| Saturday, 28th June 2025, 9:42 am

സൂംബ ഡാൻസ് വിവാദം; കുട്ടികൾ നൃത്തം ചെയ്യുക യൂണിഫോമിൽ, ഉയരുന്നത് ലഹരിയേക്കാൾ വിഷമുള്ള എതിർപ്പെന്ന് വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൂംബ ഡാൻസ് വിവാദത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിൽ നടത്തുന്നത് ലഘു വ്യായാമമാണെന്നും കുട്ടികൾ യൂണിഫോമിലാണ് നൃത്തം ചെയ്യുകയെന്നും അല്പവസ്ത്രം ധരിക്കാൻ അവരെ ആരും നിർബന്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ നിർദേശിക്കുന്ന പഠനപ്രക്രിയകൾക്ക് കുട്ടികൾ നിർബന്ധമായി പങ്കെടുക്കണമെന്നും രക്ഷിതാക്കൾക്ക് അതിൽ ചോയ്‌സില്ലെന്നും കോൺട്രാക്ട് റൂൾസ് പ്രകാരം വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അധ്യാപകർക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സ്കൂളുകളിൽ നടത്തുന്നത് ലഘു വ്യായാമാണ്. കുട്ടികൾ യൂണിഫോമിലാണ് നൃത്തം ചെയ്യുക. സർക്കാർ നിർദേശിക്കുന്ന പഠനപ്രക്രിയകൾക്ക് കുട്ടികൾ നിർബന്ധമായി പങ്കെടുക്കണം. രക്ഷിതാക്കൾക്ക് അതിൽ ചോയ്‌സില്ല. കോൺടാക്റ്റ് റൂൾസ് പ്രകാരം വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അധ്യാപകർക്ക് ബാധ്യതയുണ്ട്.

ആരും കുട്ടികളോട് അല്പവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങളും അടിച്ചമർത്തലുകളും ഉണ്ടായപ്പോൾ, പുരോഗമന പ്രസ്ഥാനങ്ങൾ ഉന്നതമായ സാംസ്‌കാരിക ജനാധിപത്യ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഇവിടെ ചില പ്രസ്ഥാങ്ങൾ ഭൂരിപക്ഷ വർഗീയതക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണ്.

കേരളം പോലുള്ള ഒരുമയോടെ ജീവിക്കുന്ന സമൂഹത്തിൽ ഇത്തരത്തിലുള്ള നിലപാടുകൾ ഭൂരിപക്ഷ വർഗീയതയ്ക്ക് മാത്രമേ ഉത്തേജനം നൽകുകയുള്ളൂ. കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉന്മേഷവും പോസിറ്റീവ് ചിന്തയും വളർത്താൻ സഹായിക്കും. ഇത് അവരുടെ പഠനത്തെയും വ്യക്തിത്വ വികാസത്തെയും നല്ല രീതിയിൽ സ്വാധീനിക്കും. കേരളത്തിലെ 14 ,000 ത്തോളം വരുന്ന വിദ്യാലയങ്ങളിൽ 90 ശതമാനം വിദ്യാലയങ്ങളിലും ഈ സൂംബ അടക്കമുള്ള കായിക ഇനങ്ങളുടെ റിഹേഴ്‌സലും പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇത്തരം ആരോഗ്യകരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യ വിഷയമായി ഉൾപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠന ബോധന സാമഗ്രികൾ ഉൾപ്പടെ തയാറാക്കി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ വിതരണത്തെ ചെയ്തിട്ടുണ്ട്.

കായിക വിദ്യാഭ്യാസത്തിലൂടെ ആരോഗ്യ പരിപാലനമെന്ന ബൃഹത്തായ പദ്ധതിയാണ് കേരളത്തിലെ പാഠ്യ പദ്ധതി പരിഷ്‌ക്കരിച്ചതിലൂടെ ലക്ഷ്യമിടുന്നത്. പൊതു വിദ്യാഭ്യസ വകുപ്പ് പുറത്തിറക്കിയിട്ടുള്ള ടൈം ടേബിൾ പ്രകാരം ആരോഗ്യ കായിക വിനിമയം ഫലപ്രദമായി നടന്നുവരുന്നുണ്ട്.

സ്ഥിരമായി കുട്ടികൾ കായിക പ്രവർത്തങ്ങളിലും വ്യായാമത്തിലും ഏർപ്പെടുന്നതിലൂടെ ശരീര പേശികൾക്ക് ശക്തി കൂടുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ശരീരഭാരം നിയന്ത്രിക്കുവാൻ സാധിക്കുകയും ചെയ്യും. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജീവിതശൈലി രോഗങ്ങൾ ഉള്ള കേരളത്തിൽ ഇതിന് വളരെയധികം പ്രാധാന്യം സർക്കാർ നൽകി വരുന്നുണ്ട്.

രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും മാനസികമായ സമ്മർദങ്ങൾ കുറക്കുവാനും ഉത്കണ്ഠ ഒഴിവാക്കാനും സന്തോഷം വർധിപ്പിക്കുവാനുമാണ് ഇത്തരം വ്യായാമങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

കൂട്ടായിക കായിക പ്രവർത്തങ്ങൾ സഹപാഠികളെ ബഹുമാനിക്കാൻ കുട്ടികളെ പഠിപ്പിക്കുകയും വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നുള്ളവരെ ഒന്നിപ്പിക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ സൂംബ ഡാൻസ് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി ലീഗ് സുന്നി അനുകൂല നേതാക്കൾ രംഗത്തെത്തിയിരുന്നു. അല്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബാ ഡാൻസെന്നും വലിയ കുട്ടികൾ പോലും ഇങ്ങനെ ചെയ്യണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിൽ അത് പ്രതിഷേധാർഹമാണെന്നും എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി പറയുന്നു.

വിദ്യാര്‍ത്ഥികളില്‍ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കാനായിരുന്നു സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഴുവന്‍ കുട്ടികളെയും സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് ചെയ്യിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭഗമായാണ് സൂംബ ഡാന്‍സ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.

Content Highlight: Zumba dance controversy; Children dancing in uniform, the rising opposition is more poisonous than intoxication, says Education Minister

We use cookies to give you the best possible experience. Learn more