പാട്ന: പ്രഭാത ഭക്ഷണം കഴിച്ചതിന് പിന്നാലെ ബീഹാറിൽ ആശുപത്രിയിലായത് 150 വിദ്യാർഥികൾ. സഹർസ ജില്ലയിലുള്ള സർക്കാർ സ്കൂളിലാണ് പ്രഭാത ഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് വയറുവേദന, ഛർദ്ദി, തലകറക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു. ചില കുട്ടികൾ സ്കൂൾ പരിസരത്ത് ബോധരഹിതരായി വീണതായും റിപ്പോർട്ടുകളുണ്ട്.
ഭക്ഷണത്തിൽ വിഷാംശം കലർന്നതാണോ എന്നതിനെക്കുറിച്ച് അന്വേഷണവും നടന്നുവരികയാണ്. പ്രദേശത്തെ ഒരു എൻ.ജി.ഒയാണ് പ്രഭാത ഭക്ഷണം വിതരണം ചെയ്തതെന്നനാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം.
‘രാവിലെ എട്ടു മണിയോടെയാണ് സ്കൂളിൽ ഭക്ഷണം എത്തുന്നത്, ഒമ്പത് മണിയോടെ വിതരണം ആരംഭിക്കും. പല കുട്ടികളും വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ വരുന്നതിനാൽ ചെറിയ ക്ലാസുകളിലെ കുട്ടികൾക്കാണ് ആദ്യം ഭക്ഷണം നൽകുന്നത്,’ സ്കൂൾ പ്രിൻസിപ്പൽ അനുപമാ കുമാരി പറഞ്ഞു.
‘ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ഭക്ഷണം നൽകിക്കഴിഞ്ഞപ്പോഴാണ് ഒരു കുട്ടിയുടെ പ്ലേറ്റിൽ എന്തോ ഒന്ന് ശ്രദ്ധയിൽപ്പെട്ടത്. ചിലർ അത് ഒരു പ്രാണിയാണെന്ന് പറഞ്ഞു, എന്നാൽ ഗ്രാമവാസികൾ അത് പാമ്പാണെന്നാണ് പറഞ്ഞത്. ഇത് കണ്ട ഉടൻ തന്നെ വിതരണം നിർത്തിവെക്കുകയും, ഭക്ഷണം ലഭിച്ച കുട്ടികളോട് അത് കഴിക്കരുതെന്ന് നിർദേശിക്കുകയും ചെയ്തു,’ അവർ പറഞ്ഞു.
ഭക്ഷണം കഴിച്ച കുട്ടികളിൽ രണ്ടുമണിക്കൂറിനുള്ളിൽ ശാരീരിക അസ്വസ്ഥതകൾ കണ്ടുതുടങ്ങി, ഇതോടെ സ്കൂൾ അധികൃതർ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹായം തേടുകയുമായിരുന്നു.
ശാരീരിക അസ്വസ്ഥതകൾ നേരിട്ട വിദ്യാർത്ഥികളെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിദ്യാർത്ഥികൾക്ക് ആരോഗ്യ ബുദ്ധിമുട്ടുകൾ നേരിട്ടതോടെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
‘ഏകദേശം 115 കുട്ടികളെ സദർ ആശുപത്രിയിലേക്കും 40 മുതൽ 50 വരെ കുട്ടികളെ മഹിഷിയിലെ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. നിലവിൽ എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ചില കുട്ടികൾക്ക് നേരിയ പനിയുണ്ട്, അവർ നിരീക്ഷണത്തിലാണ്,’ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Content Highlight:150 students in Bihar suffer from food poisoning; Snake suspected in school food