| Monday, 7th July 2025, 7:36 pm

സൂംബ വിവാദം; അധ്യാപകന്‍ ടി.കെ. അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്നുണ്ടായ അധ്യാപകന്‍ ടി.കെ. അഷ്‌റഫിനെതിരായ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കി ഹൈക്കോടതി.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത നടപടി മാനേജര്‍ പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ടി.കെ. അഷ്റഫ് സമര്‍പ്പിച്ചിട്ടുള്ള കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടിയും മാനേജര്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.

കാരണംകാണിക്കാന്‍ ജൂലൈ അഞ്ച് വരെ സമയമുണ്ടായിട്ടും തനിക്കെതിരെ ഉണ്ടായത് തിടുക്കപ്പെട്ട നടപടിയാണെന്നാണ് അധ്യാപകന്‍ കോടതിയില്‍ വാദിച്ചത്. ജൂലൈ രണ്ടിനാണ് സ്‌കൂള്‍ മാനേജര്‍ ടി.കെ. അഷ്‌റഫിന് മെമോ നല്‍കിയത്. ഇത് നീതിലംഘനമാണെന്നും അധ്യാപകന്‍ കോടതിയില്‍ പറഞ്ഞു.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറിയാണ് ടി.കെ. അഷ്റഫ്. ജൂണ്‍ അവസാനത്തില്‍ സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്ന് ടി.കെ. അഷ്റഫ് പരസ്യമായി പ്രസ്താവിച്ചിരുന്നു.

തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിക്കുകയായിരുന്നു. ഇതിന്റെ പേരിലുണ്ടാകുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മക്കളെ വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നുമായിരുന്നു ടി.കെ. അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതിനുപുറമെ സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് പിന്നാലെ ചില മത സംഘടനകളും ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും ഭാരതീയ വിചാര കേന്ദ്രവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ലഹരിയുടെ പേരില്‍ വിദേശ ചരക്കായ സൂംബയെ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നായിരുന്നു ഭാരതീയ വിചാര കേന്ദ്രത്തിന്റെ വാദം. ഇതിനിടെയാണ് ടി.കെ. അഷ്‌റഫും സൂംബ നടപ്പാക്കുന്നതിനെതിരെ രംഗത്തെത്തിയത്.

Content Highlight: Zumba controversy; High Court cancels suspension of teacher TK Ashraf

We use cookies to give you the best possible experience. Learn more