നീതി നിഷേധം നേരിടുന്ന സക്കരിയ്ക്ക് വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുമോ ?
അനസ്‌ പി

ബംഗളൂരു സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന സക്കരിയ്യയുടെ വിചാരണത്തടവ് ഇന്നേക്ക് പത്ത് വര്‍ഷം പിന്നിടുകയാണ്. യു.എ.പി.എ എന്ന ഭീകരനിയമം ചുമത്തപ്പെട്ട് വിചാരണക്ക് പോലും വിധേയരാക്കപ്പെടാതെ രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന അനേകം പേരിലൊരാളാണ് സക്കരിയ. പത്തെമ്പതാം വയസില്‍ ജോലിക്ക് പോകുന്നതിനിടെ തിരൂരില്‍ വെച്ചാണ് ബാഗ്ലൂര്‍ പോലീസ് പ്രാഥമിക അറസ്റ്റു മര്യാദകള്‍ പോലും പാലിക്കാതെ സക്കരിയയെ അറസ്റ്റ് ചെയ്യുന്നത്. കേസ്സില്‍ പോലീസ് ഹാജരാക്കിയ സാക്ഷിമൊഴികള്‍ വ്യാജമാമെന്ന് സാക്ഷികള്‍ തന്നെ പരസ്യമായി തുറന്നു പറഞ്ഞിട്ടുണ്ട്. ആരോപിക്കപ്പെട്ട കുറ്റം സക്കരിയ ചെയ്തുവെന്നതിന് യാതൊരു തെളിവുകളും പോലീസിന് ഇതുവരെ ഹാജരാക്കാന്‍ സാധിച്ചിട്ടുമില്ല. സക്കരിയയുടെ ജയില്‍വാസം ഇന്നും തുടരുകയുമാണ്.
സക്കരിയ കേസ്സിന്റെ പശ്ചാത്തലത്തില്‍ ഭരണകൂട നിര്‍മ്മിത കേസ്സുകളില്‍പെട്ട് ജീവിതം തകര്‍ക്കപ്പെടുന്ന നിരപരാധികളെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയ അഭിഭാഷകന്‍ അഡ്വ. ഹാഷിര്‍ കെ. മുഹമ്മദ് ഡൂള്‍ന്യൂസുമായി സംസാരിക്കുന്നു…

സക്കരിയ്യയെ കര്‍ണാടക പൊലീസ് പിടിച്ചുകൊണ്ടു പോയിട്ട് പത്തുവര്‍ഷമാവുകയാണ്. സക്കരിയ്യക്ക് നേരെയുള്ള നീതി നിഷേധം പൊതുസമൂഹം ചര്‍ച്ച പോലും ചെയ്യാത്തത് എന്തുകൊണ്ടാണ് ? എന്താണ് സക്കരിയ്യയുടെ ഇപ്പോഴത്തെ അവസ്ഥ ?

19ാമത്തെ വയസ്സിലാണ് സക്കരിയ്യയെ പിടിച്ചുകൊണ്ടു പോകുന്നത്. ഇപ്പോള്‍ 29 വയസ്സായി. മഅ്ദനിയെ പോലെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സക്കരിയ്യയ്ക്കുണ്ട്. ജയില്‍വാസവുമായി ബന്ധപ്പെട്ട് പലതരം രോഗങ്ങളും അദ്ദേഹത്തിന് പിടിപെട്ടിട്ടുണ്ട്. നിയമപരമായ നീക്കത്തിനുള്ള സമ്മര്‍ദ്ദം ചെലുത്തുന്നത് പോയിട്ട് സക്കരിയ്യയ്ക്ക് വേണ്ടിയുള്ള സംസാരം പോലും നമ്മുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ആനന്ദ് തെല്‍തുംദെയ്ക്ക് വേണ്ടി മുഖ്യമന്ത്രി സംസാരിച്ചത് പോലെയുള്ള ഒരിടപെടലുണ്ടായാല്‍ എത്രയോ നല്ലതാണ്. ജനങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ടാക്കിയെടുക്കാനെങ്കിലും ഇത് സഹായിക്കും.

അഡ്വ. ഹാഷിര്‍ കെ. മുഹമ്മദ്

സക്കരിയ്യയ്‌ക്കെതിരായ കേസ് ഏത് ഘട്ടത്തിലാണുള്ളത് ?

കേസില്‍ ഇപ്പോള്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച് സാക്ഷിവിസ്താരം നടക്കുകയാണ്. നാലുവര്‍ഷത്തോളം വൈകിപ്പിച്ചതിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത് തന്നെ. മൂന്നു കൊല്ലമായി നാലോ അഞ്ചോ സാക്ഷികളെ ഹാജരാക്കാന്‍ മാത്രമാണ് പ്രോസിക്യൂഷന് സാധിച്ചിട്ടുള്ളത്. ഇത്രയും കാലത്തിനിടെ സാക്ഷികളെ കൃത്യമായി ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കുന്നില്ലെന്നത് തന്നെ കേസിന്റെയും സാക്ഷികളുടെയും വിശ്വാസ്യത എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ്. പ്രോസിക്യൂഷന്റെ നടപടികള്‍ കേസ് ഫാബ്രിക്കേറ്റഡാണെന്ന് വ്യക്തമാക്കുന്നതാണ്.

കേസ് മുന്നോട്ടു പോയാല്‍ ജയിക്കുമെന്ന് ഉറപ്പാണ്. പക്ഷെ മനപ്പൂര്‍വ്വം വൈകിപ്പിച്ച് മഅ്ദനിയെയും സക്കരിയ്യയെയും പോലുള്ള വിചാരണത്തടവുകാരെ പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. വൈകി വരുന്ന നീതി അനീതിയാണ് എന്ന് പറയേണ്ടി വരുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.

സക്കരിയ്യയുടെ പ്രശ്‌നം ഉയര്‍ന്നു വന്നത് എങ്ങനെയാണ് ?

സക്കരിയ്യയുടെ വിഷയത്തില്‍ തുടക്കത്തില്‍ മൂന്നു വര്‍ഷത്തോളം ആരും തിരിഞ്ഞു നോക്കിയിരുന്നില്ല മഅ്ദനിയാണ് സക്കരിയ്യയ്ക്ക് വേണ്ടി ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. മഅ്ദനിയാണ് ഇങ്ങനെയൊരു ചെറുപ്പക്കാരന്‍ ഇവിടെ കിടക്കുന്നുണ്ടെന്നും അവന് വേണ്ടി സംസാരിക്കണമെന്നും ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തോട് ആവശ്യപ്പെട്ടത്.

 

മകന് നിതീ തേടിയുള്ള പോരാട്ടം നടത്തുന്ന സക്കരിയ്യയുടെ ഉമ്മ ബീയുമ്മയെ കുറിച്ച് ?

വളരെയധികം ശുഭാപ്തി വിശ്വാസവും ഫൈറ്റിങ് സ്പിരിറ്റുമുള്ള ഉമ്മയാണ് സക്കരിയ്യയുടേത്. പത്ത് വയസ്സുള്ളപ്പോള്‍ സക്കരിയ്യയുടെ ബാപ്പ മരിച്ചതിന് ശേഷം ഉമ്മ ബീയ്യുമ്മയാണ് മക്കളെ പോറ്റിയത്. സക്കരിയ്യ ജയിലിലും ഒരു മകന് മുഹമ്മദ് ശരീഫ് മരണപ്പെടുകയും ചെയ്തു. ഗള്‍ഫില്‍ വെച്ചാണ് ശെരീഫ് 2017ല്‍ മരണപ്പെടുന്നത്.

 

എല്ലാ സര്‍ക്കാരുകള്‍ക്ക് മേലെയും ഒരു സര്‍ക്കാരുണ്ടല്ലോ എല്ലാ കോടതികള്‍ക്കും മുകളില്‍ ഒരു കോടതിയുണ്ട്, മഹ്ശറ എന്ന കോടതി. അവിടെയെങ്കിലും എന്റെ മകനും എനിക്കും നീതി ലഭിക്കുമല്ലോ എന്ന ബീയ്യുമ്മയുടെ വാക്കുകള്‍ തന്നെ സക്കരിയ്യയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പ്രചോദനമാണ്.

ഒരു കള്ളക്കേസ് കെട്ടിച്ചമച്ച് ഒരാളെ ദീര്‍ഘകാലം ജയിലിടാമെന്ന സാഹചര്യം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്.

യു.എ.പി.എ പോലുള്ള കിരാത നിയമങ്ങള്‍ കൊളോണിയല്‍ കാലഘട്ടം മുതല്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. ടാഡയും പോട്ടയും ഓഫീഷ്യല്‍ സീക്രസി ആക്ടുമെല്ലാം നേരത്തെ നമ്മുടെ നാട്ടിലുണ്ടായിരുന്നതാണ്. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ സപ്രസ് ചെയ്യാനാണ് ഈ നിയമങ്ങള്‍ ഉപയോഗിച്ചത്.

സാധാരണ കേസുകളില്‍ 90 ദിവസം കൊണ്ട് ജാമ്യം ലഭിക്കുമെന്നിരിക്കെ യു.എ.പി.എ കേസില്‍ 180 ദിവസം കഴിഞ്ഞാലേ ജാമ്യം ലഭിക്കുകയുള്ളൂ. അന്വേഷണം പൂര്‍ത്തിയായില്ലെങ്കില്‍ പ്രതിയെ അനന്തമായി ജയിലിടാനുള്ള ഒപ്ഷനും യു.എ.പി.എയുടെ വ്യവസ്ഥയിലുണ്ട്. ഇങ്ങനെ അന്വേഷണം പൂര്‍ത്തിയായില്ലെന്ന് പറഞ്ഞിട്ടാണ് മഅ്ദനയുടെ കേസടക്കം കൊല്ലങ്ങളോളം നീട്ടുന്നത്. സക്കരിയ്യയുടെ കേസിലും ഇതാണ് സംഭവിക്കുന്നത്.

സക്കരിയ്യയെ കുറിച്ചുള്ള “എ ഡോക്യുമെന്ററി അബൗട്ട് ഡിസപ്പയറന്‍സ്” തയ്യാറാക്കുമ്പോള്‍ സക്കരിയ്യയുമായി സംസാരിച്ചിരുന്നോ?

2017ല്‍ ജ്യേഷ്ഠന്‍ മരിച്ചപ്പോള്‍ ഇടക്കാല ജാമ്യം ലഭിച്ച് വീട്ടിലെത്തിയപ്പോള്‍ പോയി കണ്ടിരുന്നു. രണ്ട് ദിവസത്തെ ജാമ്യം കിട്ടിയാണ് സക്കരിയ്യ എത്തിയത്. ഡോക്യുമെന്ററി ചെയ്യുന്ന കാര്യം അന്ന് ചെന്ന് കണ്ട് സംസാരിച്ചിരുന്നു. ഒരു നുണ പറഞ്ഞു കഴിഞ്ഞാല്‍ തനിക്ക് രക്ഷപ്പെടാമെന്നും എന്നാല്‍ മറ്റുള്ളവരെ വഞ്ചിച്ചിട്ട് ഒരിക്കല്‍ പോലും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് എന്നോടദ്ദേഹം അപ്പോള്‍ പറഞ്ഞത്.

 

കനത്ത പൊലീസ് ബന്തവസ്സിലായതിനാല്‍ അധികനേരം സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടില്‍ പോലും അന്ന് ഭീകരാന്തരീക്ഷമാണ് കര്‍ണാടക-കേരള പൊലീസ് ഉണ്ടാക്കിയത്.

ബോംബ് വെക്കുന്നത് കണ്ടു എന്ന് കള്ളമൊഴി കൊടുത്താല്‍ വെറുതെ വിടാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നുവെന്ന് സക്കരിയ്യ ബന്ധുവായ ഷുഐബ് കോണിയത്തിനോട് അന്ന് പറഞ്ഞിരുന്നു. കര്‍ണാട പൊലീസ് പിടിച്ചുകൊണ്ടു പോയ സമയത്ത് നിയമപോരാട്ടം ആരംഭിക്കുകയും സക്കരിയ്യയ്‌ക്കൊപ്പം നില്‍ക്കുകയും ചെയ്ത വ്യക്തിയാണ് ഷുഹൈബ്. ഷുഹൈബിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് “എ ഡോക്യുമെന്ററി അബൗട്ട് ഡിസപ്പയറന്‍സ്” തയ്യാറാക്കിയതും.

സിനിമ എടുത്തപ്പോള്‍ നേരിട്ട അനുഭവങ്ങളെ കുറിച്ച് ?

സിനിമ എടുക്കുമെന്ന് പറഞ്ഞപ്പോള്‍ പലയാളുകളും പേടിയോടെയാണ് കേട്ടിരുന്നത്. പൊലീസ് വേട്ടയായടുമെന്നും ആളുകള്‍ തെറ്റിദ്ധരിക്കില്ലേയെന്നും ചോദിച്ചവരുണ്ട്. സിനിമയുടെ നിര്‍മ്മാണം തന്നെ റെസിസ്റ്റന്‍സായിരുന്നു. ഒരുപാട് സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ലൊക്കേഷനൊക്കെ മാറിപ്പോരേണ്ട അനുഭവം ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്.

ജനകീയ സ്വഭാവമുള്ള ആര്‍ട്ട്‌ഫോമിലൂടെ വിഷയത്തെ ജനങ്ങളിലേക്കെത്തിക്കാനാണ് ശ്രമിച്ചത്. ക്യാമ്പസുകളിലും ഫെസ്റ്റിവലുകളിലും വിദേശത്തുമായി ഏകദേശം മുപ്പതോളം പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. കോഴിക്കോടാണ് ആദ്യ പ്രദര്‍ശനം നടന്നത്. അവിടെയെല്ലാം വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ആളുകള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കോടതി വ്യവഹാരം ചര്‍ച്ച ചെയ്യുന്നതിനപ്പുറത്തേക്ക് വലിയൊരു രാഷ്ട്രീയം ഇത്തരം കേസുകള്‍ക്ക് പിന്നിലുണ്ടെന്ന് പറയാന്‍ സാധിച്ചിട്ടുണ്ട്.

പലപ്പോഴും ചെറുപ്പക്കാരെ ഭീതിപ്പെടുത്തി നിര്‍ത്താനും ഭീകരരാക്കി ചിത്രീകരിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട് പൊതുസമൂഹവും ഇതിന് അറിഞ്ഞോ അറിയാതെയോ  അംഗീകാരം കൊടുക്കുകയാണ് ചെയ്യുന്നത്

നല്ല മുസ്‌ലിംങ്ങളും ചീത്ത മുസ്‌ലിംങ്ങളും ഉണ്ടെന്നത് വിശ്വസിക്കുന്നത് പോലെ തന്നെ പൊലീസ് പിടിച്ചുകൊണ്ടു പോവുന്നവരെല്ലാം ചീത്ത മുസ്‌ലിംങ്ങളാണെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. സമൂഹം ഉണ്ടാക്കിയെടുക്കുന്ന പൊതുബോധത്തില്‍ നിന്ന് രക്ഷപ്പെടുകയെന്നത് വളരെയധികം ചിന്തിക്കുകയും വായിക്കുകയും നിരീക്ഷിക്കുകയും കൃത്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നന്നവര്‍ക്കൊക്കെ മാത്രമേ സാധിക്കുകയുള്ളൂ. അല്ലാത്തവരൊക്കെ പൊതുബോധം സൃഷ്ടിച്ച ഈ വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

സക്കരിയ്യയുടെ വിഷയത്തില്‍ സി.പി.ഐ.എമ്മടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നത് ?

തീവ്രവാദ വിഷയത്തില്‍ മുസ്‌ലിം സമുദായത്തെ ഉന്നംവെച്ച് നടന്നുകൊണ്ടിരിക്കുന്ന വേട്ടയെ അതിന്റെ കോറില്‍ നിന്നു കൊണ്ട് മനസിലാക്കാന്‍ കോണ്‍ഗ്രസിനോ സി.പി.ഐ.എമ്മിനോ മുസ്‌ലിം ലീഗിനോ കഴിഞ്ഞിട്ടില്ല.

സി.പി.ഐ.എമ്മടക്കമുള്ള കക്ഷികള്‍ സക്കരിയ്യയ്ക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിഷയം ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാവണമായിരുന്നു. മുഖ്യധാരയുടെ മുന്നില്‍ ഒരു കക്ഷിയും ഈ വിഷയം അവതരിപ്പിച്ചിട്ടില്ല. സംഘപരിവാറാണ് ഇത്തരം കേസുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നുള്ളത് കൊണ്ട് രാഷ്ട്രീയമായി എതിര്‍ക്കുന്നതിന് വേണ്ടി സി.പി.ഐ.എമ്മടക്കം മുന്നോട്ടു വന്നിട്ടുണ്ടാകാം.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മഅ്ദനി നിരപരാധിയാണെന്നും വേട്ടയാടിയെന്നും അദ്ദേഹം ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ലീഗുമൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ അതേ നിലപാടല്ല പിന്നീട് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് ഉണ്ടായപ്പോള്‍ സ്വീകരിച്ചത്. വ്യാജ കേസുണ്ടാക്കി വേട്ടയാടുകയാണെന്നുള്ള കാര്യം ഇവരാരും വിശ്വസിക്കുകയില്ല. എപ്പോഴാണ് രാഷ്ട്രീയ നിലപാടെടുക്കേണ്ടത് ? ഒരാള്‍ വേട്ടയാടപ്പെടുമ്പോഴാണോ അല്ലെങ്കില്‍ നിരപരാധിയാണെന്ന് തെളിയുമ്പോഴാണോ ?

ഇടതുപക്ഷത്തിനുള്ളില്‍ കെ.ഇ.എന്‍, ഭാസുരേന്ദ്ര ബാബു പോലെ ബുദ്ധിജീവികളായ ആളുകളുടെ പിന്തുണ ലഭിക്കുന്നുണ്ട്. ഇതെല്ലാം വ്യക്തികള്‍ മാത്രമാണ്. എന്നാല്‍ മുഴുവന്‍ ഇടതുപക്ഷത്തിനും ഇക്കാര്യത്തിലുള്ള ബോധ്യം അനുകൂലമാണെന്ന് പറയാനാവില്ല. ലീഗില്‍ ഇ.ടി മുഹമ്മദ് ബഷീറടക്കമുള്ള ആളുകള്‍ നിലപാടെടുത്തിരുന്നു.

കേരളത്തില്‍ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം ഉണ്ടെന്ന് അവകാശപ്പെടുകയും എന്നാല്‍ ഒരു ഭീകരവാദമുഖം മുസ്‌ലിം വിഭാഗങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുത്ത് വേട്ടയാടുകയും ചെയ്യുമ്പോള്‍ അവര്‍ നിരപരാധികളാണെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം ഇല്ലാതാവുന്നു എന്നുള്ളതാണ്.

ഇക്കാര്യത്തില്‍ മുസ്‌ലിം സമുദായത്തിനകത്ത് തന്നെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം സംശമുള്ളത് കൊണ്ട് തന്നെ മറ്റുള്ളവരെ ബോധവത്ക്കരിക്കാനും സമയമെടുത്തു. പലപ്പോഴും മുസ്‌ലിംങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്ന് പറഞ്ഞത് ദളിതരാണ്. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള വേട്ടയാണെന്ന് തിരിച്ചറിഞ്ഞിട്ട് പല ദളിത് പ്രവര്‍ത്തകരും മുന്നോട്ടു വന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

അനസ്‌ പി
ഡൂള്‍ന്യൂസ്, സബ്എഡിറ്റര്‍