| Sunday, 29th June 2025, 1:12 pm

സൂംബ; പൗരോഹിത്യം ഹറാമാക്കിയ എന്തെല്ലാം ഹലാലായി; പിന്തിരിപ്പന്‍ നിലപാടുകള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുകയോ പ്രതിപക്ഷം അത്തരക്കാരെ പിന്തുണക്കുകയോ ചെയ്യരുത്: എം.എന്‍. കാരശ്ശേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്‌കൂളിലെ സൂംബഡാന്‍സ് വിവാദങ്ങളില്‍ സര്‍ക്കാര്‍ പിന്തിരിപ്പന്‍ നിലപാടുകള്‍ക്ക് മുന്നില്‍ വഴങ്ങി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.എന്‍. കാരശ്ശേരി. ഇത്തരം പിന്തിരിപ്പന്‍ നിലപാടെടുക്കന്നവര്‍ക്ക് പ്രതിപക്ഷം പിന്തുണ നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരോഹിത്യം വിലക്കു കല്‍പിച്ച നിരവധി കാര്യങ്ങളില്‍ പിന്നീട് മാറ്റമുണ്ടായെന്നും എം.എന്‍. കാരശ്ശേരി കൂട്ടിച്ചേര്‍ത്തു. കലാരൂപങ്ങള്‍ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യവും സന്തോഷവും നല്‍കുന്നതാണെന്നും എന്നാല്‍ അത്തരം സന്തോഷള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും എല്ലാ മതത്തിലുമുള്ള പൗരോഹിത്യവും എതിരാണെന്നും അദ്ദേഹം പറഞ്ഞു. അവരെപ്പോഴും മരണവും പരലോക ജീവിതവും പറഞ്ഞ് മനുഷ്യരെ പേടിപ്പിച്ച് നിര്‍ത്താനാണ് ശ്രമിക്കാറുള്ളതെന്നും ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്ത് ഫ്‌ളാഷ്‌മോബ് നടത്തിയ ജസ്ല മാടശ്ശേരിക്ക് ഏല്‍ക്കേണ്ടി വന്ന അധിക്ഷേപങ്ങളെ കുറിച്ചും എം.എന്‍. കാരശ്ശേരി ചര്‍ച്ചയില്‍ സൂചിപ്പിച്ചു. മുസ്‌ലിം കുടുംബത്തില്‍ നിന്നുള്ള കെ.എസ്.യു പ്രവര്‍ത്തക കൂടിയായിരുന്നു ജസ്‌ലക്ക് ഒരു ഫ്‌ളാഷ്‌മോബില്‍ പങ്കെടുത്തതിന്റെ പേരില്‍ കാലങ്ങളോളം ആക്രമണം നേരിടേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

ടി.വി. കാണല്‍ ഹറാമാണെന്ന് പറഞ്ഞവര്‍ ഇന്ന് ചാനല്‍ നടത്തുന്നുണ്ടെന്നും പെണ്‍കുട്ടികള്‍ എഴുത്ത് പഠിക്കലും ഫോട്ടോയെടുക്കലുമെല്ലാം പണ്ട് ഹറാമായിരുന്നെങ്കില്‍ ഇന്ന് അതെല്ലാം മാറിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. കളിക്കാരന്റെ മുട്ടിന് മുകളിലേക്കുള്ള ശരീരം കാണുന്നു എന്ന് പറഞ്ഞ് ഫുട്‌ബോള്‍ മാച്ച് കാണുന്നതിനും വിലക്കുണ്ടായിരുന്നെന്നും അതിന്റെ പേരില്‍ ഇറാനില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നതായും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ ഇന്ന് അക്കാര്യങ്ങള്‍ക്കെല്ലാം മാറ്റമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

സന്താന നിയന്ത്രണത്തിന് ഇവിടുത്തെ ക്രിസ്ത്യന്‍-മുസ്‌ലിം പുരോഹിതര്‍ എതിരായിരുന്നെന്നും കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നവര്‍ക്ക് കത്തോലിക്ക പുരോഹിതര്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ ഇന്ന് അക്കാര്യങ്ങളില്‍ മാറ്റമുണ്ടായെന്നും അതിനാല്‍ സൂംബ ഡാന്‍സുമായി ബന്ധപ്പെട്ട തീരുമാനിത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകരുതെന്നും എം.എന്‍. കാരശ്ശേരി പറഞ്ഞു.

സര്‍ക്കാര്‍ നിലപാടിനെതിരെ പിന്തിരിപ്പന്‍ നിലപാടെടുക്കുന്നവരെ പ്രതിപക്ഷം പിന്തുണക്കരുതെന്നും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായി അദ്ദേഹം പറഞ്ഞു. പൗരോഹിത്യത്തിന് കീഴടങ്ങാത്ത രാഷ്ട്രീയ പ്രവര്‍ത്തനമുണ്ടായാലേ നമുക്ക് നവോത്ഥാനവും തുല്യതയും നീതിയുമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചേര്‍ത്തു.

content highlights: Zumba; Govt should not give in to reactionary positions or opposition should support such people: M.N. Karassery

We use cookies to give you the best possible experience. Learn more