ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഓര്‍മിപ്പിച്ച് സൊഹ്റാന്‍ മംദാനി. ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന നിമിഷം വന്നെത്തിയെന്നും നമ്മള്‍ പഴയതില്‍ നിന്നും പുതിയതിലേക്ക് ചുവടുവയ്ക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുകയും, അടിച്ചമര്‍ത്തപ്പെട്ടുകിടന്ന ഒരു ജനതയുടെ ആത്മാവിനു ശബ്ദം ലഭിക്കുകയും ചെയ്യുന്നുവെന്ന് മംദാനി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം നെഹ്‌റുവിന്റെ വാക്കുകള്‍ ഓര്‍മിപ്പിച്ച് തന്റെ അനുയായികളോട് സംസാരിക്കുകയായിരുന്നു മംദാനി.
‘ആ നിമിഷം വന്നിരിക്കുന്നു, ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ആ നിമിഷം വന്നെത്തിയിരിക്കുന്നു. നമ്മള്‍ പഴയതില്‍ നിന്നും പുതിയതിലേക്ക് ചുവടുവയ്ക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുകയും, അടിച്ചമര്‍ത്തപ്പെട്ടുകിടന്ന ഒരു ജനതയുടെ ആത്മാവിനു ശബ്ദം ലഭിക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.
മുന്‍ ഗവര്‍ണറും ട്രംപ് പിന്തുണച്ച ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനി വിജയിച്ചത്. ന്യൂയോര്‍ക്കിലെ ആദ്യത്തെ മുസ്‌ലിം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് മംദാനി.
കഴിഞ്ഞ 100 വര്‍ഷത്തിനിടെ ന്യൂയോര്‍ക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജനുമായ സൊഹ്‌റാന്‍ മംദാനി.
അതേസമയം 1969ന് ശേഷം ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. 20 ലക്ഷത്തിന് മുകളില്‍വോട്ടുകളാണ് രേഖപ്പെടുത്തിയിരുന്നത്. യുവാക്കളുടെ പിന്തുണ മംദാനിയെ വിജയത്തിലേക്കും ട്രംപിനെ പരാജയത്തിലേക്കും നയിച്ചുവെന്നാണ് വിലയിരുത്തല്‍.