| Tuesday, 24th November 2026, 6:05 pm

നിക്കറിട്ട സുക്കര്‍: മെറ്റയുടെ രാഷ്ട്രീയപരമായ പക്ഷപാതത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്

ദേവിക ജയചന്ദ്രന്‍

ബെംഗളൂരു: വ്യാജവാര്‍ത്തകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ഉപയോക്താക്കളുടെ സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മെറ്റ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നാരോപിച്ച് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ്.

‘മെറ്റാ ബി.ജെ.പി കാ ബേട്ടാ’ (മെറ്റ, ബി.ജെ.പിയുടെ മകന്‍) എന്ന പേരില്‍ ആര്‍.എസ്.എസ് വേഷത്തില്‍ നില്‍ക്കുന്ന സുക്കര്‍ബര്‍ഗിന്റെ ബാനറുകള്‍ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു.

സാമൂഹികമാധ്യമങ്ങളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വിവേചനമുണ്ടെന്നും കമ്പനിയുടെ സമീപനം വ്യാജവാര്‍ത്തകളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസത്തിനിടെ 54 ലക്ഷം അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും ദിവസേന ശരാശരി 30,000ത്തോളം അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.

അതേസമയം, അതിനുശേഷം നിയന്ത്രണങ്ങളുടെ എണ്ണം ഏകദേശം പത്തിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. ഇത് 2-3 കോടി നിയന്ത്രണങ്ങളിലേക്ക് എത്തിയിരിക്കാമെന്നും, അതായത് പ്രതിദിനം ഏകദേശം 2-3 ലക്ഷം അക്കൗണ്ടുകള്‍ നിയന്ത്രിക്കപ്പെടുന്നുണ്ടാകാമെന്നും കണക്കാക്കുന്നു,’ യൂത്ത് കോണ്‍ഗ്രസ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

നിയന്ത്രണം ഏര്‍പ്പെടുത്തിയ അക്കൗണ്ടുകള്‍ പുനസ്ഥാപിക്കുക, നിയന്ത്രണങ്ങളുടെ കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അല്‍ഗോരിതത്തിന്റെ പങ്ക് വെളിപ്പെടുത്തുക എന്നീ മൂന്ന് കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ മെറ്റയുടെ സമീപനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി.

ബി.ജെ.പിയുടെ നിര്‍ദേശപ്രകാരം യൂത്ത് കോണ്‍ഗ്രസ് ദേശീയ ചുമതലയുള്ള നേതാവിന്റെയും അധ്യക്ഷന്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ നവംബര്‍ 19ന് തടഞ്ഞ് വെച്ചുവെന്ന് സംഘടന ആരോപിച്ചിരുന്നു.

ഇതിനെതിരെ മെറ്റയുടെ മുംബൈയിലേയും ഹൈദരാബാദിലെയും ഗുരുഗ്രാമിലേയും ഓഫീസുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് 15 മിനിട്ടിനുള്ളില്‍ രണ്ട് അക്കൗണ്ടുകളും പുനസ്ഥാപിച്ചുവെന്നും സംഘടന അവകാശപ്പെട്ടു.

Content Highlight: Zuckerberg in RSS shorts: Youth Congress in Karnataka protests against Meta’s political bias.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more