ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനും കമ്മ്യൂണിസ്റ്റുമായ സൊഹ്‌റാന്‍ മംദാനിക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ എറിക് ട്രംപ്. ന്യൂയോര്‍ക്കിന്റെ നിയുക്ത മേയര്‍ ഇന്ത്യന്‍ ജനതയെ വെറുക്കുന്നയാളാണെന്ന് അദ്ദേഹം പറഞ്ഞു.
ഫോക്‌സ് ന്യൂസിന്റെ ഷോണ്‍ ഹാനിറ്റിയുമായി സംസാരിക്കുന്നതിനിടെയായിരുന്നു എറിക്കിന്റെ വാക്കുകള്‍.
‘ന്യൂയോര്‍ക്കില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ദേശസാത്കരിക്കണമെന്ന് ആഗ്രഹിക്കുന്ന, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന, ജൂത ജനതയെ വെറുക്കുന്ന, ഇന്ത്യന്‍ ജനതയെ വെറുക്കുന്ന ഒരു സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റുകാരന്‍ ഉണ്ട്,’ എന്നായിരുന്നു എറികിന്റെ വാക്കുകള്‍.
ന്യൂയോര്‍ക്ക് നഗരത്തില്‍ ആരംഭിക്കാനിരുന്ന ആമസോണ്‍ കമ്പനിയുടെ ആസ്ഥാാനത്തെ എതിര്‍ത്ത ഡെമോക്രാറ്റ്‌സ് നേതാക്കളായ ഒകാസിയോ-കോര്‍ട്ടെസിനെയും മംദാനിയെയും എറിക് ട്രംപ് വിമര്‍ശിച്ചു.
ന്യൂയോര്‍ക്ക് നഗരത്തിലേക്ക് ഉയര്‍ന്ന ശമ്പളമുള്ള പതിനായിരക്കണക്കിന് ജോലികള്‍ളാണ് ഇതിലൂടെ വരാനിരുന്നത്. എന്നാല്‍, തെരുവുനായ്ക്കളെ ഓടിക്കുന്നതുപോലെ അവരെ ഓടിച്ചുവിട്ടെന്നും ട്രംപ് വിമര്‍ശനം ഉന്നയിച്ചു.
ന്യൂയോര്‍ക്കില്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടതിനെ നഗരത്തിന്റെ തകര്‍ച്ച എന്നാണ് എറിക് വിശേഷിപ്പിച്ചത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ നഗരമായിരുന്നും ന്യൂയോര്‍ക്ക്. എന്നാലിന്ന്, രാഷ്ട്രീയ കാരണങ്ങളാല്‍ തകര്‍ച്ചയിലാണെന്ന് എറിക് ട്രംപ് വിശദീകരിച്ചു.
ഈ മാസമാദ്യവും എറിക് മംദാനിക്കെതിരെ രംഗത്തെത്തിയിരുന്നു. ടേണിങ് പോയിന്റ് യു.എസ്.എ എന്ന പരിപാടിയില്‍ വെച്ച് ഭ്രാന്തന്‍ (Crazy)എന്നാണ് മംദാനിയെ അദ്ദേഹം അധിക്ഷേപിച്ചത്.
ന്യൂയോര്‍ക്കില്‍ ഒരു കമ്മ്യൂണിസ്റ്റ് വിജയിച്ചതോടെ മഹത്തായ ഒരു അമേരിക്കന്‍ നഗരം നശിക്കാന്‍ പോകുന്നു, ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും എറിക് പറഞ്ഞിരുന്നു. അതേസമയം, എറിക്കിന്റെ വിദ്വേഷ പരാമര്‍ശങ്ങളോട് മംദാനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ സൊഹ്‌റാന്‍ മംദാനി ജനുവരി ഒന്നിനാണ് അധികാരമേല്‍ക്കുക. ഒരു നൂറ്റാണ്ടിനിടയില്‍ ന്യൂയോര്‍ക്കില്‍ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ കൂടിയാണ് 34കാരനായ മംദാനി.
ആന്‍ഡ്രൂ ക്യൂമോ കര്‍ട്ടിസ് സ്ലീവ എന്നിവരെ പരാജയപ്പെടുത്തിയായിരുന്നു മംദാനിയുടെ വിജയം. ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്‌ലിം മേയറും ദക്ഷിണേഷ്യയില്‍ നിന്നുള്ള വ്യക്തിയുമാണ് മംദാനി.
Content Highlight: Zohran Mamdani is a communist who hates the Indian people: Trump’s son Eric