കെജ്‌രിവാളിനു മുന്നില്‍ ബി.ജെ.പി തകര്‍ന്നു വീണതിന്റെ പത്ത് കാരണങ്ങള്‍
Opinion
കെജ്‌രിവാളിനു മുന്നില്‍ ബി.ജെ.പി തകര്‍ന്നു വീണതിന്റെ പത്ത് കാരണങ്ങള്‍
അശുതോഷ്
Saturday, 15th February 2020, 2:55 pm
ദേശീയതയുടെ മൊത്തക്കുത്തക തങ്ങള്‍ക്കാണെന്ന ബി.ജെ.പിയുടെ അവകാശവാദത്തോട് ഏറ്റുമുട്ടാനോ വിധേയപ്പെടാനോ കെജ്രിവാള്‍ മുതിര്‍ന്നില്ല. തങ്ങളുടെ വിദ്വേഷ രാഷ്ട്രീയം പരാജയപ്പെട്ടിരിക്കുന്നുവെന്ന് ബി.ജെ.പി ഇനിയെങ്കിലും മനസ്സിലാക്കുമോ? അടുത്തതെന്തെന്ന് ഇനി ബംഗാളും ബീഹാറും തീരുമാനിക്കും.

മൊഴിമാറ്റം: കെ.എന്‍.കണ്ണാടിപ്പറമ്പ്

വിദ്വേഷത്തിന്റെ രാഷ്ട്രീയം ദല്‍ഹിയില്‍ താല്‍ക്കാലികമായി പരാജയപ്പെടുകയും രാജ്യമോന്നാകെ അതൊരു മികച്ച സന്ദേശം പകര്‍ന്നു നല്‍കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമീപനങ്ങളില്‍ അതെത്രമാത്രം തിരുത്തലുകള്‍ വരുത്തുമെന്ന് കണ്ടറിയുക തന്നെ വേണം.

എന്റെ അഭിപ്രായത്തില്‍ ദല്‍ഹി തെരഞ്ഞെടുപ്പില്‍ ഏറ്റവും വിഷലിപ്തവും ആഭാസകരവുമായൊരു പ്രചരണ ശൈലിയായിരുന്നു ബി.ജെ.പി.അവലംബിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായ് സകല അതിരുകളും ഭേദിക്കുന്നതില്‍ അവര്‍ക്ക് അല്പം പോലും ലജ്ജയോ മടിയോ അനുഭവപ്പെട്ടില്ല. ഓരോ തവണയും പ്രചരണ പരിപാടികളുടെ നിലവാരം അതിശയിപ്പിക്കും വിധം താഴോട്ട് താഴോട്ട് പോകുന്നതാണ് കാണാനായത്.

ദല്‍ഹി രാഷ്ട്രീയത്തിന്റെ നായകന്‍ കെജ്‌രിവാളാണെന്നും അദ്ദേഹത്തിന്റെ നയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വന്‍സ്വാധീനമാണ് ചെലുത്തുന്നതെന്നും നിസ്സംശയം തെളിയിക്കപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ 21 വര്‍ഷമായി ദല്‍ഹിയില്‍ അധികാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാത്ത ബി.ജെ.പി ഇനിയുള്ള അഞ്ച് വര്‍ഷത്തേക്ക് കൂടി രാഷ്ട്രീയ വനവാസത്തില്‍ തുടരേണ്ടി വരുമെന്നതാണ് ഈ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നല്‍കുന്ന വലിയ പാഠം.

ബി.ജെ.പിയുടെ വന്‍ തോല്‍വിക്ക് ആരെയെങ്കിലും കുറ്റപ്പെടുത്താമെങ്കില്‍, അത് പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി അമിത് ഷായെയുമല്ലാതെ മറ്റാരെയുമല്ല.

തെരഞ്ഞെടുപ്പിനു മുമ്പുള്ള കുറച്ചു ദിവസങ്ങളില്‍, അമിത്ഷാ ബി.ജെ.പിയെ മത്സരച്ചൂടിന്റെ മുന്‍നിരയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞു കേട്ടിരുന്നു. രാജ്യത്തെ ഏറ്റവും ശക്തനായ രണ്ടാമത്തെ നേതാവിന് ദല്‍ഹിയില്‍ തെരുവിലിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്യേണ്ടിവന്നെങ്കില്‍, അത് ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേരിടേണ്ടി വന്ന കലശലായ നിരാശയുടെയും വിഭ്രാന്തിയുടെയും കൂടി പ്രതിഫലനമായിരുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തെ നിര്‍വീര്യമാക്കാന്‍ പര്യാപ്തമായ മറുതന്ത്രങ്ങളൂടെ അഭാവത്തില്‍, കനത്ത തോല്‍വിയെക്കുറിച്ചുള്ള ഭീതി തന്നെയാണ് ഹിന്ദു വോട്ടിന്റെ ഏകീകരണത്തിനായി വിദ്വേഷ പ്രചരണങ്ങളുമായി രംഗത്തിറങ്ങാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ച പ്രധാന ഘടകം.

എന്റെ അഭിപ്രായത്തില്‍ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണമായ 10 കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

1) പൊതുതെരഞ്ഞെടുപ്പില്‍ മോദിക്കെന്നപ്പോലെ, ‘പകരം വെക്കാന്‍ വേറൊന്നില്ല’ എന്ന തത്വം ഈ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായി പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് പ്രര്‍ത്തനങ്ങളെ ‘പ്രസിഡന്റ് തെരഞ്ഞെടുപ്പി’ന്റെ രീതിയിലേക്ക് കെജ്‌രിവാള്‍ തന്ത്രപൂര്‍വ്വം വഴി തിരിച്ചുവിട്ടു. ഈ സമയം ബി.ജ.പി അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു. ആ രീതിയില്‍ എത്രകണ്ട് ആക്രമണം തുടര്‍ന്നുവോ അത്രകണ്ട് അദ്ദേഹം കരുത്താര്‍ജിക്കുകയും ചെയ്തു.

2) മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതില്‍ ബി.ജെ.പിക്കുണ്ടായ പരാജയം. കെജ്രിവാളിന് പകരക്കാരനാവാന്‍ പ്രാപ്തനായൊരു സ്ഥാനാര്‍ത്ഥി ബി.ജെ.പിയുടെ പക്ഷത്തില്ലെന്ന് ദല്‍ഹിയിലെ വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് എളുപ്പം സാധ്യമായി. കാബിനറ്റ് മന്ത്രി ഹര്‍ഷ് വര്‍ധനെപ്പോലെ ഒരു മുഖ്യമന്ത്രിയെ ബി.ജെ.പി പ്രവചിച്ചിരുന്നെങ്കില്‍, ഫലം മറ്റൊന്നാകുമായിരുന്നു.

3) 2017ലെ ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ തൊട്ടുടന്‍ ആം ആദ്മി പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് തുടങ്ങി. അതേസമയം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാത്രമാണ് ബി.ജെ.പി പ്രചരണം ആരംഭിച്ചത്.

ആം ആദ്മി പാര്‍ട്ടി ഒരു ടെസ്റ്റ് മത്സരമാണ് കളിച്ചതെങ്കില്‍ ബി.ജെ.പി തെരഞ്ഞെടുത്തത് ‘റ്റ്വന്റി റ്റ്വന്റി’ ആയിരുന്നു എന്നു വേണമെങ്കില്‍ പറയാം. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിലാകട്ടെ ബി.ജെ.പിയേക്കാള്‍ മികച്ച നിലയില്‍ തയ്യാറെടുക്കാനും കൂടുതല്‍ പ്രദേശങ്ങളില്‍ പ്രചരണം നടത്താനും ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചു.

4) ആം ആദ്മി സര്‍ക്കാര്‍ 2013ല്‍ ആദ്യമായി അധികാരത്തില്‍ വന്നപ്പോള്‍ നല്‍കിയ സൗജന്യ വൈദ്യുതിയും സൗജന്യ കുടിവെള്ളവും ഒരു ‘മേജര്‍ സ്‌ട്രോക്ക്’ ആണെന്ന് 2015 ല്‍ തെളിഞ്ഞു, 2020 ല്‍ ഇത് വീണ്ടും പ്രവര്‍ത്തിച്ചു. ഈ സൗകര്യങ്ങള്‍ക്കൊക്കെ ആം ആദ്മി പാര്‍ട്ടിയോട് ദരിദ്രജനവിഭാഗങ്ങള്‍ക്ക് തോന്നിയ കടപ്പാട് വോട്ടുകളായി പാര്‍ട്ടിക്ക് തിരിച്ചുകിട്ടുകയും ചെയ്തു.

5) കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ കെജ്രിവാള്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബസ്, മെട്രോ യാത്രകള്‍ സൗജന്യമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടപ്പില്‍ വരുത്തി.

6) വനിതാ വോട്ടര്‍മാര്‍ കൂട്ടമായിത്തന്നെ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്തു. ‘ആക്‌സിസ് മൈ ഇന്ത്യ’ എക്‌സിറ്റ് പോള്‍ കണക്കു പ്രകാരം 53 ശതമാനം പുരുഷ വോട്ടര്‍മാര്‍ എ.എ.പിക്ക് വോട്ട് ചെയ്‌തെങ്കില്‍ 59 ശതമാനം വനിതാ വോട്ടര്‍മാരാണ് ആം ആദ്മി പാര്‍ട്ടിയെ പിന്തുണച്ചത്. ഈ 6% വോട്ട് വിടവ് നിര്‍ണ്ണായകമാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പ്രധാനയിടങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചതും ബി.ജെ.പിയെക്കാള്‍ ആം ആദ്മി പാര്‍ട്ടിയെ തിരഞ്ഞെടുക്കാന്‍ വനിതാ വോട്ടര്‍മാരെ പ്രേരിപ്പിച്ചു.

7) ദല്‍ഹി ജനസംഖ്യയുടെ 14% മുസ്ലിംകളാണ്. ഇന്ത്യയിലെവിടെയും ന്യൂനപക്ഷങ്ങള്‍ക്ക് വിശിഷ്യാ മുസ്‌ലീംകള്‍ക്ക്, ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഒരു പാര്‍ട്ടിക്ക് ഒറ്റക്കെട്ടായി വോട്ടുചെയ്യാനുള്ള പ്രവണതയുണ്ട്. ദല്‍ഹിയില്‍ കോണ്‍ഗ്രസിനോട് മുസ്‌ലീം വോട്ടര്‍മാര്‍ക്കുണ്ടായിരുന്ന മമത 2015 ലെ തെരഞ്ഞെടുപ്പോടെ മാറി.

ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയാണ് ബി.ജെ.പിയുടെ എതിര്‍സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്നതിനാല്‍, മുസ്‌ലീംകള്‍ക്ക് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇത്തവണ മോദി സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ കാരണം ഏതുവിധേനയും ബി.ജെ.പിയെ വോട്ടുചെയ്ത് തോല്പിക്കാന്‍ തന്നെ മുസ്‌ലീങ്ങള്‍ ഉറച്ചിരുന്നു.

8) ബി.ജെ.പിയുടെ അസാധാരണമായ രീതിയിലുള്ള നെഗറ്റീവ് പ്രചാരണം പല മധ്യവര്‍ഗ ബി.ജെ.പി അനുഭാവികളെയും അലോസരപ്പെടുത്തി. 2015ലും ഇതേ രീതിയിലുള്ള ബി.ജെ.പിയുടെ നെഗറ്റീവ് പ്രചാരണവും ജനം തള്ളിക്കളഞ്ഞിരുന്നു. ‘ഗോലീ മാരോ …’ പോലുള്ള മുറവിളികള്‍ തീര്‍ത്തും ഒഴിവാക്കേണ്ടതായിരുന്നെങ്കിലും, ചരിത്രത്തില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പാഠം പഠിക്കാനുള്ള ശേഷി ബി.ജെ.പി നേതൃത്വത്തിനുണ്ടായിരുന്നില്ല.

9) അരവിന്ദ് കെജ്‌രിവാളിന്റെ ‘ഹനുമാന്‍ ചാലിസ’ പാരായണം ആം ആദ്മി പാര്‍ട്ടിയുടെ പുതിയ കണ്ടുപിടുത്തമാണ്. ഷഹീന്‍ ബാഗിനെ മുന്‍നിര്‍ത്തി വോട്ടര്‍മാരെ വര്‍ഗ്ഗീയമായി ധ്രുവീകരിക്കാനുള്ള ബി.ജെ.പി ശ്രമത്തെ അത് നിര്‍വീര്യമാക്കിക്കളഞ്ഞു.

കടുത്ത പ്രകോപനമുണ്ടായിട്ടും ആം ആദ്മി നേതാക്കള്‍ ഷഹീന്‍ ബാഗ് സന്ദര്‍ശനം ഒഴിവാക്കുക വഴി, മുസ്‌ലീംപക്ഷ പാര്‍ട്ടിയായി ചിത്രീകരിക്കപ്പെടാനുള്ള സാധ്യത തീരെ ഇല്ലാതാക്കി. മറുവശത്ത്, കെജ്രിവാളിന്റെ ‘ഹനുമാന്‍ ചാലിസ’ വീഡിയോയിലൂടെ ആം ആദ്മി പാര്‍ട്ടി ബി.ജെ.പിയുടെ ഹിന്ദു വോട്ടര്‍മാരില്‍ ഒരു വിഭാഗത്തെ അടുപ്പിച്ചു നിര്‍ത്തുകയും ചെയ്തു.

10) അമിത ആത്മവിശ്വാസം ബി.ജെ.പി.യെ വെട്ടിലാക്കി. 2019 ലെ പൊതുതെരഞ്ഞെടുപ്പിലെ വന്‍ വിജയവും തുടര്‍ന്നുണ്ടായ മുത്തലാഖ് നിരോധനം, സി.എ.എ, കാശ്മീര്‍ വിഷയം, രാം മന്ദിറിന് അനുകൂലമായുണ്ടായ സുപ്രീം കോടതി ഉത്തരവ് എന്നിവ സൃഷ്ടിച്ച ഹിന്ദു വോട്ട് ഏകീകരണം തങ്ങള്‍ക്കനുകൂലമായി ഭവിക്കുമെന്നു തന്നെ ബി.ജെ.പി ഉറച്ചുവിശ്വസിച്ചു.

അതു വഴി ദല്‍ഹി ഭരണം അനായാസം പിടിച്ചെടുക്കാമെന്നും ബി.ജെ.പി മനക്കോട്ട കെട്ടി. ഇതിനു വിപരീതമായി, ആം ആദ്മി തങ്ങളുടെ ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലവതരിപ്പിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. രാഷ്ട്രീയം തിരിച്ചറിവിന്റ കളിയാണ്. ആ പോരാട്ടത്തില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചു.

അവസാനം, തങ്ങളാണ് കേമന്‍മാരെന്ന് ആം ആദ്മി പാര്‍ട്ടി തെളിയിച്ചു. ദേശീയതയുടെ മൊത്തക്കുത്തക തങ്ങള്‍ക്കാണെന്ന ബി.ജെ.പിയുടെ അവകാശവാദത്തോട് ഏറ്റുമുട്ടാനോ വിധേയപ്പെടാനോ കെജ്രിവാള്‍ മുതിര്‍ന്നില്ല. തങ്ങളുടെ വിദ്വേഷ രാഷ്ട്രീയം പരാജയപ്പെട്ടിരിക്കുന്നുവെന്ന് ബി.ജെ.പി ഇനിയെങ്കിലും മനസ്സിലാക്കുമോ? അടുത്തതെന്തെന്ന് ഇനി ബംഗാളും ബീഹാറും തീരുമാനിക്കും.

കടപ്പാട് : എന്‍ഡിടിവി.കോം

 

അശുതോഷ്
ദല്‍ഹിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍