| Thursday, 22nd January 2026, 8:13 am

സൊമാറ്റോയുടെ തലപ്പത്ത് സ്ഥാനമാറ്റം, ദീപേന്ദര്‍ ഗോയലിന് പകരം ചുമതലയേറ്റ് ബ്ലിങ്കിറ്റ് സി.ഇ.ഓ അല്‍ബീന്ദര്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങി ദീപേന്ദര്‍ ഗോയല്‍. സൊമാറ്റോയുടെ മാതൃസ്ഥാപനമായ എറ്റേണലാണ് കഴിഞ്ഞദിവസം ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ഒന്നിന് ദീപേന്ദര്‍ സ്ഥാനമൊഴിയും. ഏറ്റേണലിന്റെ മറ്റൊരു ഓണ്‍ലൈന്‍ ഡെലിവറി ആപ്പായ ബ്ലിങ്കിറ്റിന്റെ സി.ഇ.ഒ അല്‍ബീന്ദര്‍ സിങ് ദിന്‍ഡ്‌സ ദീപേന്ദറിന് പകരം ചുമതലയേല്‍ക്കും.

പുതിയ ചില ഹൈ ലെവല്‍ റിസ്‌കുകള്‍ ഏറ്റെടുക്കാനും ചില കാര്യങ്ങള്‍ പരീക്ഷിക്കാനും വേണ്ടിയാണ് താന്‍ സ്ഥാനമൊഴിയുന്നതെന്ന് കമ്പനിയുടെ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് അയച്ച കത്തില്‍ ദീപേന്ദര്‍ കുറിച്ചു. എറ്റേണല്‍ പോലൊരു കമ്പനിക്ക് പുറത്ത് പരീക്ഷിക്കേണ്ട കാര്യമാണ് അതെന്നും കുറച്ച് ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് അതെന്നും ദീപേന്ദര്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘ഇടയ്ക്കിടെ വലിയ റിസ്‌കുകളുള്ള പരീക്ഷണങ്ങളും പര്യവേഷണങ്ങളും ഉള്‍പ്പെടുന്ന പുതിയ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാറുണ്ട്. എറ്റേണല്‍ പോലുള്ള കമ്പനിക്ക് പുറത്ത് ഇത്തരം പര്യവേഷണങ്ങള്‍ ചെയ്യുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു,’ ദീപേന്ദര്‍ തന്റെ കത്തില്‍ കുറിച്ചു.

ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എം.പിയുമായ രാഘവ് ഛദ്ദ കഴിഞ്ഞയാഴ്ച ഗിഗ് തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. 10 മിനിറ്റ് ഡെലിവറിയുമായി ബന്ധപ്പെട്ട് ഇത്തരം തൊഴിലാളികള്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ചായിരുന്നു ഛദ്ദ സംസാരിച്ചത്. ഗിഗ് തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും പ്രധാനമാണെന്നും ഛദ്ദ കൂട്ടിച്ചേര്‍ത്തു.

10 മിനിറ്റ് ഡെലിവറി എന്ന ആശയം തൊഴിലാളികളുടെ മാനസിക സ്‌ട്രെസ്സ് കൂട്ടുന്നതാണെന്നും അപകടകരമായ രീതിയില്‍ വണ്ടിയോടിക്കാനും റോഡിലെ മറ്റ് യാത്രക്കാരുടെ കാര്യം കൂടി അപകടത്തിലാക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം വാദിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയും ഗിഗ് തൊഴിലാളികളുടെ കാര്യത്തില്‍ പ്രതികരിച്ചിരുന്നു. തൊഴിലാളികളുടെ മാനസികമായ സ്‌ട്രെസ്സ് ഉയര്‍ത്തുന്നതാണ് ഇത്തരം 10 മിനിറ്റ് ഡെഡ്‌ലൈനെന്ന് മാണ്ഡവ്യ അഭിപ്രായപ്പെട്ടു.

അതേസമയം സൊമാറ്റോയും ബ്ലിങ്കിറ്റും നടത്തുന്ന എറ്റേണല്‍, ക്വിക്ക് ഡെലിവറി സേവനങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ന്നത് മൂലം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിറ്റുവരവില്‍ ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ 1.02 ബില്യണിന്റെ നെറ്റ് പ്രോഫിറ്റാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തില്‍ 651 മില്യണ്‍ രേഖപ്പെടുത്തിയ ഇടത്താണ് ഇത്തവണ ഇരട്ടിക്കടുത്ത് ലാഭം ഗുരുഗ്രാം ആസ്ഥാനമായുള്ള എറ്റേണല്‍ സ്വന്തമാക്കിയത്.

Content Highlight: Zomato CEO Deepinder  Goyal step down and Blinkit CEO takes charge

We use cookies to give you the best possible experience. Learn more