1000 ദിവസത്തെ ഇസ്രഈൽ ആക്രമണം: ഗസയിൽ കൊല്ലപ്പെട്ടത് 21,500 കുട്ടികൾ; കൂട്ടക്കൊല ചെയ്യപ്പെട്ടത് 2700 കുടുംബങ്ങൾ
Trending
1000 ദിവസത്തെ ഇസ്രഈൽ ആക്രമണം: ഗസയിൽ കൊല്ലപ്പെട്ടത് 21,500 കുട്ടികൾ; കൂട്ടക്കൊല ചെയ്യപ്പെട്ടത് 2700 കുടുംബങ്ങൾ
സിജൊ
Friday, 3rd July 2026, 8:56 am

ഗസ സിറ്റി: ഗസയിൽ ഇസ്രഈലിന്റെ വംശഹത്യാപരമായ ആക്രമണങ്ങൾ 1000 ദിവസം പിന്നിടുമ്പോൾ കൊല്ലപ്പെട്ടത് 21,500ൽ അധികം കുട്ടികളെന്ന് ഗസ മീഡിയ ഓഫീസ്. മീഡിയ ഓഫീസ് വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ഇസ്രഈൽ ആക്രമണങ്ങളിൽ പ്രദേശത്തുണ്ടായ മരണങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്കുകളുള്ളത്.

ഇസ്രഈൽ ആക്രമണങ്ങളിൽ 21,500ലധികം കുട്ടികൾ കൊല്ലപ്പെടുകയും 44500 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ മീഡിയ ഓഫീസിന്റെ കണക്കുകളിൽ പറയുന്നു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളിൽ 450 നവജാത ശിശുക്കളും ഉൾപ്പെടുന്നു. ഒരു വയസ് പോലും തികയാത്ത 1029 കുട്ടികളും ഇസ്രഈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. അഞ്ച് വയസിന് താഴെയുള്ള 5031 കുട്ടികൾ ഈ കാലയളവിൽ ഇസ്രഈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്നും കണക്കുകളിൽ പറയുന്നു.

ആകെ 73,066 പേരാണ് ഗസയിൽ ഈ കാലയളവിൽ ഇസ്രഈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 12,500 പേർ സ്ത്രീകളാണ്. 1,73,514 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. 9,500 പേരെ ഈ കാലത്ത് കാണാതാവുകയും ചെയ്തു. കാണാതായവരിൽ പലരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്.

പരിക്കേറ്റ 1,73,514 പേരിൽ 19,000 പേർക്ക് ദീർഘ കാലം ചികിത്സ ആവശ്യമാണ്. 5400 പേർക്ക് ആക്രമണങ്ങളിൽ ശരീര ഭാഗങ്ങൾ നഷ്ടപ്പെട്ടു. 1200 പേർക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. മാതാപിതാക്കൾ കൊല്ലപ്പെട്ട് 58,800 കുട്ടികൾ ഈ കാലയളവിൽ അനാഥരായെന്നും ഗസ മീഡിയ ഓഫീസിന്റെ കണക്കുകൾ പറയുന്നു.

2700 കുടുംബങ്ങളെ ഇസ്രഈൽ കൂട്ടക്കൊല ചെയ്തെന്നും 6020 കുടുംബങ്ങളിൽ ഒരാളൊഴികെ ബാക്കിയെല്ലാവരെയും കൊലപ്പെടുത്തിയെന്നും ഗസ മീഡിയ ഓഫീസ് പറയുന്നു. 928 കായിക താരങ്ങളും 262 പത്രപ്രവർത്തകരും 194 മുനിസിപ്പൽ ജീവനക്കാരും ഇസ്രഈൽ ആക്രമണങ്ങളിൽ ഈ കാലയളവിൽ ഗസയിൽ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ മുതൽ ഇതുവരെ 362 ആരോഗ്യ പ്രവർത്തകരെ ഇസ്രഈൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിൽ 83 പേർ ഇപ്പോഴും തടവിൽ കഴിയുകയാണ്.

പട്ടിണിയും പോഷകാഹാരക്കുറവും കാരണം ഗസയിൽ ഈ കാലയളവിൽ 460 പേർ മരിച്ചു. ഇതിൽ 164 കുട്ടികളും ഉൾപ്പെടുന്നു. ആരോഗ്യ സംരക്ഷണ മാർഗങ്ങൾ ലഭിക്കാത്തതും പോഷകാഹാരക്കുറവും കാരണം ഈ കാലയളവിൽ 12000 പേരുടെ ഗർഭം അലസിയതായും ഗസ മീഡിയ ഓഫീസിന്റെ കണക്കുകളിൽ പറയുന്നു. 21,42,000 പേരാണ് 2023 ഒക്ടോബർ മുതൽ തുടരുന്ന ഇസ്രഈൽ ആക്രമണങ്ങൾ കാരണം പലായനം ചെയ്യാൻ നിർബന്ധിതരായത്.

ഗസയിൽ നിലവിൽ ഇസ്രഈൽ നടത്തിവരുന്ന ആക്രമണങ്ങൾ 2023 ഒക്ടോബർ ഏഴിനാണ് ആരംഭിച്ചത്. 1000 ദിവസത്തെ ഇസ്രഈൽ ആക്രമണത്തിൽ ഗസയുടെ 90 ശതമാനം പ്രദേശത്തും നാശ നഷ്ടങ്ങളുണ്ടായി. ഗസ മുനമ്പിന്റെ 80 ശതമാനം പ്രദേശവും ഇസ്രഈൽ ഈ കാലയളവിൽ അധിനിവേശം നടത്തി പിടിച്ചെടുത്തുവെന്നും കണക്കുകളിൽ പറയുന്നു.

223,000 ടണ്ണിലധികം സ്ഫോടകവസ്തുക്കളാണ് ഗസയിൽ ഇക്കാലത്ത് ആക്രമണങ്ങൾക്കായി ഇസ്രഈൽ ഉപയോഗിച്ചത്. ‘സുരക്ഷിത മേഖല’ എന്ന് ഇസ്രഈൽ അവകാശപ്പെടുന്ന അൽ-മവാസി പ്രദേശത്ത് 241 തവണ അവർ ബോംബാക്രമണം നടത്തിയെന്നും ഗസ മീഡിയ ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വെടിനിർത്തലിന് ശേഷവും 265 കുട്ടികൾ ഇസ്രഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് യൂണിസെഫിന്റെ കണക്കുകൾ. പ്രതിദിനം ഒരു കുട്ടിയെങ്കിലും ഗസയിൽ ഇസ്രഈൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നതായി ഈ കണക്കുകൾ വ്യക്തമാക്കുന്നു.

കുട്ടികളാണ് ഗസയിലെ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച ഒരു വിഭാഗമെന്ന് ഈ വർഷം ഏപ്രിലിൽ ഫലസ്തീൻ സെൻട്രൽ ബ്യൂറോ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. 2023 ഒക്ടോബർ എട്ട് മുതൽ ഈ വർഷം ഏപ്രിൽ ഒന്ന് വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോർട്ട്. വെടിനിർത്തൽ കരാർ വന്ന ശേഷവും ഗസയിൽ 1000 പേരെയെങ്കിലും ഇസ്രഈൽ സൈന്യം കൊലപ്പെടുത്തിയതായാണ് കണക്കുകൾ.

ഗസയിലെ മുഴുവൻ ജനവും ക്ഷാമത്തിന്റെ ഭീഷണി നേരിടുന്നതായും മേഖലയിലെ ശരാശരി ആയുർ ദൈർഖ്യം 40 വയസ്സായി കുറഞ്ഞുവെന്നും 2024ൽ യു.എന്നിന് കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കുകളിൽ പറഞ്ഞിരുന്നു. ഗസയിൽ ആക്രമണങ്ങളെത്തുടർന്ന് 6.8 കോടി ടൺ കെട്ടിടാവശിഷ്ടങ്ങളുള്ളതായാണ് കണക്കാക്കുന്നത്. ഇതിൽ 3.1 ലക്ഷം ടൺ മാത്രമാണ് നീക്കം ചെയ്തത്. ആകെ അവശിഷ്ടങ്ങളുടെ 0.5 ശതമാനം മാത്രമാണ് നീക്കം ചെയ്തവ.

Content Highlight: 1,000 days of Israel’s Genocidal Attacks: Gaza children get killed, orphaned and starved