അനിമേഷന്‍ സിനിമകള്‍ ബോക്‌സ് ഓഫീസ് ഭരിക്കുന്ന കാഴ്ചയാണ് ഈ വര്‍ഷം കാണാന്‍ സാധിച്ചത്. വമ്പന്‍ സിനിമകള്‍ പലതും പുറത്തിറങ്ങിയെങ്കിലും ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സിനിമകളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും അനിമേഷന്‍ ചിത്രങ്ങള്‍ക്കാണ്. ഇപ്പോഴിതാ മറ്റൊരു അനിമേഷന്‍ സിനിമ കൂടി ബോക്‌സ് ഓഫീസില്‍ ചരിത്രം രചിച്ചിരിക്കുകയാണ്.
ഡിസ്‌നിയുടെ ഏറ്റവും പുതിയ അനിമേഷന്‍ ചിത്രമായ സൂട്ടോപ്യ 2 ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ റെക്കോഡ് കളക്ഷനാണ് ചിത്രം നേടിയത്. 563 മില്യണാണ് ഇതിനോടകം ചിത്രം സ്വന്തമാക്കിയത്. ഒരു അനിമേഷന്‍ ചിത്രത്തിന്റെ ഏറ്റവുമുയര്‍ന്ന വീക്കെന്‍ഡ് കളക്ഷനാണിത്.
Zootopia Photo; IMDB
എന്നാല്‍ ഇത് മാത്രമല്ല, മറ്റ് പല റെക്കോഡുകളും സൂട്ടോപ്യ 2 സ്വന്തമാക്കിക്കഴിഞ്ഞു. ഓപ്പണിങ് വീക്കെന്‍ഡില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സിനിമകളില്‍ നാലാം സ്ഥാനമാണ് ചിത്രം നേടിയത്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മാര്‍വലിന്റെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. 1.23 ബില്യണ്‍ നേടിയ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമാണ് ഒന്നാം സ്ഥാനത്ത്.
640 മില്യണ്‍ സ്വന്തമാക്കിയ ഇന്‍ഫിനിറ്റി വാറും 600 മില്യണ്‍ നേടിയ സ്‌പൈഡര്‍ മാന്‍: നോ വേ ഹോമുമാണ് സൂട്ടോപ്യക്ക് മുന്നിലുള്ളത്. ആദ്യ മൂന്ന് ദിവസം കൊണ്ട് 500 മില്യണിലേറെ നേടിയ ചിത്രം ഈ വര്‍ഷത്തെ മൂന്നാമത്തെ വണ്‍ ബില്യണ്‍ സിനിമയായി മാറുമെന്നാണ് കണക്കുകൂട്ടല്‍. മാന്‍ഡരിന്‍ അനിമേഷന്‍ ചിത്രം നെ ജ 2, ഡിസ്‌നിയുടെ ലിലോ ആന്‍ഡ് സ്റ്റിച്ച് എന്നിവയാണ് വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടം നേടിയ മറ്റ് സിനിമകള്‍.
Zootopia Photo: Disney
ഈ വര്‍ഷത്തെ വമ്പന്‍ സിനിമകളായ മിഷന്‍ ഇംപോസിബിള്‍: ഫൈനല്‍ റെക്കനിങ്, സൂപ്പര്‍മാന്‍ എന്നീ സിനിമകളുടെ ലൈഫ്‌ടൈം കളക്ഷന്‍ വരുംദിവസങ്ങളില്‍ സൂട്ടോപ്യ 2 മറികടക്കുമെന്നാണ് കരുതുന്നത്. എല്ലാം ഒത്തുവരികയാണെങ്കില്‍ ഡിസ്‌നിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ വണ്‍ ബില്യണ്‍ ചിത്രവും സൂട്ടോപ്യയിലുടെ പിറവിയെടുക്കും.
ക്രിസ്മസ് റിലീസായി അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ് റിലീസാകുന്നതുവരെ സൂട്ടോപ്യക്ക് ഫ്രീ റണ്ണാണ് ലഭിക്കുക. ഈ ചെറിയ സമയത്തിനുള്ളില്‍ ഇതേ രീതിയില്‍ മുന്നോട്ട് കുതിച്ചാല്‍ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. 150 മില്യണിലൊരുങ്ങിയ ചിത്രം ആദ്യത്തെ മൂന്ന് ദിവസത്തിനുള്ളില്‍ നിര്‍മാതാക്കളായ ഡിസനി സ്റ്റുഡിയോസിന് ലാഭം നല്കിയിരിക്കുകയാണ്.
Content Highlight: Zootopia 2 collected more than 500 million in opening weekend