ഗസ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസയിൽ പട്ടിണി മൂലം 18 പേർ മരണപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം. അതേസമയം ഗസയിൽ ഭക്ഷണം എത്തുന്നതിന് മുമ്പ് കുട്ടികൾ പട്ടിണി കിടന്ന് മരിക്കുകയാണെന്ന് യു.എന്നിന്റെ ഒ.സി.എച്ച്.എ പറഞ്ഞു.
കൂടാതെ മൂന്ന് മാസം മുഴുവൻ ഗസ നിവാസികൾക്കും ഉപയോഗിക്കാൻ കഴിയുന്ന അത്രയും ഭക്ഷണം ഗസയുടെ അതിർത്തിക്കപ്പുറത്ത് ട്രക്കുകളിൽ ഉണ്ടെന്നും എന്നാൽ ഇസ്രാഈൽ സൈന്യം അവ കടത്തിവിടുന്നില്ലെന്നും യു.എൻ.ആർ.ഡബ്ല്യു.എ പറഞ്ഞു.
ഗസയിൽ ഏകദേശം 17,000 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. കുറഞ്ഞത് 800 കുട്ടികളെങ്കിലും ജീവന് ഭീഷണിയാകുന്ന ഗുരുതരവുമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു.
24 മണിക്കൂറിലേറെയായി മെഡിക്കൽ സ്റ്റാഫ് ഭക്ഷണമില്ലാതെ ജോലി ചെയ്യുകയാണെന്ന് അൽ-ഷിഫ മെഡിക്കൽ കോംപ്ലക്‌സിന്റെ ഡയറക്ടർ സ്ഥിരീകരിച്ചു. ഭക്ഷണത്തിന്റെയും ചികിത്സയുടെയും അഭാവം മൂലം വരും മണിക്കൂറുകളിൽ മരണസംഖ്യയിൽ വർധനവുണ്ടാകുമെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പട്ടിണി ആയുധമാക്കിയുള്ള വംശഹത്യയാണ് ഗസ നേരിടുന്നതെന്ന് അവർ പറഞ്ഞു.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ പോഷകാഹാരക്കുറവ് നിരക്ക് ഇരട്ടിയാകുമെന്ന് (UNRWA) യു.എൻ.ആർ.ഡബ്യു.എ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. മാർച്ച് മുതൽ ജൂൺ വരെ ഏകദേശം 74,000 പരിശോധനകൾ നടത്തിയതായും ഇതിലൂടെ ഗുരുതരമായ പോഷകാഹാരക്കുറവുള്ള നിരവധി കേസുകൾ കണ്ടെത്തിയതെയും അവർ പറഞ്ഞിരുന്നു.
ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ ഇസ്രഈൽ സേന അതിർത്തിയിൽ തടഞ്ഞ് വെച്ചിരിക്കുന്നതിനാൽ തന്നെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ആശുപത്രികൾക്ക് പലപ്പോഴും അകഴിയാതെ വരികയാണ്. ഇത് ആരോഗ്യ സംവിധാനത്തിന്റെ പൂർണമായ തകർച്ചക്കും പട്ടിണി മൂലമുള്ള മരണങ്ങൾക്കും കാരണമാകും.
ജൂലൈ രണ്ടാം വാരം ഗസയിലെ മൂന്നിൽ ഒരാൾ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ കഴിയേണ്ടി വരുന്നുവെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം (WFP) ഡെപ്യൂട്ടി ചീഫ് കാൾ സ്കൗ പറഞ്ഞിരുന്നു. വെടിനിർത്തൽ നടപ്പാക്കണമെന്നും ഗസയിൽ മാനുഷിക സഹായം ലഭ്യമാകാണാമെന്നും അദ്ദേഹം ആഹ്വനം ചെയ്തു.
Content Highlight: 18 in Gaza die from starvation in one day amid Israeli blockade