| Tuesday, 8th July 2025, 1:45 pm

ന്യൂയോര്‍ക്കില്‍ വന്നാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി; മുന്നറിയിപ്പ് നല്‍കി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്ക് നഗരത്തില്‍ വന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഡെമോക്രാറ്റിക് നേതാവും പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായ സൊഹ്റാന്‍ മംദാനി. ഗസയിലെ യുദ്ധക്കുറ്റത്തിന് നെതന്യാഹുവിന് എതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്.

അടുത്ത വര്‍ഷം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ നെതന്യാഹു വന്നാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് മംദാനി പറഞ്ഞത്. എന്നാല്‍ ഈ പ്രസ്താവനക്ക് പിന്നാലെ മംദാനിയെ വിമര്‍ശിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.

മംദാനി സോഷ്യലിസ്റ്റല്ലെന്നും ഒരു കമ്മ്യൂണിസ്റ്റാണെന്നുമാണ് ട്രംപ് പറയുന്നത്. ജൂത ജനതയെ കുറിച്ച് അദ്ദേഹം വളരെ മോശമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും യു.എസ്. പ്രസിഡന്റ് വിമര്‍ശിച്ചു.

മംദാനി ഇപ്പോള്‍ ഒരു ചെറിയ ഹണിമൂണിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ എല്ലം നടക്കുന്നത് വൈറ്റ് ഹൗസിലൂടെ ആണെന്നും മംദാനിക്ക് വൈറ്റ് ഹൗസില്‍ നിന്നുള്ള പണം ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

മംദാനി അതുകൊണ്ട് നന്നായി പെരുമാറുമെന്നും അല്ലെങ്കില്‍ അദ്ദേഹത്തിന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. നെതന്യാഹുവുമായി കഴിഞ്ഞ ദിവസം രാത്രി അത്താഴം കഴിച്ചതിന് ശേഷമായിരുന്നു ഈ വിമര്‍ശനം.

നെതനാഹ്യുവിനെ താന്‍ രക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു. അടുത്ത വര്‍ഷം ന്യൂയോര്‍ക്കില്‍ പോകുമോ എന്ന ചോദ്യത്തിന് ട്രംപിനൊപ്പം സന്ദര്‍ശനം നടത്തുമെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി.

നേരത്തെ മംദാനിയെ അറസ്റ്റ് ചെയ്ത് പൗരത്വം റദ്ദാക്കി തടങ്കലില്‍ പാര്‍പ്പിക്കുമെന്നും നാടുകടത്തുമെന്നും ഡൊണാള്‍ഡ് ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു. ട്രംപിന്റെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം മാത്രമല്ലെന്നും പ്രതികരണ ശേഷിയുള്ള ഏതൊരു ന്യൂയോര്‍ക്കുകാരനെതിരെയുമുള്ള ആക്രമണമാണെന്നുമായിരുന്നു മംദാനിയുടെ മറുപടി.

Content Highlight: Zohran Mamdani says Benjamin Netanyahu will be arrested if he comes to New York, Donald Trump warned Mamdani

We use cookies to give you the best possible experience. Learn more