| Monday, 30th June 2025, 5:29 pm

സൂംബ ഡാന്‍സ് മുഖ്യമന്ത്രിയുടെ പുതിയ തട്ടിപ്പ്; വിദ്യാര്‍ത്ഥികളുടെ സ്ട്രസ്സിന് കാരണം ആവശ്യമില്ലാത്തത് കുത്തിനിറച്ച സിലബസ്: പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ സമ്മര്‍ദത്തിന് പ്രധാന കാരണം ആവശ്യമില്ലാത്തത് കുത്തിനിറച്ച സിലബസാണെന്ന് നിലമ്പൂര്‍ മുന്‍ എം.എല്‍.എയും ടി.എം.സി നേതാവുമായ പി.വി. അന്‍വര്‍.

ജീവിതത്തില്‍ ഒരു ആവശ്യവുമില്ലാത്ത കാര്യങ്ങളാണ് കേരളത്തിലെ കുട്ടികള്‍ പഠിക്കുന്നത്. മലപ്പുറത്തെ വിദ്യാര്‍ത്ഥികളുടെ പ്രധാന സ്ട്രസ്സ് എന്നത് സീറ്റില്ലാത്തതാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമാണ് സൂംബ ഡാന്‍സും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉണ്ടാകുന്നത്. അതായത് തെരഞ്ഞെടുപ്പിലെ തോല്‍വി അധികകാലം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഒരു നീക്കം. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ സ്ട്രസ്സിന് പരിഹാരം കാണാതെ സൂംബ ഡാന്‍സ് കളിക്കാനാണ് മുഖ്യമന്ത്രി പറയുന്നതെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

സൂംബ ഡാന്‍സ് മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ തട്ടിപ്പാണെന്നും അന്‍വര്‍ ആരോപിച്ചു. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് നെഗറ്റീവാണെങ്കില്‍ പുറത്തുവിടാന്‍ മാറ്റിവെച്ചിരുന്ന ഒന്നായിരുന്നു അത്. അല്ലെങ്കില്‍ തെരഞ്ഞെടുപ്പിന് മുമ്പേ പ്രഖ്യാപനം ഉണ്ടാകുമായിരുന്നുവെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം നെഗറ്റീവായാല്‍ സൂംബ ഡാന്‍സിനെ അങ്ങോട്ട് ഇറക്കിവിടാം. അതില്‍ ചിലരെങ്കിലും കേറി കൊത്തുമെന്ന് മുഖ്യമന്ത്രിക്കറിയാം. തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച ചര്‍ച്ചകള്‍ ഇല്ലാതാക്കാന്‍ എന്തെല്ലാം നാടകങ്ങളാണ് ഇവര്‍ കളിക്കുന്നത്. അതില്‍ വിജയവും കണ്ടു. തെരഞ്ഞെടുപ്പ് തോല്‍വിയും പിണറായിസവുമെല്ലാം പോയെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

മലപ്പുറത്തെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ട്രസ്സ് അനുഭവിക്കുന്നതെന്നും പി.വി. അന്‍വര്‍ ചൂണ്ടിക്കാട്ടി.

ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില സ്‌കൂളുകളില്‍ 15-20 കുട്ടികളാണ് ഒരു ക്ലാസില്‍ പഠിക്കുന്നത്. അവിടെല്ലാം ഡിവിഷന്‍ ഫോളാണ്. എന്നാല്‍ മലപ്പുറത്തെ സ്‌കൂളുകളില്‍ 100 കുട്ടികളാണ് ഒരു ക്ലാസിലുള്ളത്. ഇവിടെ മൈക്ക് വെച്ചാണ് അധ്യാപകര്‍ ക്ലാസെടുക്കുന്നത്. ക്ലാസിലെ രണ്ട് ഡെസ്‌കിനിടയില്‍ കൂടി ഈ അധ്യാപകര്‍ക്ക് നടക്കാന്‍ പോലും കഴിയില്ല. ഈ സ്ട്രസ്സൊന്നും മുഖ്യമന്ത്രി കാണാത്തത് എന്തുകൊണ്ടാണെന്നും പി.വി. അന്‍വര്‍ ചോദിച്ചു.

Content Highlight: Zumba dance is the new scam of the Chief Minister; P.V. Anvar

We use cookies to give you the best possible experience. Learn more