപ്പോഴും വിചാരണ നടപടികളില്‍ അര്‍ത്ഥവത്തായ പുരോഗതിയില്ലെന്നും ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ജനുവരിയിലാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഉമറിനും ഷര്‍ജീലിനും ജാമ്യം നിഷേധിച്ചത്.

ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ജനുവരിയില്‍ ഉമറിനും ഷര്‍ജീലിനും ജാമ്യം നിഷേധിച്ചത്. ബി.വി. നാഗരത്ന, ഉജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ചാണ് മേയില്‍ ജനുവരിയിലെ വിധിയെ ചോദ്യം ചെയ്തത്.

നേരത്തെ മറ്റൊരു കേസില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി മറി കടന്നാണ് അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരുടെ രണ്ടംഗ ബെഞ്ച് ജാമ്യം നിഷേധിച്ചതെന്നായിരുന്നു ബി.വി. നാഗരത്ന, ഉജ്ജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചത്.

യു.എ.പി.എ കേസുകളില്‍ വിചാരണക്കുള്ള കാലതാമസം ജാമ്യം നല്‍കാന്‍ മതിയായ കാരണമാണെന്ന് 2021ലെ കെ.എം. നജീബ് കേസില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി നിലവിലുണ്ട്. ഈ വിധി ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യഹരജി പരിഗണിച്ച രണ്ടംഗ ബെഞ്ച് മറികടന്നു. കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്റെ നേരത്തെയുള്ള വിധികള്‍ കുറഞ്ഞ അംഗങ്ങളുള്ള ബെഞ്ച് പിന്തുടരേണ്ടതുണ്ടെന്ന് നാഗരത്നയുടെയും, ഉജല്‍ ഭുയ്യാന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

വലിയ ബെഞ്ചിന്റെ വിധിന്യായത്തെ മറികടക്കാന്‍ ചെറിയ ബെഞ്ചിന് സാധിക്കില്ലെന്ന് അന്ന് കോടതി നിരീക്ഷിച്ചിരുന്നു. അങ്ങനെ മറികടക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ജാമ്യമാണ് നിയമമെന്നും ജയില്‍ എന്നത് അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമാണ് എന്നുമുള്ള വ്യവസ്ഥ യു.എ.പി.എ കേസുകളിലും ബാധകമാണെന്നും അന്ന് നാഗരത്നയുടെയും, ഉജ്ജല്‍ ഭുയ്യാന്റെയും ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Content Highlight: 2020  North Delhi Riots case: Delhi Court reserves bail order for Umar Khalid, Sharjeel Imam

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.