| Wednesday, 10th December 2025, 9:41 am

ജുറാസിക് വേള്‍ഡിനെ തീര്‍ത്തിട്ടുണ്ടേ... അതിവേഗം വണ്‍ ബില്യണ്‍ ക്ലബ്ബിലെത്താനൊരുങ്ങി സൂട്ടോപ്യ 2

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ സിനിമകളുടെ പട്ടികയിലേക്ക് കുതിക്കുകയാണ് ഡിസ്‌നിയുടെ അനിമേഷന്‍ ചിത്രം സൂട്ടോപ്യ 2. നവംബര്‍ 28ന് പുറത്തിറങ്ങിയ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിയുകയാണ്. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ 500 മില്യണിലധികം സ്വന്തമാക്കിയ ചിത്രം പല വമ്പന്‍ സിനിമകളെയും കളക്ഷനില്‍ പിന്നിലാക്കിക്കഴിഞ്ഞു.

അതിവേഗം വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടംപിടിക്കാന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. റിലീസ് ചെയ്ത് 12 ദിവസത്തിനുള്ളില്‍ 900 മില്യണിലേറെ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ആഗോള ബോക്‌സ് ഓഫീസില്‍ 938 മില്യണാണ് ചിത്രത്തിന്റെ കളക്ഷന്‍. ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന നാലാമത്തെ കളക്ഷനാണിത്.

ഹോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ജുറാസിക് വേള്‍ഡ്: റീബെര്‍ത്തിനെ മറികടന്നാണ് സൂട്ടോപ്യ 2 നാലാം സ്ഥാനം സ്വന്തമാക്കിയത്. 870 മില്യണായിരുന്നു ജുറാസിക് വേള്‍ഡിന്റെ കളക്ഷന്‍. ചിത്രത്തിന്റെ ലൈഫ്‌ടൈം കളക്ഷന്‍ രണ്ടാഴ്ചക്കുള്ളില്‍ തകര്‍ത്ത സൂട്ടോപ്യ 2 അതിവേഗം വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ഡിസ്‌നിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ വണ്‍ ബില്യണ്‍ ചിത്രമായി സൂട്ടോപ്യ 2 മാറിയാല്‍ ചരിത്രമാകും. ഹോളിവുഡിന്റെ ബ്രഹ്‌മാണ്ഡ പ്രൊജക്ട് അവതാര്‍ 3യുടെ റിലീസിന് മുമ്പ് സൂട്ടോപ്യ മിനിമം 1.5 ബില്യണ്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ലോങ് റണ്‍ ലഭിക്കുകയാണെങ്കില്‍ രണ്ട് ബില്യണ്‍ വരെ ചിത്രം സ്വന്തമാക്കുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്.

മാന്‍ഡരിന്‍ അനിമേഷന്‍ ചിത്രമായ നെ ജ 2വാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്. 2.21 ബില്യണാണ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഡിസ്‌നിയുടെ ലൈവ് ആക്ഷന്‍ ചിത്രം ലിലോ ആന്‍ഡ് സ്റ്റിച്ച് 1.03 ബില്യണ്‍ നേടി രണ്ടാം സ്ഥാനത്തുണ്ട്. വാര്‍ണര്‍ ബ്രോസിന്റെ അനിമേഷന്‍ ചിത്രം എ മൈന്‍ക്രാഫ്റ്റ് മൂവിയാണ് മൂന്നാം സ്ഥാനത്ത്.

ജെയിംസ് കാമറൂണിന്റെ ഡ്രീം പ്രൊജക്ടായ അവതാര്‍ 3 തന്നെയാകും ഈ വര്‍ഷത്തെ ഇയര്‍ ടോപ്പര്‍. പ്രീമിയര്‍ ഷോയ്ക്ക് പിന്നാലെ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സിനിമാ ചരിത്രത്തിലെ ആദ്യ മൂന്ന് ബില്യണ്‍ ക്ലബ്ബിന് അവതാര്‍ 3യിലൂടെ തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 18ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Zootopia 2 crossed lifetime collection of Jurassic World Rebirth

We use cookies to give you the best possible experience. Learn more