1921; ചരിത്രവായനകളിലെ സങ്കീര്‍ണതകള്‍
Malabar rebellion
1921; ചരിത്രവായനകളിലെ സങ്കീര്‍ണതകള്‍
മുഹമ്മദലി കിനാലൂര്‍
Sunday, 5th December 2021, 10:11 am

1921നെ എങ്ങനെ സംബോധന ചെയ്യണം എന്നിടത്തുനിന്ന് ആരംഭിക്കുന്നു മലബാര്‍ ചരിത്രവായനയിലെ സങ്കീര്‍ണതകള്‍. സമരം, പ്രക്ഷോഭം, ലഹള, വിപ്ലവം, കലാപം, പോരാട്ടം, യുദ്ധം എന്നിങ്ങനെ പല വാക്കുകള്‍ 1921ലെ ചരിത്രസന്ദര്‍ഭത്തെ അടയാളപ്പെടുത്താന്‍ ചരിത്രകാരന്മാര്‍ ഉപയോഗിക്കുന്നുണ്ട്. ചരിത്രമെഴുതിയവരുടെ പ്രത്യയശാസ്ത്രനുഭാവങ്ങളും സാമൂഹിക അനുഭവങ്ങളും ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. സ്ഥലപ്പേരിലേക്കും (മലബാര്‍), സമുദായത്തിലേക്കും (മാപ്പിള), തൊഴിലിലേക്കും (കര്‍ഷകന്‍), സാമൂഹികനിലയിലേക്കും (കുടിയാന്‍മാര്‍), സമരത്തിന്റെ ലക്ഷ്യത്തിലേക്കും (സ്വാതന്ത്ര്യം) 1921നെ ചേര്‍ത്തിപ്പറഞ്ഞവരുണ്ട്.

മലബാറിനെ വിശിഷ്യാ മലപ്പുറത്തെ അവമതിക്കാനും ആ ഭൂപ്രദേശത്തെ ജനങ്ങളെ മതം നോക്കി അപരവത്കരിക്കാനും വര്‍ഗീയശക്തികള്‍ ശ്രമിക്കുന്ന കാലത്ത് 1921നെ മലബാറിലേക്ക് ചേര്‍ത്തിപ്പറയുന്നതില്‍ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതിനാല്‍ 1921ന്റെ ചരിത്രസന്ദര്‍ഭങ്ങളെ വിവരിക്കാന്‍ മലബാര്‍ പ്രക്ഷോഭം, മലബാര്‍ സമരം എന്നീ പ്രയോഗങ്ങളാണ് ഈ പ്രബന്ധത്തില്‍ ഉപയോഗിക്കുന്നത്.

ബ്രിട്ടീഷ് രേഖകള്‍, പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ അനുഭവാഖ്യാനങ്ങള്‍, അക്കാലത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍, ചരിത്രകാരന്മാരുടെ ഗവേഷണപഠനങ്ങള്‍, കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും രാഷ്ട്രീയ വിശകലനങ്ങള്‍ എന്നിങ്ങനെ വിവിധ സ്രോതസുകളാണ് മലബാര്‍ പഠനത്തില്‍ ഇന്ന് ലഭ്യമായിട്ടുള്ളത്. മലബാര്‍ എന്നത് ഒരു വലിയ ഭൂപ്രദേശത്തെ കുറിക്കുന്ന പേരാണെങ്കിലും മലബാറിന്റെ എല്ലാ ഭാഗങ്ങളിലും പ്രക്ഷോഭം ഉണ്ടായിട്ടില്ല. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ജീവിതങ്ങളില്‍ നിന്ന് ഭിന്നമായ തൊഴില്‍, സാമൂഹികനിലകള്‍ ഉണ്ടായിരുന്നിടങ്ങളില്‍ പ്രക്ഷോഭം കത്തിപ്പടര്‍ന്നില്ല. പ്രക്ഷോഭം നടന്ന പ്രദേശങ്ങളിലെത്തന്നെ മുഴുവന്‍ ജനങ്ങളും അതില്‍ ഭാഗവാക്കായിട്ടില്ല.

                                                            1921ലെ തെക്കന്‍ മലബാര്‍‌

പ്രക്ഷോഭത്തിലെ പങ്കാളിത്തത്തില്‍ സാമുദായികമായി നോക്കിയാല്‍ മുസ്‌ലിങ്ങള്‍ക്കായിരുന്നു മേല്‍ക്കൈ. പുതുതായി ഇസ്‌ലാം സ്വീകരിച്ചവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. മുസ്‌ലിമാകുന്നതിലൂടെ കരഗതമാകുന്ന അഭിമാനകരമായ മനുഷ്യാവസ്ഥ മലബാറിലെ ഇസ്‌ലാമാശ്ലേഷത്തെ വേഗപ്പെടുത്തിയ ഘടകമാണ്. മുസ്‌ലിമേതര സമുദായത്തില്‍ അനുഭവിച്ചിരുന്ന കൊടിയ ഉച്ചനീചത്വങ്ങളില്‍ നിന്ന് മോചനം തേടി ഇസ്‌ലാമിലേക്ക് അക്കാലത്ത് വ്യാപകമായ ഒഴുക്ക് ഉണ്ടാകുന്നു. ബ്രിട്ടീഷ് വിരുദ്ധ, ജന്മിവിരുദ്ധ പ്രക്ഷോഭത്തിലേക്ക് ചാടിയിറങ്ങാന്‍ പുതുതായി ഇസ്‌ലാം സ്വീകരിച്ചവര്‍ പോലും സന്നദ്ധമായത് സാമൂഹികമായി അവര്‍ കൈവരിച്ച വര്‍ധിച്ച ആത്മവിശ്വാസത്തിന്റെയും ആത്മാന്തസ്സിന്റെയും പിന്‍ബലത്തിലാണ്.

മുസ്‌ലിമേതര സമുദായത്തില്‍ത്തന്നെ നിലയുറപ്പിച്ചവര്‍ -അവരെ ഹിന്ദുക്കള്‍ എന്ന് വിശേഷിപ്പിക്കാത്തത് മനപ്പൂര്‍വമാണ്. കീഴാളരെ മനുഷ്യരായി പോലും പരിഗണിക്കാതിരുന്ന ജാതിമേധാവിത്തം അവരെ സ്വന്തം മതത്തില്‍പ്പെട്ടവരായി അംഗീകരിക്കാന്‍ ന്യായം കാണുന്നില്ല. ഡോ. കെ.എസ്. മാധവന്റെ നിരീക്ഷണം പ്രസ്താവ്യമാണ്: ‘അയിത്തജാതിക്കാരെ ജാതിഹിന്ദുക്കള്‍ ഹിന്ദുക്കളായി കണ്ടിരുന്നില്ല. അയിത്തക്കാരും ജാതി അടിമകളുമായിട്ടാണ് അവരെ ജാതിഹിന്ദുക്കള്‍ കണ്ടിരുന്നത്’ (ടി.എന്‍. ജോയ് അനുസ്മരണപ്രഭാഷണം 2021) അവര്‍ എന്തുകൊണ്ട് ജന്മിമാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരായ പ്രക്ഷോഭത്തില്‍ പങ്കാളികള്‍ ആയില്ല?

ഡോ. കെ ഗോപാലന്‍കുട്ടി പറയുന്നതിങ്ങനെയാണ്: ‘ഹിന്ദു കുടിയാന്മാര്‍ കലാപത്തിനൊരുങ്ങാത്തതിന്റെ പ്രധാനപ്പെട്ട കാരണം ജാതിവ്യവസ്ഥ തന്നെ. ജാതി എന്നത് ആചാരാധിപത്യമുള്ള ഒരു ശ്രേണിയാണ്. ഇത് അനുസരണശീലവും വിധേയത്വവും ഉണ്ടാക്കുന്ന ഒന്നുമാണ്. ഉള്‍നാടുകളില്‍ ബഹിഷ്‌കരണമെന്നത് മനുഷ്യരെ നിരാലംബരും നിസ്സഹായരുമാക്കുന്ന ഒരു ഏര്‍പ്പാടായിരുന്നു. ചില നായന്മാര്‍ക്ക് സംബന്ധത്തിലൂടെയും മറ്റും നമ്പൂതിരി ജന്മിമാരുമായുണ്ടായിരുന്ന ബന്ധവും കലാപത്തിന്റെ സാധ്യതകള്‍ കുറച്ചു.’ (പുസ്തകം: മലബാര്‍ പഠനങ്ങള്‍, പേജ് 8, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്).

മലബാര്‍ പ്രക്ഷോഭത്തെക്കുറിച്ച് ബ്രിട്ടീഷ് പക്ഷത്തുനിന്നുള്ള പ്രധാനരചന ആര്‍.എച്. ഹിച്‌കോക്കിന്റേതാണ്. പ്രക്ഷോഭത്തിലെ മുസ്‌ലിം മുന്‍കൈ എന്തുകൊണ്ട് എന്നതിലേക്ക് വെളിച്ചം വീശുന്ന മറ്റൊരു നിരീക്ഷണം അദ്ദേഹത്തിന്റേതായുണ്ട്. ‘മാപ്പിളമാരുടെയും ഹിന്ദുക്കളുടെയും ജീവിതരീതിയിലുള്ള വ്യത്യാസം കലാപത്തെ സ്വാധീനിച്ച പ്രധാന ഘടകമാണ്. കലാപമേഖലകളില്‍ ഹിന്ദുക്കളുടെ ജനസംഖ്യ വളരെ കുറവാണ്. മാപ്പിളമാര്‍ ആഴ്ചയിലൊരിക്കല്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടുന്നു. കൂടാതെ പള്ളിയില്‍ വെച്ച് അവര്‍ ഇടയ്ക്കിടയ്ക്ക് കണ്ടുമുട്ടുന്നു. അതുകൊണ്ടുതന്നെ മാപ്പിളമാര്‍ക്ക് പൊതുവായ അഭിപ്രായ രൂപീകരണത്തിന് അവസരമുണ്ട്. അപൂര്‍വം ചില ഉത്സവ സമയങ്ങളില്‍ മാത്രമാണ് ഹിന്ദുക്കള്‍ ഒത്തുകൂടുന്നത്. അതുകൊണ്ട് അവര്‍ക്ക് അഭിപ്രായ സ്വരൂപണത്തിനു അവസരമില്ല.’

                      റിച്ചാര്‍ഡ് ഹൊവാര്‍ഡ് ഹിച്കോക്

ഹിച്ച്‌കോക്കിന്റെ വാക്കുകള്‍ മുഖവിലക്കെടുത്താല്‍ രണ്ട് കാര്യങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നുണ്ട്. ഒന്ന്, പള്ളികള്‍ ആ കാലത്തെ പ്രധാന സമരാലോചനാ കേന്ദ്രങ്ങളായിരുന്നു. രണ്ട്, ജന്മിമാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും എതിരായ സമരങ്ങള്‍ പൊടുന്നനെ ഉണ്ടായതല്ല, പള്ളികള്‍ കേന്ദ്രീകരിച്ചും അല്ലാതെയും കാര്യമായ ആലോചനകള്‍ നടന്നിട്ടുണ്ട്. ജന്മിമാര്‍ ഏറിയകൂറും ഹിന്ദുക്കളായിരുന്നു എന്നതും മാപ്പിള കുടിയാന്മാര്‍ അവരോടെതിരിട്ടു എന്നതും വസ്തുതയാണ്. മലബാര്‍ പ്രക്ഷോഭത്തിന്റെ സൂക്ഷ്മവായനകളിലൊന്ന്, അത് രാഷ്ട്രീയമായ ചെറുത്തുനില്‍പ്പ് മാത്രമല്ല സാമൂഹികമായ ഉണര്‍വ് കൂടിയായിരുന്നു എന്നതാണ്.

ബ്രിട്ടീഷ് രാജില്‍ നിന്നുള്ള മോചനം എന്ന വലിയ ലക്ഷ്യത്തിലേക്ക് മുന്നിടുമ്പോള്‍ത്തന്നെ സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന മനുഷ്യര്‍ക്ക് അടിമജീവിതത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള സന്ദര്‍ഭം കൂടിയായി പ്രക്ഷോഭകാലം മാറുന്നുണ്ട്. ജാതിമേധാവിത്തത്തിന്റെ കൂടി ഭാഗമായിരുന്ന ഫ്യൂഡല്‍ പ്രഭുക്കളും തമ്പ്രാന്‍മാരും സാമൂഹിക വിചാരണയ്ക്ക് വിധേയമാക്കപ്പെടുക കൂടിയാണ് 1921ലെ മലബാറില്‍.

ജാതിപ്രമാണിത്തത്തിന്റെ നേര്‍ക്ക് ചോദ്യങ്ങളുതിര്‍ക്കുന്ന ഒരു തലമുറ ഉണ്ടായിവരുന്നതിലൂടെ ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ദീര്‍ഘകാല പദ്ധതികള്‍ പൊളിച്ചുകളയുകയുമാണ് പ്രക്ഷോഭകര്‍. കുടിയാന്മാരെ അടിമകളായി കണ്ട് പണിയെടുപ്പിച്ചിരുന്ന, ചൂഷണം ചെയ്തിരുന്ന, മര്‍ദ്ദിച്ചിരുന്ന പ്രാദേശികാധികാര കേന്ദ്രങ്ങളുടെ മുട്ടുവിറപ്പിച്ച പ്രക്ഷോഭം എന്ന നിലക്ക് കൂടി 1921ലെ സംഭവവികാസങ്ങളെ വായിക്കണം.

                       മലബാര്‍സമര കാലത്ത് അറസ്റ്റിലാക്കപ്പെട്ടവരുടെ ദൃശ്യം

എന്തുകൊണ്ട് പ്രക്ഷോഭകരോട് ജന്മിമാര്‍ കഠിനശത്രുത പുലര്‍ത്തി എന്നാലോചിക്കുമ്പോള്‍ അവരുടെ ‘രാജയോഗത്തെ’യാണ് പ്രക്ഷോഭം തകര്‍ത്തുകളഞ്ഞത് എന്നതാണ് പ്രധാന ഉത്തരം. ജന്മിമാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമിടയിലുണ്ടായിരുന്നത് ‘ഇരുമെയ്യാണെങ്കിലും നമ്മളൊന്നെന്ന’ നിലയിലുള്ള ബന്ധമായിരുന്നു. അത് കുടിയാന്‍മാര്‍ക്ക് അറിയാമായിരുന്നു. ടിപ്പു സുല്‍ത്താന്റെ വാഴ്ചക്കാലത്ത് കുടിയാന്‍മാര്‍ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യവും ആത്മാന്തസും ബ്രിട്ടീഷ് ആധിപത്യത്തില്‍ ഇല്ലാതാകുന്നു. ടിപ്പു സുല്‍ത്താന്‍ പോയതിന് പിറകെ ജന്മിമാര്‍ ബ്രിട്ടീഷ് പിന്തുണയോടെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. അത് കര്‍ഷക, കുടിയാന്‍ ജീവിതം ദുസ്സഹമാക്കുന്നു. ബ്രിട്ടന്റെ സാമന്തന്മാര്‍ കണക്കേ അധികാരവകാശങ്ങള്‍ കയ്യാളിയവരാണ് ജന്മിമാര്‍.

‘ജന്മിയും കുടിയാനും തമ്മിലുള്ള വഴക്കില്‍ ഏതവസരത്തിലും അധികൃതര്‍ ജന്മിയുടെ പക്ഷത്താണ് നിന്നിട്ടുള്ളതെന്നും ജന്മിയെ താങ്ങി ഗവണ്‍മെന്റ് നില്‍ക്കുന്നതുപോലെ ഗവണ്‍മെന്റിനെ താങ്ങി ജന്മിയും നില്‍ക്കുന്നുണ്ടെന്നും ക്ഷുബ്ദരായ കുടിയന്‍മാര്‍ വിചാരിച്ചെങ്കില്‍ അത് സ്വാഭാവികമാണ്’ എന്ന് കോണ്‍ഗ്രസ് നേതാവും ചരിത്രകാരനുമായ ബാരിസ്റ്റര്‍ എ.കെ. പിള്ളയുടെ ‘കോണ്‍ഗ്രസും കേരളവും’ പുസ്തകത്തില്‍ വായിക്കാം.

                               ബാരിസ്റ്റര്‍ എ.കെ. പിള്ള

സമാനമായ നിരീക്ഷണം മനു എസ്. പിള്ളയും നടത്തുന്നു. ‘ടിപ്പുവിന്റെ പതനവും ജന്മിമാരുടെ പുനഃസ്ഥാപനവും ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഏര്‍പ്പെടുത്തപ്പെട്ട ഏകപക്ഷീയ വ്യവസ്ഥകളും അവരെ നാശത്തിലേക്ക് തള്ളിവിട്ടു. മാപ്പിളമാരെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാരും ജന്മിമാരും നാണയത്തിന്റെ ഒരേ വശത്തുതന്നെയുള്ള ഒരു അടിച്ചമര്‍ത്തല്‍ സഖ്യമായിരുന്നു.’ (ദി ന്യൂസ് മിനുട്ട് അഭിമുഖം/ധന്യ രാജേന്ദ്രന്‍).

മലബാര്‍ സമരത്തിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നിടത്ത് പ്രൊഫ. എ. ശ്രീധരമേനോനും ഈ അഭിപ്രായം പങ്കിടുന്നുണ്ട്. ‘ജന്മിമാരുടെ- അവരില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു- കൊടിയ പീഡനത്തിന് വിധേയരായിരുന്നു മാപ്പിള കുടിയാന്മാര്‍. അവര്‍ ജന്മിമാരുടെ അക്രമത്തിനെതിരെ സമരം തുടങ്ങി’ എന്നാണ് ‘കേരളവും സ്വാതന്ത്ര്യസമരവും’ എന്ന പുസ്തകത്തില്‍ ശ്രീധരമേനോന്‍ പറയുന്നത്.

പ്രൊഫ. എ. ശ്രീധരമേനോന്‍റെ  കേരളവും സ്വാതന്ത്ര്യസമരവും’എന്ന പുസ്തകം

ഹിന്ദുക്കളായ ജന്മിമാരോട് മുസ്‌ലിങ്ങളായ കുടിയാന്മാരുടെ മതപരമോ വര്‍ഗീയമോ ആയ എതിര്‍പ്പ് ആയിരുന്നില്ല പ്രക്ഷോഭത്തിന്റെ ഹേതു എന്ന് ഇതില്‍ നിന്നെല്ലാം മനസിലാക്കാം. മറിച്ച്, ബ്രിട്ടീഷ് ഭരണത്തെ താങ്ങിനിര്‍ത്തിയിരുന്ന ചൂഷകരായ ഭൂപ്രഭുക്കളെയാണ് മര്‍ദ്ദിതരായ കര്‍ഷകര്‍ പൊറുതികേടുകള്‍ക്കൊടുവില്‍ എതിരിട്ടത്.

ബ്രിട്ടീഷ് സര്‍ക്കാരില്‍ ഡെപ്യൂട്ടി കളക്ടര്‍ പദവി വഹിച്ചിരുന്ന ദിവാന്‍ ബഹദൂര്‍ സി. ഗോപാലന്‍ നായര്‍ എഴുതി, 1923-ല്‍ പ്രസിദ്ധീകൃതമായ The Moplah Rebellion 1921 എന്ന പുസ്തകമാണ് സമരത്തെ ആദ്യമായി വര്‍ഗീയമായി വായിച്ചത്. ഗോപാലന്‍ നായരുടെ ബ്രിട്ടീഷ് അടിമത്തമനസും ജന്മിത്ത പ്രതിനിധാനവും രഹസ്യമല്ല.

സി. ഗോപാലന്‍ നായര്‍ എഴുതിയ മാപ്പിള റിബെല്യണ്‍ എന്ന പുസ്തകം

അന്ന് പ്രചാരത്തില്‍ മുന്നിലുണ്ടായിരുന്ന ചില പത്രങ്ങള്‍ ബ്രിട്ടീഷനുകൂല ഭാഷ്യങ്ങളോട് സമരസപ്പെടുന്നതും അത് ആധികാരികമെന്നോണം പ്രസിദ്ധപ്പെടുത്തുന്നതും കാണാം. മലയാള മനോരമയും നസ്രാണി ദീപികയുമായിരുന്നു മുന്‍നിരയില്‍.

‘നീതിപൂര്‍ണമായ ബ്രിട്ടീഷ് പതാക സര്‍വോല്‍ക്കര്‍ഷേണ വര്‍ത്തിക്കട്ടെ’ എന്ന് എഴുതുവോളം (സെപ്റ്റംബര്‍ 9, 1921) ബ്രിടീഷ് ഭരണത്തോട് വിധേയപ്പെട്ടിരുന്നു നസ്രാണി ദീപിക. മലയാള മനോരമയാകട്ടെ പ്രക്ഷോഭത്തെയും പ്രക്ഷോഭകാരികളെയും ഏറ്റവും മോശമായ രീതിയിലാണ് അവതരിപ്പിച്ചത്. കുപ്രസിദ്ധമായ വാഗണ്‍ കൂട്ടക്കൊലയെക്കുറിച്ചുള്ള വാര്‍ത്തയ്ക്ക് മനോരമ നല്‍കിയ തലക്കെട്ട് ‘ശ്വാസം മുട്ടിച്ചത്തു’ എന്നായിരുന്നു. സമരനേതാക്കളെ വൈയക്തിമായി അധിക്ഷേപിക്കാനും മനോരമ മുന്നില്‍ നിന്നു. സമരനേതാക്കളെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ‘രാക്ഷസവംശത്തിലെ പ്രധാനന്മാര്‍’ എന്ന വിശേഷണം ചാര്‍ത്തിയതുകാണാം (1921 സെപ്തംബര്‍ 29).

മലബാറില്‍ നടന്ന സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരെ അസ്വസ്ഥപ്പെടുത്തിയതിനു മതപരമായ കാരണങ്ങള്‍ ഉണ്ട് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. കുരിശുയുദ്ധാനന്തരം ക്രൈസ്തവസമൂഹത്തില്‍ ശക്തിപ്പെട്ട ഇസ്‌ലാംവിരുദ്ധ മനോനില ഏറിയും കുറഞ്ഞുമുള്ള അളവില്‍ മലബാറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉദാത്തമായ സംസ്‌കാരം തങ്ങളുടെതാണ് എന്ന യൂറോപ്യന്‍ കോയ്മ കൂടി പങ്കിടുന്നുണ്ട് അക്കാലത്ത് ബ്രിട്ടീഷുകാര്‍. അതുകൊണ്ടുതന്നെ ഇസ്‌ലാമിനെ അപരവത്കരിക്കാനും മാപ്പിളമാരെ മതഭ്രാന്തരാക്കാനും അവര്‍ക്ക് തെല്ലും മനസ്താപമുണ്ടായില്ല. മുസ്‌ലിങ്ങളെക്കുറിച്ചുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ സംസാരത്തിലും റിപ്പോര്‍ട്ടുകളിലും മുന്‍വിധികളും അവജ്ഞയും പുച്ഛവും നിറഞ്ഞുനിന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആ മുന്‍വിധികളില്‍ പലതും ഇസ്‌ലാമിനെ പ്രതിയുള്ളതായിരുന്നു എന്നും കാണാവുന്നതാണ്.

‘മതഭ്രാന്തനായ മാപ്പിള’ എന്ന കൊളോണിയല്‍ വാര്‍പ്പുരൂപം എങ്ങനെയാണ് ബ്രിട്ടീഷുകാരുടെ പണി എളുപ്പമാക്കിയത് എന്ന് മലബാര്‍ പഠനങ്ങളില്‍ ഡോ. കെ. ഗോപാലന്‍കുട്ടി ഉപന്യസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വരികള്‍ ഇങ്ങനെയാണ്; ‘വാര്‍പ്പുരൂപങ്ങള്‍ക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ടായിരുന്നു. യൂറോപ്യന്‍ മാന്യത ഉറപ്പുവരുത്തുക എന്നതാണത്. യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെയും ലിബറലിസത്തിന്റെയും സ്വാധീനത്താല്‍ യുക്തിചിന്ത, സെക്കുലറിസം എന്നിവ സ്വായത്തമാക്കിയ കൊളോണിയല്‍ അധിപന് തന്നില്‍ നിന്നും ഏറെ വ്യത്യസ്തനും അധമനുമാണ് ഈ സദ്ഗുണങ്ങളില്ലാത്ത, മതഭ്രാന്തനും അതുകൊണ്ടുതന്നെ യുക്തിരഹിതനും പ്രാകൃതനുമായ മാപ്പിള എന്നുറപ്പിക്കുവാന്‍ വാര്‍പ്പുരൂപം ഉപകരിച്ചു. കൊളോണിയല്‍ മേധാവികളുടെ സാംസ്‌കാരികദൗത്യം (Civilising Mission) ഇത്തരമൊരു വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ സ്വയം ന്യായീകരണം നേടി.

കൊളോണിയല്‍ വിജ്ഞാനം ശക്തമായിരുന്നതിനാല്‍ കലാപം ജീവിതത്തെ ബാധിക്കാത്തവര്‍ പോലും ഇത്തരമൊരു കാഴ്ചപ്പാട് സ്വീകരിച്ചു. കോഴിക്കോട്ടെയും മറ്റും ധനിക മുസ്‌ലിങ്ങളും ദേശീയവാദികളായ ഹിന്ദുക്കളും നിരൂപണവിധേയമാക്കാതെ കൊളോണിയല്‍ വിജ്ഞാനത്തെ ഉള്‍ക്കൊണ്ടു. കെ. മാധവന്‍ നായര്‍ ഒരു വക്കീലിന്റെ സാമര്‍ഥ്യത്തോടെ ഹിച്ച്‌കോക്കിന്റെയും മറ്റ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും നിലപാടുകളെ വിമര്‍ശിക്കുമ്പോഴും, കലാപത്തിന്റെ ഉത്തരവാദിത്തം ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരിലും ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയങ്ങളിലും കെട്ടിവെച്ചുകൊണ്ട് എഴുതുമ്പോഴും മതഭ്രാന്തനായ മാപ്പിള എന്ന വാര്‍പ്പുരൂപത്തെ അതുപോലെ സ്വീകരിച്ചത് ഇതുകൊണ്ടാണ്’ (പേജ് 10, 11).

                              കെ. മാധവന്‍ നായര്‍

മതഭ്രാന്തനായ മാപ്പിളയുടെ ഹാലിളക്കം എന്ന രീതിയിലേക്ക് മലബാര്‍ പ്രക്ഷോഭത്തെ വഴിതിരിച്ചുവിടുന്നതോടെ അതിനൊരു സാമുദായിക നിറം കൈവരുമെന്ന് ബ്രിട്ടീഷുകാര്‍ക്ക് അറിയാമായിരുന്നു. സാമുദായികമായി പിളര്‍ക്കപ്പെട്ട ഒരു സമരത്തെ അതിവേഗം അടിച്ചമര്‍ത്താമെന്നും അവര്‍ കണക്കുകൂട്ടി. സംഭവങ്ങളുടെ നിജസ്ഥിതി അറിയാന്‍ സൗകര്യങ്ങളും സംവിധാനങ്ങളും വികാസപ്പെട്ടിട്ടില്ലാത്ത കാലത്ത് ഈ അപരവല്‍ക്കരണവും മതഭ്രാന്തനെന്ന വാര്‍പ്പുരൂപം സ്ഥാപിച്ചെടുക്കലും എളുപ്പമായിരുന്നു.

സമരത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ഭാഗമായിരുന്ന ആളുകളെപ്പോലും ഇത് സ്വാധീനിച്ചു. കെ. മാധവന്‍ നായര്‍ ഉദാഹരണം. അദ്ദേഹം ബ്രിട്ടീഷ് അനുകൂലി ആയിരുന്നില്ല. കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നുതാനും. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പടെയുള്ളവരുമായി സമരവേദി പങ്കിട്ട അനുഭവവും അദ്ദേഹത്തിനുണ്ട്. എന്നിട്ടും മാപ്പിള മതഭ്രാന്തിനെ പ്രതിയുള്ള ബ്രിട്ടീഷ് നരേഷനുകള്‍ അദ്ദേഹം ആവര്‍ത്തിച്ചു എന്നതാണ് അതിശയം. മാതൃഭൂമിയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചുവന്ന കുറിപ്പുകള്‍ക്കെതിരെ മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബും ഇ. മൊയ്തു മൗലവിയുമടക്കം മാധവന്‍ നായരുടെ സമകാലികരും സഹപ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു. അതേത്തുടര്‍ന്ന് മാതൃഭൂമി ആ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ചു. പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയാണ് കുറിപ്പുകള്‍ ‘മലബാര്‍ കലാപം’ എന്ന പേരില്‍ പുസ്തകമാക്കുന്നത്.

കെ. മാധവന്‍ നായരുടെ മലബാര്‍ കലാപം എന്ന പുസ്തകം

സമരം അടുത്തുനിന്നു കണ്ട, അനുഭവിച്ച ഒരാളെന്ന നിലയ്ക്ക് ആ കുറിപ്പുകള്‍ക്ക് വലിയ ചരിത്രപ്രാധാന്യമുണ്ട് എന്ന് അംഗീകരിക്കുമ്പോഴും പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ പലതും അസത്യങ്ങളും അര്‍ധസത്യങ്ങളുമാണ് എന്ന് പറയാതെവയ്യ. വിചിത്ര രീതിയില്‍ പണിതീര്‍ത്ത മൂത്രപ്പുരയിലെ ഗന്ധം സഹ്യമോ ആസ്വാദനീയമോ ആയിരിക്കില്ലല്ലോ, എന്നാണ് പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് മൊയ്തു മൗലവി അഭിപ്രായപ്പെട്ടത് (ചരിത്ര ചിന്തകള്‍ പേജ് 73). മലബാര്‍ കലാപത്തിന്റെ ഭാഷയെയും ശൈലിയെയും വിശേഷപ്പെട്ട അച്ചടിയെയും പ്രശംസിച്ചതിന് പിറകെയാണ് മൗലവി മേല്‍വാചകം എഴുതുന്നത്. മാപ്പിളമാരെയും ടിപ്പുസുല്‍ത്താനെയും കുറ്റപ്പെടുത്തുന്ന വ്യഗ്രതയ്ക്കിടയില്‍ മാധവന്‍ നായര്‍ അവശ്യം രേഖപ്പെടുത്തേണ്ട പല കാര്യങ്ങളെപ്പറ്റിയും ഒരക്ഷരം പോലും ഉരിയാടിയില്ല എന്നും മൊയ്തു മൗലവി രോഷപ്പെടുന്നുണ്ട്.

ഇ. മൊയ്തു മൗലവിയുടെ ചരിത്ര ചിന്തകള്‍ എന്ന പുസ്തകം

മലബാര്‍ സമരത്തില്‍ പങ്കെടുത്ത മാപ്പിളമാര്‍ ഒരിക്കലും ഹിന്ദു വിരുദ്ധരായിരുന്നില്ല എന്ന് സൗമ്യേന്ദ്രനാഥ് ടാഗോര്‍ മലബാര്‍ സമരത്തെക്കുറിച്ചുള്ള പഠനത്തില്‍ പറയുന്നുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് സമരക്കാരെ ഒറ്റുകൊടുത്ത ഹിന്ദുക്കളെ മാത്രമാണ് സമരക്കാര്‍ ഉപദ്രവിച്ചത് എന്നുമുണ്ട് ആ പഠനത്തില്‍. ദ ഹിന്ദു പത്രത്തിനെഴുതിയ കത്തില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ‘ചില ഹിന്ദു സഹോദരന്‍മാര്‍ സൈന്യത്തെ സഹായിക്കുകയും സൈന്യത്തില്‍ നിന്ന് ഒളിച്ചുകഴിയുന്ന നിരപരാധികളായ മാപ്പിളമാരെ സൈന്യത്തിന് ഏല്പിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ചില ഹിന്ദുക്കള്‍ കുഴപ്പത്തിലായിട്ടുണ്ട്. ഈ കലാപത്തിന് കാരണക്കാരായ നമ്പൂതിരിമാരും സമാനമായി കഷ്ടം സഹിക്കേണ്ടിവന്നിട്ടുണ്ട്’ (7-10-1921).

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ദ ഹിന്ദു പത്രത്തിനെഴുതിയ കത്ത്

ബ്രിട്ടീഷുകാരെ സഹായിച്ച മുസ്‌ലിങ്ങളെയും സമരക്കാര്‍ വെറുതെ വിട്ടിരുന്നില്ല. അതിസങ്കീര്‍ണമായ അടരുകള്‍ ഉള്ള ചരിത്രാനുഭവമാണ് 1921ല്‍ മലബാറില്‍ നടന്ന സ്വാതന്ത്ര്യ പ്രക്ഷോഭം. ആ സങ്കീര്‍ണതകളില്‍ പലതും ബ്രിട്ടീഷുകാരും അവരെ അനുകൂലിച്ചവരും ഉണ്ടാക്കിയതാണ്. ഖിലാഫത്ത് കമ്മിറ്റികള്‍ സമരകേന്ദ്രങ്ങളില്‍ സജീവമായിരുന്നു എന്നതുകൊണ്ട് ഈ സങ്കീര്‍ണതയെ മതപരമാക്കാന്‍ ബ്രിട്ടീഷ് അനുകൂലികള്‍ക്ക് അന്നുമിന്നും കഴിയുന്നു.

ഇസ്‌ലാമിക ഖിലാഫത്തും ഇന്ത്യയിലെ ഖിലാഫത് പ്രസ്ഥാനവും വേറിട്ടു തന്നെ കാണണം. രണ്ടും ഒന്നല്ല. ഖിലാഫത് പ്രസ്ഥാനം രൂപപ്പെട്ടില്ലെങ്കിലും മലബാറില്‍ ബ്രിട്ടീഷ്‌വിരുദ്ധ, ജന്മിവിരുദ്ധ പ്രക്ഷോഭം സംഭവിക്കുമായിരുന്നു. അത്ര കൊടിയ ചൂഷണങ്ങളാണ്/ അക്രമങ്ങളാണ് ബ്രിട്ടീഷ് പിന്തുണയോടെ ജന്മിമാര്‍ നടത്തിയിരുന്നത്. ഒരക്രമിയെയും അനന്തകാലം സഹിക്കില്ല ജനങ്ങള്‍. അധിനിവേശ വിരുദ്ധ മനസ് സൂക്ഷിക്കുന്ന മലബാര്‍ പോലൊരു പ്രദേശം പ്രത്യേകിച്ചും. നിഷ്പക്ഷ ചരിത്രവിശകലനങ്ങളില്‍ നിന്നും, നിലനില്‍ക്കുന്ന രാഷ്ട്രീയവസ്ഥകളില്‍ നിന്നുകൊണ്ടും നമുക്ക് എത്തിച്ചേരാവുന്ന ചില നിഗമനങ്ങള്‍ ഇനി പറയുന്നു.

1. മലബാര്‍ പ്രക്ഷോഭവും ഖിലാഫത് പ്രസ്ഥാനവും ഏകപക്ഷീയമായ മുസ്‌ലിം സംഘാടനം ആയിരുന്നില്ല. ഹിന്ദു-മുസ്‌ലി സൗഹൃദങ്ങളുടെ പശ്ചാത്തലവും തുടര്‍ച്ചയും അതിലുണ്ട്. ഖിലാഫത് മീറ്റിംഗുകളിലും സമര ആലോചനകളിലും ഹിന്ദു സമുദായത്തില്‍ നിന്നുള്ള ദേശീയപ്രസ്ഥാന നേതാക്കള്‍ ഉണ്ടായിരുന്നു. ഖിലാഫത് കമ്മിറ്റി ഭാരവാഹികളായി തന്നെ ഹിന്ദു സമുദായത്തില്‍ നിന്നുള്ളവര്‍ ഉണ്ടായിരുന്നു.

2. സമരം ചിലയിടങ്ങളിലെങ്കിലും അക്രമാസക്തമായിട്ടുമുണ്ട്. കൊള്ളയും കൊള്ളിവെയ്പും നടന്നിട്ടുണ്ട്. വര്‍ഗീയമെന്നു തോന്നാവുന്ന ഭ്രംശങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. അതുപക്ഷേ സമരത്തിന്റെ ഭാഗമായോ സമരതാല്‍പര്യം സംരക്ഷിക്കാനോ ആയിരുന്നു എന്ന് കരുതുന്നതില്‍ പിഴവുണ്ട്. സ്വന്തം പുര കത്തുമ്പോഴും വാഴ വെട്ടാനിറങ്ങുന്ന വിഭ്രാന്തമായ മനോനില 1921ലെ മലബാറിലും കാണാം. ആ അക്രമികളില്‍ സര്‍ക്കാര്‍ അനുകൂലികളും ജന്മിയുടെ ഗുണ്ടകളും സമരത്തില്‍ നുഴഞ്ഞുകയറിയ റിസര്‍വ് പൊലീസുകാരുമുണ്ട് എന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ‘ഹിന്ദു’വിനെഴുതിയ കത്തില്‍ നിന്ന് മനസിലാക്കാം.

3. ജന്മിമാര്‍ കുടിയാന്മാരോട് മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളുകയും ബ്രിട്ടീഷ്‌വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തില്ല എന്ന ഗുരുതരമായ ചരിത്രാനുഭവത്തെ/ കുറ്റകൃത്യത്തെ മറച്ചുപിടിക്കുകയും ജന്മിമാരുടെ ബ്രിട്ടീഷ് വിധേയത്വം ശരിയായിരുന്നു എന്ന് സ്ഥാപിക്കുകയുമാണ് 1921ലെ സമരത്തെ എതിര്‍ക്കുന്നവര്‍ ഫലത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

4. മലബാര്‍ സമരം ഒരു വൈകാരിക പൊട്ടിത്തെറി അല്ല, ആലോചനാപൂര്‍വമായ സ്വാതന്ത്ര്യസമര സന്ദര്‍ഭമാണ്. അതിനെ വൈകാരികമായി കൊണ്ടാടുകയല്ല, ചരിത്രത്തോട് സത്യസന്ധത പുലര്‍ത്തിക്കൊണ്ട് സംവദിക്കുകയാണ് വേണ്ടത്. ഹിന്ദുത്വരും ഇസ്‌ലാമിസ്റ്റുകളും ആ സംവാദത്തിന്റെ വഴി അടച്ചുകളയുകയാണ് ചെയ്യുന്നത്. വിദ്വേഷത്തിനും വീരാരാധനയ്ക്കുമിടയിലാണ് സത്യസന്ധമായ ചരിത്രം മറഞ്ഞുകിടക്കുന്നത്.

5. മതം രാഷ്ട്രീയത്തില്‍ ഉദ്ദേശശുദ്ധിയോടെ ഇടപെടുന്നതും, മതരാഷ്ട്രത്തിന് വേണ്ടിയുള്ള മുറവിളികളും രണ്ടായിത്തന്നെ കാണുകയാണ് അഭികാമ്യം. മഹാത്മാ ഗാന്ധിയുടെ ബ്രിട്ടീഷ്‌വിരുദ്ധ സമരത്തിന്റെ നീണ്ടകാലത്ത് അദ്ദേഹം മതബന്ധിതമായ രാഷ്ട്രീയത്തെയാണ് മുന്നില്‍വെക്കുന്നത്. മലബാര്‍ സമരത്തിന് പിറകെ ഡെയ്‌ലി എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലും മതം രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതിന്റെ അനിവാര്യത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു (1921 സെപ്റ്റംബര്‍ 15).

                                                                  മഹാത്മാ ഗാന്ധി

പില്‍ക്കാലത്ത് അദ്ദേഹം ആ നിലപാടില്‍ നിന്ന് പിന്‍വാങ്ങുന്നുണ്ട്. എങ്കില്‍പ്പോലും മതത്തോട് ബന്ധിപ്പിച്ചുകൊണ്ട് നീണ്ടകാലം അദ്ദേഹം നടത്തിയ ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങള്‍ തെറ്റാകുന്നില്ല; അത് വര്‍ഗീയവുമാകുന്നില്ല. മലബാറിന്റെ ചരിത്രവായനയിലും ഇത് പ്രധാനമാണ്. മലബാറിലെ സ്വാതന്ത്ര്യപ്പോരാളികള്‍ മതബോധ്യങ്ങളില്‍ പ്രചോദിതരാണ് എന്ന് വരുകിലും അവര്‍ ഇസ്‌ലാമികരാജ്യം സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരല്ല. അത്തരം ചരിത്രബദ്ധമല്ലാത്ത ഖിലാഫത്ത് വായനകളും സുല്‍ത്താന്‍ ധാരണവും ചരിത്രവായനയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയേ ഉള്ളൂ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 1921 Malabar Rebellion- Muhammadali Kinaloor Writes