| Friday, 27th June 2025, 8:56 am

ബി.ജെ.പിക്ക് പിന്നാലെ സൊഹ്‌റാൻ മംദാനിയെ പാക് അനുകൂലനാക്കി കോൺഗ്രസ് എം.പിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ബി.ജെ.പിക്ക് പിന്നാലെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി സാധ്യത കല്‍പ്പിക്കുന്ന സൊഹ്‌റാന്‍ മംദാനിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കോൺഗ്രസും. സൊഹ്‌റാൻ മംദാനി സംസാരിക്കുമ്പോൾ പാകിസ്ഥാന്റെ പി.ആർ അവധിയെടുക്കുന്നുവെന്ന വിവാദ പരാമർശവുമായി കോൺഗ്രസ് എം.പി അഭിഷേക് സിംഗ്വി.

ഇന്ത്യന്‍ വംശജനായ മംദാനിയുടെ പേര് ഒരു ഇന്ത്യക്കാരന്‍ എന്നതിലുപരി ഒരു പാകിസ്ഥാനിയായിട്ടാണ് തോന്നുന്നതെന്ന നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്റെ പരാമർശത്തിന് പിന്നാലെയാണ് അധിക്ഷേപവുമായി കോൺഗ്രസും രംഗത്തെത്തിയിരിക്കുന്നത്.

‘സൊഹ്‌റാൻ മംദാനി വായ തുറക്കുമ്പോൾ, പാകിസ്ഥാന്റെ പി.ആർ ടീം അവധിയെടുക്കുന്നു. ന്യൂയോർക്കിൽ നിന്ന് കെട്ടുകഥകൾ വിളിച്ചുപറയുന്ന അദ്ദേഹത്തെപ്പോലെയുള്ള സഖ്യകക്ഷികളുള്ള ശത്രുക്കളെ ഇന്ത്യയ്ക്ക് ആവശ്യമില്ല,’ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സിംഗ്വി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

മാംദാനിയുടെ ഹിന്ദു ഐഡന്റിറ്റിക്ക് എന്ത് സംഭവിച്ചുവെന്നും ഇപ്പോള്‍ അദ്ദേഹം ഹിന്ദുമതം തുടച്ചുനീക്കാന്‍ തയ്യാറെടുക്കുകയാണെന്നുമായിരുന്നു കങ്കണയുടെ ആരോപണങ്ങൾ. ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയാന്‍ തീരുമാനിച്ചതിനെതിരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ സംഘടിപ്പിച്ച സിഖ് സംഘടനയുടെ പരിപാടിയില്‍ സംസാരിക്കുന്ന സൊഹ്‌റാന്‍ മംദാനിയുടെ വീഡിയോ റീ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ പോസ്റ്റ്. വീഡിയോയില്‍ മംദാനി ബി.ജെ.പിയേയും വിമര്‍ശിച്ചിരുന്നു. ഇതാണ് കങ്കണയെ പ്രകോപിപ്പിച്ചത്.

‘അദ്ദേഹത്തിന്റെ അമ്മ മീര നായര്‍ മികച്ച ഫിലിം മേക്കര്‍മാരില്‍ ഒരാളാണ്, പദ്മശ്രീ ജേതാവാണ്. ഏറെ ആഘോഘിക്കപ്പെട്ട, സ്‌നേഹിക്കപ്പെട്ട അവര്‍ ഭാരതത്തില്‍ ജനിച്ച് ന്യൂയോര്‍ക്കില്‍ സെറ്റിലായി. അവര്‍ ഗുജറാത്തില്‍ വേരുകള്‍ ഉള്ള പ്രശസ്ത എഴുത്തുകാരനായ മെഹ്‌മൂദ് മംദാനിയെ വിവാഹം കഴിച്ചു. മകന് സൊഹ്‌റാന്‍ മംദാനിക്ക് എന്ന പേര് നല്‍കി. അദ്ദേഹം ഇന്ത്യക്കാരനിലുപരി പാകിസ്ഥാനിയെപ്പോലെ തോന്നിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഹിന്ദു ഐഡന്റിറ്റിക്ക്, ഹിന്ദു രക്തത്തിന് എന്ത് പറ്റിയെന്ന് അറിയില്ല. ഇപ്പോള്‍ അയാള്‍ ഹിന്ദുത്വത്തെ തുടച്ച് നീക്കാന്‍ ഒരുങ്ങുകയാണ്. വൗ… എല്ലായിടത്തും ഒരേ കഥകള്‍ തന്നെ,’ കങ്കണ എക്‌സില്‍ കുറിച്ചു.

കങ്കണയുടെയും അഭിഷേക് സിംഗ്വിയുടെയും പോസ്റ്റിന് പിന്നാലെ നിരവധി വിമർശങ്ങൾ ഉയർന്നിട്ടുണ്ട്. ‘കോൺഗ്രസിലെ സംഘി, ദി റിയൽ സംഘി’ തുടങ്ങിയ നിരവധി കമന്റുകൾ അഭിഷേക് സിംഗ്വിയുടെ പോസ്റ്റിന് താഴെ വരുന്നുണ്ട്.

33 വർഷത്തെ ഭരണത്തിന് ശേഷം മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ പ്രൈമറി തെരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുകയാണ്. പ്രൈമറി തെരഞ്ഞെടുപ്പിന്റെ 90 ശതമാനം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ മംദാനി 43.5 ശതമാനം വോട്ടുകൾ നേടിയിരുന്നു.

അതേസമയം ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് ഉള്‍പ്പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മംദാനി വിജയം ഉറപ്പിച്ചതോടെ അദ്ദേഹത്തിനെതിരെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നടക്കം വലിയ അധിക്ഷേപമാണ് ഉയരുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ മംദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.

Content Highlight: Zohran Mamdani’s pro-Pak tone brings Congress, BJP on same page

We use cookies to give you the best possible experience. Learn more