കര്‍ണാടകയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; 17 മരണം
India
കര്‍ണാടകയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; 17 മരണം
രാഗേന്ദു. പി.ആര്‍
Thursday, 25th December 2025, 9:46 am

ബെംഗളൂരു: കര്‍ണാടകയില്‍ കണ്ടെയ്‌നര്‍ ലോറിയും സ്ലീപ്പര്‍ ബസും കൂട്ടിയിടിച്ച് തീപിടിച്ചു. ബെംഗളൂരുവില്‍ നിന്ന് ഗോകര്‍ണത്തിലേക്ക് പോകുകയായിരുന്ന സീ ബേര്‍ഡ് ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പെട്ടത്.

ചിത്രദുര്‍ഗയില്‍ വെച്ച് നിയന്ത്രണം വിട്ട ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് (വ്യാഴം) പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. രാത്രി 11.30നാണ് ബെംഗളൂരുവില്‍ നിന്ന് ബസ് പുറപ്പെട്ടത്.

അപകടത്തില്‍ 17 മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടവരില്‍ ലോറി ഡ്രൈവറും ഉള്‍പ്പെടുന്നു. അപകടത്തെ തുടര്‍ന്ന് ബസ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.


29 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഒമ്പത് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.

ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഹിരിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്.

15 മുതല്‍ 20 ശതമാനം വരെ പൊള്ളലേറ്റ ഷിറ സ്വദേശിയെ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയതായി ഈസ്റ്റേണ്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് രവികാന്തെ ഗൗഡ പറഞ്ഞു.

മരണപ്പെട്ടവരെ തിരിച്ചറിയാന്‍ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കാന്‍ തുടങ്ങിയാണെന്നും അദ്ദേഹം അറിയിച്ചു. അപകടം നടക്കുമ്പോള്‍ സമീപത്തുകൂടി ഒരു സ്‌കൂള്‍ ബസ് കടന്നുപോയിരുന്നുവെങ്കിലും മറ്റ് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.

Content Highlight: 17 killed in lorry-bus collision in Karnataka

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.